മർക്കൊ. 14:27-42

മർക്കൊ. 14:27-42 IRVMAL

യേശു അവരോട്: “എന്‍റെ നിമിത്തം നിങ്ങൾ എല്ലാവരും ഇടറിപ്പോകും; ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്ക് മുമ്പെ ഗലീലയ്ക്കു പോകും” എന്നു പറഞ്ഞു. പത്രൊസ് അവനോട്: “എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല” എന്നു പറഞ്ഞു. യേശു അവനോട്: “ഇന്ന്, ഈ രാത്രിയിൽ തന്നെ, കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോട് പറയുന്നു” എന്നു പറഞ്ഞു. എന്നാൽ പത്രൊസ്: “നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല” എന്നു അധികമായി പറഞ്ഞു; അങ്ങനെ തന്നെ എല്ലാവരും പറഞ്ഞു. അവർ ഗെത്ത്ശമന എന്നു പേരുള്ള സ്ഥലത്തുവന്നപ്പോൾ അവൻ ശിഷ്യന്മാരോട്: “ഞാൻ പ്രാർത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിൻ” എന്നു പറഞ്ഞു. പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിക്കുവാനും വ്യാകുലപ്പെടുവാനും തുടങ്ങി: “എന്‍റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ” എന്നു അവരോടു പറഞ്ഞു. പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തുവീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു: “അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്‍റെ ഹിതമല്ല അങ്ങേയുടെ ഹിതം തന്നെ” ആകട്ടെ എന്നു പറഞ്ഞു. പിന്നെ അവൻ വന്നു അവർ ഉറങ്ങുന്നത് കണ്ടു പത്രൊസിനോട്: “ശിമോനേ, നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ? പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ” എന്നു പറഞ്ഞു. അവൻ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാർത്ഥിച്ചു. മടങ്ങിവന്നപ്പോൾ അവരുടെ കണ്ണുകൾക്ക് ഭാരമേറിയിരുന്നതുകൊണ്ടു അവർ ഉറങ്ങുന്നതു കണ്ടു; അവർ അവനോട് എന്ത് ഉത്തരം പറയേണം എന്നു അറിഞ്ഞില്ല. അവൻ മൂന്നാമതു വന്നു അവരോട്: “ഇപ്പോഴും നിങ്ങൾ ഉറങ്ങി വിശ്രമിക്കുകയാണോ? മതി, ആ നാഴിക വന്നു; ഇതാ, മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു. എഴുന്നേല്പിൻ; നാം പോക; ഇതാ, എന്നെ ഒറ്റികൊടുക്കുന്നവൻ അടുത്തിരിക്കുന്നു” എന്നു പറഞ്ഞു.