9
യേശു പന്ത്രണ്ടു ശിഷ്യന്മാരെ അയയ്ക്കുന്നു
1അവൻ തന്റെ പന്ത്രണ്ടു ശിഷ്യരെയും അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളെ പുറത്താക്കുവാനും രോഗങ്ങൾ സുഖമാക്കുവാനും അവർക്ക് ശക്തിയും അധികാരവും കൊടുത്തു; 2ദൈവരാജ്യം പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും അവരെ അയച്ചു. അവരോട് ഇപ്രകാരം പറഞ്ഞു: 3നിങ്ങൾ യാത്ര ചെയ്യുമ്പോൾ വടിയും പണസഞ്ചിയും അപ്പവും പണവും ഒന്നും എടുക്കരുത്; രണ്ടു ഉടുപ്പും എടുക്കരുത്. 4നിങ്ങൾ ഏത് വീട്ടിൽ ചെന്നാലും അവിടം വിട്ടുപോകുന്നതുവരെ അവിടെ മാത്രം താമസിക്കുക. 5ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാൽ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിൽനിന്ന് പൊടി തട്ടിക്കളവിൻ. 6അവർ പുറപ്പെട്ടു എല്ലാ ഇടങ്ങളിലും സുവിശേഷം അറിയിച്ചും രോഗികളെ സുഖമാക്കിയുംകൊണ്ടു ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു.
7ഈ സംഭവിച്ചത് എല്ലാം ഇടപ്രഭുവായ ഹെരോദാവ് കേട്ടു. യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും, 8ഏലിയാവ് പ്രത്യക്ഷനായി എന്നു ചിലരും, പണ്ടത്തെ പ്രവാചകരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറയുന്നതുകൊണ്ട് ഹെരോദാവ് അസ്വസ്ഥനായി. 9”ഞാൻ യോഹന്നാന്റെ തലവെട്ടിക്കളഞ്ഞു; എന്നാൽ ഞാൻ ഇങ്ങനെ കേൾക്കുന്നത് ആരെ പറ്റി ആണ്?” എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു.
10അപ്പൊസ്തലന്മാർ തിരിച്ചുവന്നിട്ട് അവർ ചെയ്തതു ഒക്കെയും യേശുവിനോടു അറിയിച്ചു. യേശുവും ശിഷ്യരും ബേത്ത്സയിദ എന്ന പട്ടണത്തിലേക്ക് പോയി. 11എന്നാൽ അത് പുരുഷാരം അറിഞ്ഞ് അവനെ പിന്തുടർന്നു. അവൻ അവരെ സ്വീകരിച്ചു ദൈവരാജ്യത്തെക്കുറിച്ച് അവരോട് സംസാരിക്കുകയും രോഗശാന്തി വേണ്ടവരെ സൌഖ്യമാക്കുകയും ചെയ്തു.
12സന്ധ്യയായപ്പോൾ ശിഷ്യന്മാർ അടുത്തുവന്ന് അവനോട്: ”ഇവിടെ നാം മരുഭൂമിയിൽ ആകുന്നതുകൊണ്ട് പുരുഷാരം ചുറ്റുമുള്ള ഗ്രാമങ്ങളിൽ പോയി രാത്രി പാർക്കുവാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയയ്ക്കേണം” എന്നു പറഞ്ഞു.
13അവൻ അവരോട്: നിങ്ങൾ തന്നെ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുക എന്നു പറഞ്ഞതിന്: ”അഞ്ചപ്പവും രണ്ടുമീനും മാത്രമേ ഞങ്ങളുടെ കൈവശം ഉള്ളൂ; ഞങ്ങൾ പോയി ഈ എല്ലാവർക്കുംവേണ്ടി ഭക്ഷണം വാങ്ങണോ?” എന്നു അവർ ചോദിച്ചു. 14ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു.
പിന്നെ അവൻ തന്റെ ശിഷ്യന്മാരോട്: അവരെ അമ്പതുപേർ വീതം വരിയായി ഇരുത്തുവിൻ എന്നു പറഞ്ഞു. 15അവർ അങ്ങനെ എല്ലാവരെയും ഇരുത്തി. 16അവൻ ആ അഞ്ചു അപ്പവും രണ്ടുമീനും എടുത്തുകൊണ്ടു സ്വർഗ്ഗത്തേക്ക് നോക്കി, അവയെ അനുഗ്രഹിച്ചു, മുറിച്ച് പുരുഷാരത്തിന് വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു. 17എല്ലാവരും തിന്നു തൃപ്തരായി, അധികം വന്ന കഷണം പന്ത്രണ്ടു കൊട്ട ശേഖരിച്ചു.
18അവൻ തനിയെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോട്: പുരുഷാരം എന്നെ ആരെന്ന് പറയുന്നു? എന്നു ചോദിച്ചു.
19”യോഹന്നാൻ സ്നാപകൻ എന്നും, ചിലർ ഏലിയാവ് എന്നും, മറ്റുചിലർ പുരാതന പ്രവാചകന്മാരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു” എന്നു അവർ ഉത്തരം പറഞ്ഞു.
20യേശു അവരോട്: എന്നാൽ നിങ്ങൾ എന്നെ ആരെന്ന് പറയുന്നു? എന്നു ചോദിച്ചതിന്: ”ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ്” ഉത്തരം പറഞ്ഞു.
21 ഇതു ആരോടും പറയരുതെന്ന് അവൻ അവരോട് അമർച്ചയായിട്ട് കല്പിച്ചു. 22മനുഷ്യപുത്രൻ പലതും സഹിക്കുകയും, മൂപ്പന്മാർ മഹാപുരോഹിതർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാംദിവസം ഉയിർത്തെഴുന്നേല്ക്കുകയും വേണം എന്നു പറഞ്ഞു. 23പിന്നെ അവൻ എല്ലാവരോടും പറഞ്ഞത്: എന്നെ അനുഗമിക്കുവാൻ ഒരാൾ ആഗ്രഹിക്കുന്നു എങ്കിൽ അവൻ സ്വന്ത ആഗ്രഹങ്ങൾ ത്യജിച്ച് ഓരോ ദിവസവും തന്റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ. 24ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കാൻ ആഗ്രഹിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും. 25ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ട് തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവനു എന്ത് പ്രയോജനം? 26ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ച് നാണിച്ചാൽ അവനെക്കുറിച്ച് മനുഷ്യപുത്രൻ തൻ്റെയും പിതാവിൻ്റെയും വിശുദ്ധ ദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും. 27എന്നാൽ ദൈവരാജ്യം കാണുന്നത് വരെ മരിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ട് സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
28ഈ വാക്കുകൾ പറഞ്ഞിട്ട് ഏകദേശം എട്ട് ദിവസം കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ട് പ്രാർത്ഥിക്കുവാൻ മലയിൽ കയറിപ്പോയി. 29അവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പ് തിളങ്ങുന്ന വെള്ളയായും തീർന്നു. 30രണ്ടു പുരുഷന്മാർ അവനോട് സംസാരിച്ചു; മോശെയും ഏലിയാവും തന്നെ. 31അവർ തേജസ്സിൽ പ്രത്യക്ഷരായി യെരൂശലേമിൽവച്ചു സംഭവിപ്പാനുള്ള യേശുവിന്റെ മരണത്തെക്കുറിച്ചു സംസാരിച്ചു. 32പത്രൊസും കൂടെയുള്ളവരും ഉറങ്ങുകയായിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോട് കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു. 33അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു: ”ഗുരോ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്ന് നിനക്കും ഒന്ന് മോശെക്കും ഒന്ന് ഏലിയാവിനും” എന്നു താൻ പറയുന്നത് എന്താണ് എന്നു അറിയാതെ പറഞ്ഞു.
34ഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു. 35മേഘത്തിൽനിന്നു: ഇവൻ എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ; ഇവന് ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി. 36ശബ്ദം ഉണ്ടായ നേരത്ത് യേശുവിനെ തനിയേ കണ്ടു; അവർ കണ്ടത് ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു.
37പിറ്റെന്നാൾ അവർ മലയിൽനിന്നു ഇറങ്ങി വന്നപ്പോൾ ബഹുപുരുഷാരം അവനെ എതിരേറ്റു. 38ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ നിലവിളിച്ചു: ”ഗുരോ, എന്റെ മകനെ ഒന്ന് നോക്കേണമേ; അവൻ എനിക്ക് ഏകമകൻ ആകുന്നു. 39ഒരു ദുരാത്മാവ് അവനെ ബാധിക്കുന്നു. അവൻ പെട്ടെന്ന് നിലവിളിക്കുന്നു; പിന്നെ അത് അവനെ ഞെരിക്കുകയും അവന്റെ വായിൽനിന്നും നുരയും പതയും ഉണ്ടാകുകയും ചെയ്യുന്നു, പിന്നെ വിട്ടുമാറുന്നു. 40അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോട് അപേക്ഷിച്ചു എങ്കിലും അവർക്ക് കഴിഞ്ഞില്ല” എന്നു പറഞ്ഞു.
41അതിന് യേശു: അവിശ്വാസവും കുറവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു;
42അവൻ വരുമ്പോൾ തന്നെ ഭൂതം അവനെ തള്ളിയിടുകയും വിറപ്പിക്കുകയും ചെയ്തു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൗഖ്യമാക്കി അപ്പനെ ഏല്പിച്ചു. 43എല്ലാവരും ദൈവത്തിന്റെ മഹത്വകരമായ ശക്തിയിൽ വിസ്മയിച്ചു.
യേശു ചെയ്യുന്നതിൽ ഒക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോട്: 44നിങ്ങൾ ഈ വാക്ക് ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു എന്നു പറഞ്ഞു. 45ആ വാക്ക് അവർക്ക് മനസ്സിലായില്ല; അത് മനസ്സിലാകാൻ സാധിക്കാത്തവിധം അതിന്റെ അർത്ഥം അവർക്ക് മറഞ്ഞിരുന്നു; ആ പറഞ്ഞത് എന്താണ് എന്നു ചോദിപ്പാൻ അവർ ഭയന്നു.
46അവരിൽ ആരാണ് വലിയവൻ എന്നു ഒരു വാദം അവരുടെ ഇടയിൽ നടന്നു. 47യേശു അവരുടെ ഹൃദയത്തിലെ വിചാരം മനസ്സിലാക്കി ഒരു ശിശുവിനെ എടുത്തു അരികെ നിർത്തി: 48ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും സ്വീകരിച്ചാൽ എന്നെയും സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവനോ എന്നെ അയച്ചവനെ സ്വീകരിക്കുന്നു; നിങ്ങളിൽ ചെറിയവൻ ആരാണോ അവനാണ് ഏറ്റവും വലിയവൻ ആകുന്നത് എന്നു അവരോട് പറഞ്ഞു.
49”നാഥാ, ഒരാൾ അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ തടഞ്ഞു” എന്നു യോഹന്നാൻ പറഞ്ഞു.
50അതിന് യേശു അവനോട്: തടയരുത്; നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങൾക്ക് അനുകൂലമല്ലോ എന്നു പറഞ്ഞു.
51യേശുവിനു സ്വർഗ്ഗത്തിലേക്ക് പോകുവാൻ ഉള്ള സമയമായപ്പോൾ അവൻ യെരൂശലേമിലേക്കു യാത്രയാകുവാൻ തീരുമാനിച്ചു, 52തനിക്കുമുമ്പായി ദൂതന്മാരെ അയച്ചു. അവർ പോയി അവനായി ഒരുക്കങ്ങൾ ചെയ്യാനായി ശമര്യക്കാരുടെ ഒരു ഗ്രാമത്തിൽ ചെന്നു. 53എന്നാൽ അവൻ യെരൂശലേമിലേക്കു പോകുവാൻ തീരുമാനിച്ചിരുന്നതിനാൽ അവർ അവനെ സ്വീകരിച്ചില്ല. 54അത് അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ട്: ”കർത്താവേ, ഏലിയാവ് ചെയ്തതുപോലെ ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നത് നിനക്കു സമ്മതമോ?” എന്നു ചോദിച്ചു.
55അവൻ തിരിഞ്ഞു അവരെ ശാസിച്ചു. “നിങ്ങൾ ഏത് ആത്മാവിന് അധീനർ എന്നു നിങ്ങൾ അറിയുന്നില്ല; 56മനുഷ്യപുത്രൻ മനുഷ്യരുടെ ജീവനെ നശിപ്പിപ്പാനല്ല രക്ഷിയ്ക്കുവാനത്രേ വന്നത്” എന്നു പറഞ്ഞു. അവർ വേറൊരു ഗ്രാമത്തിലേക്ക് പോയി.
57അവർ പോകുമ്പോൾ ഒരുവൻ യേശുവിനോട്: ”നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം” എന്നു പറഞ്ഞു.
58യേശു അവനോട്: കുറുനരികൾക്ക് താമസിക്കുവാനായി കുഴിയും ആകാശത്തിലെ പക്ഷികൾക്ക് താമസിക്കുവാനായി കൂടും ഉണ്ട്; എന്നാൽ മനുഷ്യപുത്രനോ തലചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞു.
59വേറൊരുവനോട്: എന്നെ അനുഗമിക്ക എന്നു പറഞ്ഞപ്പോൾ അവൻ: ”ഞാൻ മുമ്പെ പോയി എന്റെ അപ്പനെ അടക്കുവാൻ അനുവാദം തരേണം” എന്നു പറഞ്ഞു.
60യേശു അവനോട്: മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക എന്നു പറഞ്ഞു.
61മറ്റൊരുവൻ: ”കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; ആദ്യം എന്റെ വീട്ടിലുള്ളവരോട് യാത്ര പറവാൻ അനുവാദം തരേണം” എന്നു പറഞ്ഞു.
62യേശു അവനോട്: കലപ്പയ്ക്ക്#9:62 നിലം ഉഴുന്നതിനുള്ള ഉപകരണം കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന് കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.