ലൂക്കൊ. 15:11-24

ലൂക്കൊ. 15:11-24 IRVMAL

പിന്നെയും അവൻ പറഞ്ഞത്: ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. അവരിൽ ഇളയവൻ അപ്പനോട്: അപ്പാ, വസ്തുവിൽ എനിക്കുള്ള പങ്ക് തരേണമേ എന്നു പറഞ്ഞു; അവൻ അവർക്ക് വസ്തു പകുത്തുകൊടുത്തു. അധികനാൾ കഴിയുന്നതിന് മുമ്പെ ഇളയമകൻ സകലവും ശേഖരിച്ചു ദൂരദേശത്തേക്ക് യാത്രയായി. അവിടെ തനിക്കു ഉള്ള പണം മുഴുവൻ ആവശ്യമില്ലാതെ ചെലവഴിച്ചു ജീവിച്ചു. എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോൾ ആ ദേശത്തു കഠിനക്ഷാമം ഉണ്ടായി. അവനു പണത്തിന് ആവശ്യം വന്നു തുടങ്ങി. അവൻ ആ ദേശത്തിലെ പൗരന്മാരിൽ ഒരാൾക്ക് വേണ്ടി ജോലി ചെയ്യാൻ പോയി. അവൻ അവനെ തന്‍റെ വയലിൽ പന്നികൾക്ക് തീറ്റ കൊടുക്കുന്ന ജോലി കൊടുത്തു. പന്നി തിന്നുന്ന വാളവര കൊണ്ടു വയറു നിറപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവനു കൊടുത്തില്ല. അപ്പോൾ സുബോധം വന്നിട്ട് അവൻ: എന്‍റെ അപ്പന്‍റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചുകഴിഞ്ഞിട്ടും അധികം വരുന്നു; എന്നാൽ ഞാനോ വിശപ്പുകൊണ്ട് നശിച്ചുപോകുന്നു. ഞാൻ എഴുന്നേറ്റ് അപ്പന്‍റെ അടുക്കൽ ചെന്നു അവനോട്: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്‍റെ “മകൻ” എന്ന പേരിന് ഞാൻ യോഗ്യനല്ല; നിന്‍റെ ജോലിക്കാരിൽ ഒരാളെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റ് അപ്പന്‍റെ അടുക്കൽ പോയി. ദൂരത്ത് നിന്നു തന്നെ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞ് ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു. മകൻ അവനോട്: അപ്പാ, ഞാൻ ദൈവത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്‍റെ മകൻ എന്നു വിളിക്കുവാൻ യോഗ്യനല്ല എന്നു പറഞ്ഞു. അപ്പൻ തന്‍റെ ദാസന്മാരോട്: നിങ്ങൾ വേഗം പോയി മേന്മയുള്ള വസ്ത്രങ്ങൾ കൊണ്ടുവന്നു ഇവനെ ധരിപ്പിക്കുക; ഇവന്‍റെ കയ്യിൽ മോതിരവും കാലിൽ ചെരിപ്പും ഇടുവിക്കുക. ഒരു തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുത്ത് അതിനെ പാകം ചെയ്യുക; നമുക്കു തിന്നു ആനന്ദിക്കാം. ഈ എന്‍റെ മകൻ മരിച്ചതുപോലെയായിരുന്നു; എന്നാൽ വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.