യോഹ. 20:24-31

യോഹ. 20:24-31 IRVMAL

എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല. പിന്നീട് മറ്റുള്ള ശിഷ്യന്മാർ അവനോട്: “ഞങ്ങൾ കർത്താവിനെ കണ്ടു” എന്നു പറഞ്ഞപ്പോൾ: “ഞാൻ അവന്‍റെ കൈകളിൽ ആണിപ്പഴുത് കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്‍റെ വിലാപ്പുറത്ത് കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല“ എന്നു അവൻ അവരോട് പറഞ്ഞു. എട്ട് ദിവസം കഴിഞ്ഞിട്ട് ശിഷ്യന്മാർ പിന്നെയും അകത്ത് കൂടിയിരിക്കുമ്പോൾ തോമസും ഉണ്ടായിരുന്നു. വാതിൽ അടച്ചിരിക്കെ യേശു വന്നു അവരുടെ നടുവിൽ നിന്നുകൊണ്ടു: “നിങ്ങൾക്ക് സമാധാനം” എന്നു പറഞ്ഞു. പിന്നെ തോമസിനോട്: നിന്‍റെ വിരൽ ഇങ്ങോട്ട് നീട്ടി എന്‍റെ കൈകളെ കാണുക; നിന്‍റെ കൈ നീട്ടി എന്‍റെ വിലാപ്പുറത്ത് ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്കഎന്നു പറഞ്ഞു. തോമസ് അവനോട്: “എന്‍റെ കർത്താവും എന്‍റെ ദൈവവും ആയുള്ളോവേ“ എന്നു ഉത്തരം പറഞ്ഞു. യേശു അവനോട്: നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർഎന്നു പറഞ്ഞു. ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്‍റെ ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തിൽ ചെയ്തു. എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ട് അവന്‍റെ നാമത്തിൽ നിങ്ങൾക്ക് ജീവൻ ഉണ്ടാകേണ്ടതിനും ഇതു എഴുതിയിരിക്കുന്നു.