യോഹ. 6:1-15

യോഹ. 6:1-15 IRVMAL

അനന്തരം യേശു തിബര്യാസ് കടൽ എന്നുകൂടി വിളിക്കപ്പെടുന്ന ഗലീലക്കടലിൻ്റെ അക്കരയ്ക്ക് പോയി. അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ട് ഒരു വലിയ പുരുഷാരം അവന്‍റെ പിന്നാലെ ചെന്നു. യേശു മലയിൽ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു. യെഹൂദന്മാരുടെ പെസഹാപ്പെരുന്നാൾ സമീപിച്ചിരുന്നു. യേശു വലിയൊരു പുരുഷാരം തന്‍റെ അടുക്കൽ വരുന്നത് കണ്ടിട്ട് ഫിലിപ്പൊസിനോട്: ഇവർക്ക് തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും എന്നു ചോദിച്ചു. ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചത്; താൻ എന്ത് ചെയ്‌വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു. ഫിലിപ്പൊസ് അവനോട്: “ഓരോരുത്തന് അല്പമല്പം ലഭിക്കേണ്ടതിന് ഇരുനൂറ് പണത്തിന് അപ്പം മതിയാകയില്ല“ എന്നു ഉത്തരം പറഞ്ഞു. ശിഷ്യന്മാരിൽ ഒരുവനും ശിമോൻ പത്രോസിന്‍റെ സഹോദരനുമായ അന്ത്രെയാസ് അവനോട്: “ഇവിടെ ഒരു ബാലകൻ ഉണ്ട്; അവന്‍റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടുമീനും ഉണ്ട്; എങ്കിലും ഇത്രപേർക്ക് അത് എന്തുള്ളു?“ എന്നു പറഞ്ഞു. ആളുകളെ ഇരുത്തുവിൻ എന്നു യേശു പറഞ്ഞു. ആ സ്ഥലത്ത് വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു. പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി ഇരുന്നവർക്ക് പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നെ മീനും വേണ്ടുന്നിടത്തോളം കൊടുത്തു. അവർക്ക് തൃപ്തിയായശേഷം അവൻ ശിഷ്യന്മാരോട്: ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ എന്നു പറഞ്ഞു. അഞ്ചു യവത്തപ്പത്തിൽ തിന്നു ശേഷിച്ച കഷണം അവർ ശേഖരിച്ചു പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു. അവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ട്: “ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം“ എന്നു പറഞ്ഞു. അവർ വന്നു തന്നെ ബലമായി പിടിച്ച് രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ട് പിന്നെയും തനിച്ചു മലമുകളിലേക്കു പോയി.

യോഹ. 6:1-15 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും