4
യെരൂശലേം - പതനത്തിനു ശേഷം
1അയ്യോ, പൊന്ന് മങ്ങിപ്പോയി,
നിർമ്മല തങ്കം മാറിപ്പോയി,
വിശുദ്ധരത്നങ്ങൾ സകലവീഥികളുടെയും
തലയ്ക്കൽ ചിതറി കിടക്കുന്നു.
2തങ്കതുല്യരായിരുന്ന
സീയോൻ്റെ വിശിഷ്ടപുത്രന്മാരെ
കുശവന്‍റെ പണിയായ മൺപാത്രങ്ങളെപ്പോലെ
എണ്ണിയിരിക്കുന്നതെങ്ങനെ?
3കുറുനരികൾപോലും മുല കൊടുത്ത്
കുഞ്ഞുങ്ങളെ പോറ്റുന്നു;
എന്‍റെ ജനത്തിന്‍റെ പുത്രിയോ
മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായ് തീർന്നിരിക്കുന്നു.
4മുലകുടിക്കുന്ന കുഞ്ഞിന്‍റെ നാവ്
ദാഹംകൊണ്ട് അണ്ണാക്കോട് പറ്റിയിരിക്കുന്നു;
പൈതങ്ങൾ അപ്പം ചോദിക്കുന്നു;
ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.
5സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവർ
വീഥികളിൽ പട്ടിണികിടക്കുന്നു;
ധൂമ്രവസ്ത്രം ധരിച്ച് വളർന്നവർ
ചാരകൂമ്പാരങ്ങളെ ആലിംഗനം ചെയ്യുന്നു.
6സഹായമില്ലാതെ പെട്ടെന്ന് മറിഞ്ഞുപോയ
സൊദോമിന്‍റെ പാപത്തേക്കാൾ
എന്‍റെ ജനത്തിന്‍റെ പുത്രിയുടെ
അകൃത്യം വലുതാകുന്നു.
7സീയോൻ്റെ നായകന്മാര്‍#4:7 സീയോൻ്റെ നായകന്മാര്‍ അല്ലെങ്കില്‍ നാസീറുകള്‍. ഒരു നാസീര്‍ വീഞ്ഞ് കുടിക്കുകയോ ശവത്തെ തൊടുകയോ ചെയ്യുകയില്ല എന്നു ശപഥം ചെയ്തവനും തന്‍റെ മുടി കത്രിക്കാതെ നീട്ടി വളര്‍ത്താന്‍ പ്രതിജ്ഞയെടുത്തവനുമാണ്. #4:7 സീയോൻ്റെ നായകന്മാര്‍ നാസീറുകള്‍ ഹിമത്തേക്കാൾ നിർമ്മലന്മാരും
പാലിനെക്കാൾ വെളുത്തവരുമായിരുന്നു;
അവരുടെ ദേഹം പവിഴത്തെക്കാൾ ചുവപ്പുള്ളതും
അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.
8അവരുടെ മുഖം കരിക്കട്ടയെക്കാൾ കറുത്തിരിക്കുന്നു;
വീഥികളിൽ അവരെ കണ്ടിട്ട് ആരും അറിയുന്നില്ല;
അവരുടെ ത്വക്ക് അസ്ഥികളോട് പറ്റി ഉണങ്ങിയിരിക്കുന്നു
അത് ഉണങ്ങിയ മരംപോലെ ആയിത്തീർന്നിരിക്കുന്നു.
9വാൾകൊണ്ട് മരിക്കുന്നവർ
വിശപ്പുകൊണ്ട് മരിക്കുന്നവരിലും ഭാഗ്യവാന്മാർ;
നിലത്തിൽ ഫലമില്ലായ്കയാൽ
വിശപ്പിന്‍റെ പീഡയാൽ അവർ ക്ഷീണിച്ചുപോകുന്നു.
10കരുണയുള്ള സ്ത്രീകൾ തങ്ങളുടെ പൈതങ്ങളെ
സ്വന്ത കൈകൊണ്ട് പാകം ചെയ്തു,
എന്‍റെ ജനത്തിൻപുത്രിയുടെ നാശത്തിൽ
അവർ ആഹാരമായിരുന്നു.
11യഹോവ തന്‍റെ ക്രോധം നിവർത്തിച്ച്,
തന്‍റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു;
അവിടുന്ന് സീയോനിൽ തീ കത്തിച്ചു:
അത് അതിന്‍റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു.
12വൈരിയും ശത്രുവും യെരൂശലേമിന്‍റെ
വാതിലുകൾക്കകത്ത് കടക്കും എന്നു
ഭൂരാജാക്കന്മാരും ഭൂവാസികൾ
ആരും വിശ്വസിച്ചിരുന്നില്ല.
13അതിന്‍റെ നടുവിൽ
നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള
പ്രവാചകന്മാരുടെ പാപങ്ങളും
പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി,
14അവർ കുരുടന്മാരായി വീഥികളിൽ ഉഴന്ന്
രക്തം പുരണ്ട് നടക്കുന്നു;
അവരുടെ വസ്ത്രം
ആർക്കും തൊട്ടുകൂടാ.
15‘മാറുവിൻ! അശുദ്ധൻ!
മാറുവിൻ! മാറുവിൻ! തൊടരുത്!’ എന്നു അവരോട് വിളിച്ചുപറയും;
അവർ ഓടി അലയുമ്പോൾ:
‘അവർ ഇനി ഇവിടെ വന്ന് പാർക്കയില്ല’
എന്നു ജനതകളുടെ ഇടയിൽ പറയും.
16യഹോവയുടെ നോട്ടം അവരെ ചിതറിച്ചു;
അവൻ അവരെ കടാക്ഷിക്കയില്ല;
അവർ പുരോഹിതന്മാരെ ആദരിച്ചില്ല,
വൃദ്ധന്മാരോട് കൃപ കാണിച്ചതുമില്ല.
17സഹായത്തിന് വ്യർത്ഥമായി നോക്കി
ഞങ്ങളുടെ കണ്ണ് ഇപ്പോഴും മങ്ങുന്നു;
രക്ഷിപ്പാൻ കഴിയാത്ത ജനതക്കായി
ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു.
18ഞങ്ങളുടെ വീഥികളിൽ നടന്നുകൂടാതവണ്ണം
അവർ ഞങ്ങളുടെ കാലടികൾക്ക് പതിയിരിക്കുന്നു;
ഞങ്ങളുടെ അന്ത്യം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അന്ത്യം വന്നിരിക്കുന്നു.
19ഞങ്ങളെ പിന്തുടർന്നവർ
ആകാശത്തിലെ കഴുകനെക്കാൾ വേഗമുള്ളവർ;
അവർ മലകളിൽ ഞങ്ങളെ പിന്തുടർന്ന്,
മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു.
20ഞങ്ങളുടെ ജീവശ്വാസമായ, യഹോവയുടെ അഭിഷിക്തൻ
അവരുടെ കുഴികളിൽ അകപ്പെട്ടിരിക്കുന്നു;
“അവന്‍റെ നിഴലിൽ നാം ജനതകളുടെ മദ്ധ്യേ ജീവിക്കും”
എന്നു ഞങ്ങൾ വിചാരിച്ചിരുന്നു.
21ഊസ് ദേശത്ത് പാർക്കുന്ന ഏദോംപുത്രിയേ,
സന്തോഷിച്ച് ആനന്ദിക്ക;
പാനപാത്രം നിന്‍റെ അടുക്കലേക്കും വരും;
നീ ലഹരിപിടിച്ച് നിന്നെത്തന്നെ നഗ്നയാക്കും.
22സീയോൻപുത്രിയേ, നിന്‍റെ അകൃത്യം തീർന്നിരിക്കുന്നു;
ഇനി അവിടുന്ന് നിന്നെ പ്രവാസത്തിലേക്കു അയയ്ക്കുകയില്ല;
ഏദോംപുത്രിയേ, അവിടുന്ന് നിന്‍റെ അകൃത്യം സന്ദർശിക്കുകയും
നിന്‍റെ പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.