യോശുവ 23

23
യോശുവയുടെ വിടവാങ്ങൽ സന്ദേശം
1യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി യിസ്രായേലിനു സ്വസ്ഥത നല്കി, ഏറെക്കാലം കഴിഞ്ഞു. യോശുവയും വൃദ്ധനായി. 2യോശുവ യിസ്രായേൽ ജനത്തെയും അവരുടെ മൂപ്പന്മാരെയും പ്രധാനികളെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ച് അവരോട് പറഞ്ഞത്: “ഞാൻ വൃദ്ധനായിരിക്കുന്നു. 3നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നിമിത്തം ഈ സകലജനതകളോടും ചെയ്തതൊക്കെയും നിങ്ങൾ കണ്ടിരിക്കുന്നു; യഹോവ തന്നെയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തത്? 4യോർദ്ദാൻ മുതൽ പടിഞ്ഞാറ് മഹാസമുദ്രം വരെ കീഴടക്കാൻ ശേഷിച്ചിട്ടുള്ള ദേശവും ഞാൻ കീഴടക്കീട്ടുള്ള സകല ദേശവും നിങ്ങളുടെ ഗോത്രങ്ങൾക്ക് അവകാശമായി നറുക്കിട്ട് വിഭജിച്ചു തന്നിരിക്കുന്നു. 5നിങ്ങളുടെ ദൈവമായ യഹോവ തന്നെ അവരെ നിങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ച് നിങ്ങളുടെ ദൃഷ്ടിയിൽ നിന്ന് നീക്കിക്കളയും; യഹോവ നിങ്ങളോട് വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും.
6“ആകയാൽ മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതെല്ലാം പാലിച്ചു നടപ്പാനും അതിൽ നിന്ന് ഇടം വലം മാറാതിരിപ്പാനും ഉറപ്പും ധൈര്യവുമുള്ളവരായിരിപ്പീൻ. 7നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ഈ ജനതകളോട് നിങ്ങൾ ഇടകലരരുത്; അവരുടെ ദേവന്മാരുടെ നാമം ഉച്ചരിക്കയും അത് ചൊല്ലി സത്യംചെയ്കയും അരുത്; അവരെ സേവിക്കയും നമസ്കരിക്കയും അരുത്. 8നിങ്ങൾ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോട് പറ്റിച്ചേർന്നിരിപ്പിൻ. 9യഹോവ നിങ്ങളുടെ മുമ്പിൽനിന്ന് വലിപ്പവും ബലവുമുള്ള ജനതകളെ നീക്കിക്കളഞ്ഞു; ഒരു മനുഷ്യനും ഇന്നുവരെ നിങ്ങളുടെ മുമ്പിൽ നില്പാൻ കഴിഞ്ഞിട്ടില്ല. 10നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു വാഗ്ദാനം ചെയ്തതുപോലെ താൻതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തതുകൊണ്ട് നിങ്ങളിൽ ഒരുത്തൻ ആയിരം പേരെ ഓടിച്ചിരിക്കുന്നു. 11അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണമനസ്സോടെ സ്നേഹിക്കുവാൻ ശ്രദ്ധിച്ചുകൊൾക.
12അല്ലാതെ നിങ്ങൾ പിന്തിരിഞ്ഞ് നിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജനതകളോട് ചേർന്നു വിവാഹം ചെയ്കയും ഇടകലരുകയും ചെയ്താൽ 13നിങ്ങളുടെ ദൈവമായ യഹോവ ഈ ജനതകളെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ലെന്നും യഹോവ നിങ്ങൾക്ക് തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്ന് നിങ്ങൾ നശിച്ചുപോകുംവരെ അവർ നിങ്ങൾക്ക് കുടുക്കും കെണിയും മുതുകിൽ ചാട്ടയും കണ്ണിൽ മുള്ളും ആയിരിക്കുമെന്ന് അറിഞ്ഞുകൊൾവീൻ. 14ഇതാ, എനിക്ക് സകലഭൂവാസികളെയും പോലെ ലോകത്തോടു യാത്ര പറയുവാൻ സമയമായിരിക്കുന്നു; നിങ്ങളുടെ ദൈവമായ യഹോവ വാഗ്ദാനം ചെയ്തിട്ടുള്ള നന്മകളിൽ ഒന്നുപോലും ലഭിക്കാതെ പോയിട്ടില്ലെന്ന് നിങ്ങൾക്ക് പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധ്യമായിരിക്കുന്നു; ഒന്നിനും വീഴ്ചവരാതെ എല്ലാം നിറവേറിയിരിക്കുന്നു. 15നിങ്ങൾ യഹോവയുടെ കല്പനകൾ ലംഘിച്ചാൽ എല്ലാനന്മകളും നിങ്ങൾക്ക് ലഭിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്ന് നിങ്ങൾ നശിക്കും വരെ യഹോവ എല്ലാ തിന്മകളും നിങ്ങളുടെമേൽ വരുത്തും. 16നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമം നിങ്ങൾ ലംഘിക്കയും അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കയും ചെയ്താൽ യഹോവയുടെ കോപം നിങ്ങളുടെനേരെ ജ്വലിക്കും; അവൻ നിങ്ങൾക്ക് തന്നിട്ടുള്ള ഈ നല്ലദേശത്തുനിന്ന് നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യോശുവ 23: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക