മർക്കൊ. 5:21-43

മർക്കൊ. 5:21-43 IRVMAL

യേശു വീണ്ടും പടകിൽ കയറി ഇക്കരെ കടന്നു കടലരികെ നിൽക്കുമ്പോൾ വലിയ പുരുഷാരം അവന്‍റെ അടുക്കൽ വന്നുകൂടി. പള്ളി പ്രമാണികളിൽ യായിറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്നു, യേശുവിനെ കണ്ടു കാല്ക്കൽ വീണു: എന്‍റെ കുഞ്ഞുമകൾ അത്യാസന്നമായി ഇരിക്കുന്നു; അവൾ രക്ഷപെട്ടു ജീവിക്കേണ്ടതിന് നീ വന്നു അവളുടെമേൽ കൈ വയ്ക്കേണമേ എന്നു വളരെ അപേക്ഷിച്ചു. അവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു. പന്ത്രണ്ടു വർഷമായിട്ട് രക്തസ്രവമുള്ള ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. അവൾ പല വൈദ്യന്മാരാലുള്ള ചികിത്സകൊണ്ട് വളരെയധികം സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നിരുന്നു. അവൾ യേശുവിനെകുറിച്ചുള്ള വർത്തമാനം കേട്ടു: “അവന്‍റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ സുഖപ്പെടും” എന്നു പറഞ്ഞു; അവൻ പുരുഷാരത്തിൽകൂടി നടക്കുമ്പോൾ അവന്‍റെ പുറകിൽ വന്നു അവന്‍റെ വസ്ത്രം തൊട്ടു. ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ തന്‍റെ ശരീരത്തിൽ അറിഞ്ഞു. ഉടനെ യേശു തന്നിൽനിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളിൽ അറിഞ്ഞിട്ട് പുരുഷാരത്തിൽ തിരിഞ്ഞു: “എന്‍റെ വസ്ത്രം തൊട്ടത് ആർ” എന്നു ചോദിച്ചു. ശിഷ്യന്മാർ അവനോട്: പുരുഷാരം നിന്നെ ചുറ്റും തിക്കുന്നത് കണ്ടിട്ടും “എന്നെ തൊട്ടത് ആർ” എന്നു നീ ചോദിക്കുന്നുവോ? എന്നു പറഞ്ഞു. അവനോ അത് ചെയ്തത് ആരാണെന്ന് കാണ്മാൻ ചുറ്റും നോക്കി. സ്ത്രീ തനിക്കു സംഭവിച്ചത് അറിഞ്ഞിട്ട് ഭയപ്പെട്ടും വിറച്ചുംകൊണ്ടു വന്നു അവന്‍റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോട് പറഞ്ഞു. അവൻ അവളോട്: “മകളേ, നിന്‍റെ വിശ്വാസം നിന്നെ സുഖമാക്കിയിരിക്കുന്നു; സമാധാനത്തോടെ പോക, ബാധ ഒഴിഞ്ഞു ആരോഗ്യത്തോടിരിക്ക” എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ പള്ളിപ്രമാണിയുടെ വീട്ടിൽനിന്നു ആൾ വന്നു: “നിന്‍റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നത് എന്തിന്?” എന്നു പറഞ്ഞു. യേശു ആ വാക്ക് കേട്ടു പള്ളിപ്രമാണിയോട്: “ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക” എന്നു പറഞ്ഞു. പത്രൊസും യാക്കോബും യാക്കോബിന്‍റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ അവൻ സമ്മതിച്ചില്ല. അവർ പള്ളിപ്രമാണിയുടെ വീട്ടിൽ വന്നപ്പോൾ, ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും യേശു കണ്ടു; അകത്തു കടന്നു: “നിങ്ങളുടെ ആരവാരവും കരച്ചിലും എന്തിന്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയത്രേ” എന്നു അവരോട് പറഞ്ഞു; അവരോ അവനെ പരിഹസിച്ചു. അവൻ അവരെല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ട് കുട്ടി കിടക്കുന്ന ഇടത്തുചെന്ന് കുട്ടിയുടെ കൈയ്ക്കു പിടിച്ചു: “ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു” എന്ന അർത്ഥത്തോടെ “തലീഥാ കൂമി” എന്നു അവളോടു പറഞ്ഞു. ബാല ഉടനെ എഴുന്നേറ്റു നടന്നു; അവൾക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു. “ഇതു ആരും അറിയരുത്” എന്നു അവൻ അവരോട് കർശനമായി കല്പിച്ചു. “അവൾക്കു ഭക്ഷിക്കുവാൻ കൊടുക്കേണം” എന്നും പറഞ്ഞു.