13
അനുതപിക്കുക, അല്ലെങ്കിൽ നശിച്ചുപോകും
1ചില ഗലീലക്കാർ യാഗം കഴിച്ച് കൊണ്ടിരുന്നപ്പോൾ പീലാത്തോസ് അവരെ കൊല്ലിച്ചതായും, അവരുടെ രക്തം അവരുടെ യാഗത്തിൽ കലർന്നതായും ഉള്ള വിവരം, ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ചിലർ യേശുവിനോടു അറിയിച്ചു. 2അതിന് അവൻ ഉത്തരം പറഞ്ഞത്: അവർ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നത് കൊണ്ടാണോ അവർക്ക് അങ്ങനെ സംഭവിച്ചത് എന്നു നിങ്ങൾക്ക് തോന്നുന്നുവോ? 3അല്ല, ഒരിക്കലും അല്ല, മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 4അതുപോലെ ശിലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ താമസിക്കുന്ന എല്ലാ മനുഷ്യരേക്കാളും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ? 5അല്ല, ഒരിയ്ക്കലും അല്ല, മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ഫലമില്ലാത്ത അത്തിവൃക്ഷം
6അവൻ ഒരു ഉപമ അവരോട് പറഞ്ഞു: ഒരാൾക്ക് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അയാൾ അതിൽ ഒരു അത്തിവൃക്ഷം നട്ടിരുന്നു; അവൻ അതിൽ ഫലമുണ്ടോ എന്നു അന്വേഷിച്ചു. എന്നാൽ ഒന്നും കണ്ടില്ല. 7അവൻ തോട്ടക്കാരനോട്: ഞാൻ ഇപ്പോൾ മൂന്നു വർഷമായി ഈ അത്തിയിൽ ഫലം അന്വേഷിക്കുന്നു. എന്നാൽ ഇതുവരെ കണ്ടില്ല; അത് നിലത്തെ നിഷ്ഫലമാക്കുന്നതിനാൽ അതിനെ വെട്ടിക്കളയുക എന്നു പറഞ്ഞു. 8അതിന് അവൻ: കർത്താവേ, ഒരു വർഷം കൂടെ നിൽക്കട്ടെ. ഞാൻ അതിന് ചുറ്റും കിളച്ച് വളം ഇടാം. 9അടുത്ത വർഷം അതിൽ ഫലം ഇല്ലെങ്കിൽ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു.
ശബ്ബത്തിൽ ഒരു സ്ത്രീയെ സുഖപ്പെടുത്തുന്നു
10ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു; 11അവിടെ പതിനെട്ട് വർഷമായി ഒരു രോഗാത്മാവു ബാധിച്ച്, കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾക്ക് ഒരിയ്ക്കലും നിവർന്നു നിൽക്കുവാൻ സാധിക്കുകയില്ലായിരുന്നു. 12യേശു അവളെ കണ്ടു അടുക്കെ വിളിച്ചു: “സ്ത്രീയേ, നിന്റെ രോഗത്തിൽ നിന്നും വിടുതൽ ലഭിച്ചിരിക്കുന്നു” എന്നു പറഞ്ഞു അവളുടെമേൽ കൈവച്ചു. 13അവൾ ഉടനെ നിവർന്നു ദൈവത്തെ മഹത്വപ്പെടുത്തി.
14യേശു ശബ്ബത്തിൽ സുഖപ്പെടുത്തിയത് കൊണ്ടു പള്ളിപ്രമാണി കോപിച്ചു. അയാൾ പുരുഷാരത്തോട്: ”വേലചെയ്വാൻ ആറുദിവസമുണ്ട്; അതിനകം വന്നു സൌഖ്യമാക്കിക്കൊള്ളുക; ശബ്ബത്തിൽ ഇതു സാധ്യമല്ല” എന്നു പറഞ്ഞു.
15കർത്താവ് അവനോട്: കപടഭക്തിക്കാരേ, നിങ്ങളിൽ ഒരാൾ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊഴുത്തിൽനിന്നു അഴിച്ച് കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? 16എന്നാൽ സാത്താൻ പതിനെട്ട് വർഷമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ച് വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു.
17അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ എതിരാളികൾ എല്ലാവരും നാണിച്ചു; അവൻ ചെയ്യുന്ന എല്ലാ മഹത്വകരമായ പ്രവർത്തികളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.
18പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഏതിനോട് സദൃശം? ഏതിനോട് അതിനെ ഉപമിക്കണം? 19ഒരു മനുഷ്യൻ തന്റെ തോട്ടത്തിൽ എറിഞ്ഞ കടുകുമണിയോട് അത് സദൃശം; അത് വളർന്ന് വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ താമസിച്ചു.
20പിന്നെയും അവൻ: ദൈവരാജ്യത്തെ ഏതിനോട് ഉപമിക്കണം? 21അത് പുളിച്ചമാവിനോട്#13:21 പുളിച്ച മാവു എന്നാൽ യീസ്റ്റ് തുല്യം; അത് ഒരു സ്ത്രീ എടുത്തു മൂന്നുപറ#13:21 ഏകദേശം 25 കിലോഗ്രാം മാവിൽ ചേർത്ത് എല്ലാം പുളിച്ചുവരുന്നതു വരെ വച്ചു എന്നു പറഞ്ഞു.
22അവൻ പട്ടണങ്ങളും ഗ്രാമങ്ങളും സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്രചെയ്തു. 23അപ്പോൾ ഒരാൾ അവനോട്: ”കർത്താവേ, കുറച്ച് പേർ മാത്രമേ രക്ഷപെടുകയുള്ളോ?” എന്നു ചോദിച്ചു.
24അതിന് അവനോട് പറഞ്ഞത്: ഇടുങ്ങിയ വാതിലിലൂടെ അകത്ത് പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ. പലരും പ്രവേശിക്കുവാൻ ശ്രമിക്കും. എന്നാൽ കഴിയുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 25വീട്ടുടയവൻ എഴുന്നേറ്റ് കതക് അടച്ചശേഷം നിങ്ങൾ പുറത്തുനിന്ന്: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ട് കതകിന് മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു ഞാൻ അറിയുന്നില്ല എന്നു അവൻ ഉത്തരം പറയും. 26അന്നേരം നിങ്ങൾ: നിന്റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കുകയും ഞങ്ങളുടെ തെരുവുകളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലോ എന്നു പറയും. 27അവനോ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു ഞാൻ അറിയുന്നില്ല; അനീതി പ്രവൃത്തിക്കുന്നവരെ, എന്നെവിട്ടു പോകുവിൻ എന്നു പറയും. 28അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നത് നിങ്ങൾ കാണും. എന്നാൽ നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞു എന്നു നിങ്ങൾ കാണുമ്പോൾ, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. 29കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ അത്താഴത്തിന് ഇരിക്കും. 30ചിലപ്പോൾ ആദ്യസ്ഥാനം ലഭിക്കുന്നതു അവസാനം വരുന്നവർക്കും ഒടുവിലത്തെ സ്ഥാനം ലഭിക്കുന്നതു ആദ്യം വന്നവർക്കും ആയിരിക്കും.
31ആ സമയത്തു തന്നെ ചില പരീശന്മാർ അടുത്തുവന്ന് യേശുവിനെ ഉപദേശിച്ചു: ”ഇവിടം വിട്ടു പൊയ്ക്കൊൾക; ഹെരോദാവ് നിന്നെ കൊല്ലുവാൻ ആഗ്രഹിക്കുന്നു” എന്നു അവനോട് പറഞ്ഞു.
32അവൻ അവരോട് പറഞ്ഞത്: നിങ്ങൾ പോയി ആ കുറുക്കനോട്: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി നൽകുകയുംചെയ്യും; എന്നാൽ മൂന്നാംദിവസം എന്റെ പ്രവൃത്തി ഞാൻ പൂർത്തീകരിക്കുകയും ചെയ്യും. 33എങ്കിലും ഇന്നും നാളെയും മറ്റെന്നാളും ഞാൻ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിനു പുറത്തുവച്ച് ഒരു പ്രവാചകൻ നശിച്ചുപോകാറില്ല എന്നു പറവിൻ. 34യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ എത്ര പ്രാവശ്യം ചേർക്കുവാൻ എനിക്ക് മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. 35നിങ്ങളുടെ ഭവനം ശൂന്യമായ്തീരും; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.