ലൂക്കൊ. 16

16
തന്ത്രശാലിയായ കാര്യവിചാരകൻ്റെ ഉപമ
1പിന്നെ അവൻ ശിഷ്യന്മാരോട് പറഞ്ഞത്: ധനവാനായൊരു മനുഷ്യന് ഒരു കാര്യവിചാരകൻ#16:1 വീട്ടുകാര്യങ്ങൾ നോക്കിനടത്തുന്ന ആൾ ഉണ്ടായിരുന്നു; അവൻ അവന്‍റെ വസ്തുവക അനാവശ്യമായി ചെലവാക്കുന്നു എന്നു ചിലർ അവനെ കുറ്റം പറഞ്ഞു. 2അവൻ അവനെ വിളിച്ചു: നിന്നെക്കുറിച്ച് ഈ കേൾക്കുന്നത് എന്താണ്? നീ നിന്‍റെ കാര്യവിചാരകത്തിൻ്റെ കണക്ക് ഏല്പിച്ചുതരിക; നീ ഇനി എന്‍റെ കാര്യവിചാരകൻ ആയിരിക്കണ്ട എന്നു പറഞ്ഞു.
3 അത് കേട്ടപ്പോൾ കാര്യവിചാരകൻ: ഞാൻ എന്ത് ചെയ്യും? യജമാനൻ എന്‍റെ ജോലിയിൽ നിന്നും എന്നെ നീക്കുവാൻ പോകുന്നു; കിളയ്ക്കുവാൻ ഉള്ള ശക്തി എനിക്കില്ല; മറ്റുള്ളവരോടു യാചിക്കുവാൻ ഞാൻ നാണിക്കുന്നു. 4എന്നെ കാര്യവിചാരത്തിൽനിന്ന് നീക്കിയാൽ, ആളുകൾ എന്നെ അവരുടെ വീടുകളിൽ സ്വീകരിക്കേണം. അതിനുവേണ്ടി എന്ത് ചെയ്യേണം എന്നു എനിക്ക് അറിയാം എന്നു ഉള്ളുകൊണ്ട് പറഞ്ഞു. 5പിന്നെ അവൻ യജമാനന്‍റെ കടക്കാരിൽ ഓരോരുത്തരെ വരുത്തി. ഒന്നാമത്തെ ആളിനോട് നീ യജമാനനോട് കടം വാങ്ങിയിട്ടുള്ളത് എന്താണ്? എന്നു ചോദിച്ചു.
6 നൂറു കുടം # 16:6 ഏകദേശം 3400 ലിറ്റർ എണ്ണ എണ്ണ എന്നു അവൻ പറഞ്ഞു.
കാര്യവിചാരകൻ അവനോട്: നിന്‍റെ കൈച്ചീട്ട് വാങ്ങി വേഗം അത് അമ്പത് എന്നു എഴുതുക എന്നു പറഞ്ഞു.
7 അതിന്‍റെശേഷം മറ്റൊരു ആളിനോട്: നീ എന്താണ് കടം വാങ്ങിയിരിക്കുന്നത് എന്നു ചോദിച്ചു.
നൂറു പറ # 16:7 ഏകദേശം 22000 ഉണങ്ങിയ ധാന്യം ഗോതമ്പു എന്നു അവൻ പറഞ്ഞു;
അവനോട്: നിന്‍റെ കൈച്ചീട്ട് വാങ്ങി എൺപത് എന്നു എഴുതുക എന്നു പറഞ്ഞു.
8 ഈ അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ട് യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചത്തിൻ്റെ മക്കളേക്കാൾ ഈ ലോകത്തിന്‍റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരാണ് 9അനീതിയുള്ള ധനംകൊണ്ട് നിങ്ങൾക്ക് സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു യേശു അവരോട് പറഞ്ഞു. അത് ഇല്ലാതെയാകുമ്പോൾ അവർ സ്വർഗ്ഗത്തിൽ നിങ്ങളെ സ്വീകരിക്കും.
10 ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായവൻ വലിയ കാര്യങ്ങളിലും വിശ്വസ്തൻ ആയിരിക്കും; ചെറിയ കാര്യങ്ങളിൽ നീതി കാണിക്കാത്തവർ വലിയ കാര്യങ്ങളിലും നീതി കാണിക്കാത്തവർ ആയിരിക്കും. 11അതുകൊണ്ട് നിങ്ങൾ, നീതി ഇല്ലാത്ത ഈ ലോകത്തിലെ ധനത്തിൽ വിശ്വസ്തരായില്ല എങ്കിൽ സത്യമായ ധനം നിങ്ങളെ ആരും ഏല്പിക്കുകയില്ല? 12നിങ്ങളെ ഏൽപ്പിച്ച മറ്റുള്ളവരുടെ കാര്യങ്ങളിൽ നിങ്ങൾ വിശ്വസ്തരായില്ല എങ്കിൽ നിങ്ങൾക്ക് സ്വന്തമായത് ആരും ഏൽപ്പിച്ചുതരികയില്ല.
13 രണ്ടു യജമാനന്മാരെ സേവിക്കുവാൻ ഒരു ദാസനും കഴിയുകയില്ല; അവൻ ഒരാളെ വെറുക്കുകയും മറ്റെ ആളിനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരാളോട് ആത്മാർത്ഥത കാണിക്കുകയും മറ്റെ ആളിനെ നിന്ദിക്കുകയും ചെയ്യും. നിങ്ങൾക്ക് ദൈവത്തെയും ധനത്തെയും സേവിക്കുവാൻ കഴിയുകയില്ല.
14ഇതൊക്കെയും അമിതമായി ധനം ആഗ്രഹിക്കുന്ന പരീശർ കേട്ടു അവനെ പരിഹസിച്ചു. 15യേശു അവരോട് പറഞ്ഞത്: നിങ്ങൾ മനുഷ്യരുടെ മുൻപിൽ സ്വയം നീതീകരിക്കുന്നവർ ആകുന്നു; എന്നാൽ ദൈവം നിങ്ങളുടെ ഹൃദയം അറിയുന്നു; നല്ലതെന്ന് മനുഷ്യർ ചിന്തിക്കുന്ന കാര്യങ്ങൾ ദൈവം വെറുക്കുന്നു
16 ന്യായപ്രമാണത്തിൻ്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ദൈവരാജ്യത്തിൽ കയറുവാൻ വേണ്ടി പരിശ്രമിക്കുന്നു. 17ന്യായപ്രമാണത്തിൽ ഒരു ചെറിയ അക്ഷരം മാറുന്നതിനേക്കൾ എളുപ്പം ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് ആയിരിക്കും. 18ഭാര്യയെ ഉപേക്ഷിച്ച് മറ്റാരെയെങ്കിലും വിവാഹം കഴിക്കുന്നവൻ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭർത്താവ് ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
ധനവാനും ലാസറും
19 ഒരിടത്ത് ധനവാനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും # 16:19 വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ ജീവിച്ചിരുന്നു. 20ലാസർ എന്നു പേരുള്ള ഒരു ദരിദ്രൻ ഉണ്ടായിരുന്നു. അവന്‍റെ ശരീരം മുഴുവൻ വ്രണങ്ങൾ#16:20 മുറിവ് നിറഞ്ഞിരുന്നു. അവൻ ധനവാന്‍റെ പടിപ്പുരയ്ക്കൽ ആയിരുന്നു കിടന്നിരുന്നത് 21ധനവാന്‍റെ മേശയിൽ നിന്നു വീഴുന്നത് തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്‍റെ വ്രണം നക്കും. 22ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്‍റെ മടിയിലേക്കു കൊണ്ടുപോയി. 23ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ കഷ്ടത അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്ത് നിന്നു അബ്രാഹാമിനെയും അവന്‍റെ മടിയിൽ ലാസറിനെയും കണ്ടു: 24അബ്രാഹാംപിതാവേ, എന്നോട് കനിവുണ്ടാകേണമേ; ലാസർ വിരലിൻ്റെ അറ്റം വെള്ളത്തിൽ മുക്കി എന്‍റെ നാവിനെ തണുപ്പിക്കേണ്ടതിന് അവനെ അയയ്ക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്ന് വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
25 അബ്രാഹാം: മകനേ, നിന്‍റെ ആയുസ്സിൽ നീ നന്മയും ലാസർ തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു. 26അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയൊരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ആഗ്രഹിക്കുന്നവർക്ക് സാധിക്കുകയില്ല; അവിടെനിന്ന് ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും സാധ്യമല്ല എന്നു പറഞ്ഞു.
27 അതിന് അവൻ: എന്നാൽ പിതാവേ, അവനെ എന്‍റെ പിതാവിന്‍റെ വീട്ടിൽ അയയ്ക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു; 28എനിക്ക് അഞ്ചു സഹോദരന്മാർ ഉണ്ട്; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോട് സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു.
29 അബ്രാഹാം അവനോട്: അവർക്ക് മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്ക് അവർ കേൾക്കട്ടെ എന്നു പറഞ്ഞു.
30 അതിന് അവൻ: അങ്ങനെ അല്ല, അബ്രാഹാംപിതാവേ, മരിച്ചവരിൽനിന്ന് ഒരുവൻ എഴുന്നേറ്റ് അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു.
31 അവൻ അവനോട്: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്ക് കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്നു ഒരുവൻ എഴുന്നേറ്റ് ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ലൂക്കൊ. 16: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക