9
യിസ്രായേൽമക്കൾ പാപം ഏറ്റുപറയുന്നു
1എന്നാൽ ഈ മാസം ഇരുപത്തിനാലാം തീയതി യിസ്രായേൽ മക്കൾ ഉപവസിച്ച്, രട്ടുടുത്തും ദേഹത്ത് പൂഴി വാരിയിട്ടും#9:1 ദേഹത്ത് പൂഴി വാരിയിട്ടും തലയിൽ പൂഴി വാരിയിട്ടും കൊണ്ട് ഒന്നിച്ചുകൂടി. 2യിസ്രായേൽപരമ്പരയിലുള്ളവർ സകല അന്യജാതിക്കാരിൽ നിന്നും വേർതിരിഞ്ഞുനിന്ന് തങ്ങളുടെ പാപങ്ങളും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളും ഏറ്റുപറഞ്ഞു. 3പിന്നെ അവർ തങ്ങളുടെ സ്ഥാനങ്ങളിൽ തന്നെ എഴുന്നേറ്റ് നിന്നു. അന്ന് ഒരു യാമത്തോളം ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ച് കേൾക്കുകയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കുകയും ചെയ്തു. 4ലേവ്യരിൽ യേശുവ, ബാനി, കദ്മീയേൽ, ശെബന്യാവ്, ബുന്നി, ശേരെബ്യാവ്, ബാനി, കെനാനി എന്നിവർ ലേവ്യർക്ക് നിൽക്കുവാനുള്ള പടികളിൽ നിന്നുകൊണ്ട് തങ്ങളുടെ ദൈവമായ യഹോവയോട് ഉറക്കെ നിലവിളിച്ചു. 5പിന്നെ യേശുവ, കദ്മീയേൽ, ബാനി, ഹശബ്ന്യാവ്, ശേരെബ്യാവ്, ഹോദീയാവ്, ശെബന്യാവ്, പെഥഹ്യാവ്, എന്നീ ലേവ്യർ പറഞ്ഞതെന്തെന്നാൽ:
“നിങ്ങൾ എഴുന്നേറ്റ് നിങ്ങളുടെ ദൈവമായ യഹോവയെ എന്നെന്നേക്കും വാഴ്ത്തുവിൻ. സകല പ്രശംസയ്ക്കും സ്തുതിക്കും മീതെ ഉയർന്നിരിക്കുന്ന അങ്ങേയുടെ മഹത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ. 6അങ്ങ്, അങ്ങ് മാത്രമാണ് യഹോവ; അങ്ങ് ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; അങ്ങ് അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം അങ്ങയെ നമസ്കരിക്കുന്നു.
7“അബ്രാമിനെ തിരഞ്ഞെടുത്ത് അവനെ കൽദയപട്ടണമായ ഊരിൽനിന്ന് കൊണ്ടുവന്ന് അവന് അബ്രാഹാം എന്ന് പേരിട്ട ദൈവമായ യഹോവ അങ്ങ് തന്നെ. 8അങ്ങ് അവന്റെ ഹൃദയം അങ്ങേയുടെ മുമ്പാകെ വിശ്വസ്തമായി കണ്ടു. കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, യെബൂസ്യർ, ഗിർഗ്ഗശ്യർ എന്നിവരുടെ ദേശം കൊടുക്കും, അവന്റെ സന്തതിക്ക് തന്നെ കൊടുക്കും എന്ന് അങ്ങ് അവനോട് ഒരു നിയമം ചെയ്തു. അങ്ങ് നീതിമാനായിരിക്കയാൽ അങ്ങേയുടെ വചനങ്ങൾ നിവർത്തിച്ചുമിരിക്കുന്നു.
9“മിസ്രയീമിൽ ഞങ്ങളുടെ പൂര്വ്വ പിതാക്കന്മാരുടെ പീഡയെ അങ്ങ് കാണുകയും ചെങ്കടലിന്റെ അരികെ നിന്നുള്ള അവരുടെ നിലവിളിയെ കേൾക്കുകയും 10ഫറവോനിലും അവന്റെ സകലദാസന്മാരിലും അവന്റെ ദേശത്തെ സകല ജനങ്ങളിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കയും ചെയ്തു. അവർ അവരോട് അഹങ്കാരം പ്രവർത്തിച്ചത് അങ്ങ് അറിഞ്ഞിരുന്നുവല്ലോ; അങ്ങനെ ഇന്നും നിലനിൽക്കുന്നതുപോലെ അങ്ങ് അങ്ങേയ്ക്കായി ഒരു നാമം സമ്പാദിച്ചിരിക്കുന്നു. 11അങ്ങ് കടലിനെ അവരുടെ മുമ്പിൽ വിഭാഗിച്ച്, കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി അവരെ കടക്കുമാറാക്കി; അവരെ പിന്തുടർന്നവരെ അങ്ങ് പെരുവെള്ളത്തിൽ ഒരു കല്ലുപോലെ ആഴത്തിൽ എറിഞ്ഞുകളഞ്ഞു. 12അങ്ങ് പകൽ മേഘസ്തംഭം കൊണ്ടും രാത്രി അവർ പോകുന്ന വഴിക്ക് വെളിച്ചംകൊടുക്കുവാൻ അഗ്നിസ്തംഭംകൊണ്ടും അവരെ വഴിനടത്തി.
13“അങ്ങ് സീനായിമലമേൽ ഇറങ്ങി, ആകാശത്തുനിന്നു അവരോട് സംസാരിച്ച് അവർക്ക് ന്യായമായുള്ള വിധികളും സത്യമായുള്ള ന്യായപ്രമാണങ്ങളും നല്ല ചട്ടങ്ങളും കല്പനകളും നൽകി. 14അങ്ങേയുടെ വിശുദ്ധശബ്ബത്ത് അങ്ങ് അവരെ അറിയിച്ച്, അങ്ങേയുടെ ദാസനായ മോശെമുഖാന്തരം അവർക്ക് കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചുകൊടുത്തു.
15“അവരുടെ വിശപ്പിന് അങ്ങ് അവർക്ക് ആകാശത്തുനിന്നു അപ്പം കൊടുത്തു; അവരുടെ ദാഹത്തിന് അങ്ങ് അവർക്ക് പാറയിൽനിന്ന് വെള്ളം പുറപ്പെടുവിച്ചു. അങ്ങ് അവർക്ക് കൊടുക്കുമെന്ന് സത്യംചെയ്ത ദേശം കൈവശമാക്കുവാനും അവരോട് കല്പിച്ചു.
16“എങ്കിലും അവരും ഞങ്ങളുടെ പൂര്വ്വ പിതാക്കന്മാരും അഹങ്കരിച്ച് ദുശ്ശാഠ്യം കാണിച്ച്, അങ്ങേയുടെ കല്പനകളെ കേൾക്കാതിരുന്നു. 17അനുസരിക്കുവാൻ അവർ കൂട്ടാക്കിയില്ല; അങ്ങ് അവരിൽ ചെയ്ത അത്ഭുതങ്ങൾ അവർ ഓർക്കാതെ ദുശ്ശാഠ്യം കാണിച്ച് തങ്ങളുടെ അടിമത്തത്തിലേക്ക് മടങ്ങിപ്പോകുവാൻ വേണ്ടി മത്സരിച്ച് ഒരു തലവനെ നിയമിച്ചു. അങ്ങോ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ള ദൈവം ആകയാൽ അവരെ ഉപേക്ഷിച്ചുകളഞ്ഞില്ല. 18അവർ തങ്ങൾക്ക് ഒരു കാളക്കിടാവിനെ വാർത്തുണ്ടാക്കി; ‘ഇത് നിന്നെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന നിന്റെ ദൈവം’ എന്നു പറഞ്ഞ് വലിയ ക്രോധം ജനിപ്പിച്ചു.
19“എങ്കിലും അങ്ങേയുടെ മഹാകരുണ നിമിത്തം അങ്ങ് അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല. പകൽ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രി അവർക്ക് വെളിച്ചം കൊടുത്ത് വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല. 20അവരെ ഉപദേശിക്കേണ്ടതിന് അങ്ങേയുടെ നല്ല ആത്മാവിനെ അങ്ങ് കൊടുത്തു. അവരുടെ വിശപ്പിന് മന്നയും അവരുടെ ദാഹത്തിന് വെള്ളവും കൊടുത്തു. 21ഇങ്ങനെ അങ്ങ് അവരെ നാല്പത് വര്ഷം മരുഭൂമിയിൽ പരിപാലിച്ചു. അവർക്ക് ഒന്നിനും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല, അവരുടെ കാൽ വീങ്ങിയതുമില്ല.
22“അങ്ങ് അവർക്ക് രാജ്യങ്ങളെയും ജാതികളെയും അതിർതിരിച്ച് വിഭാഗിച്ചു കൊടുത്തു. അവർ ഹെശ്ബോൻ രാജാവായ സീഹോന്റെ ദേശവും ബാശാൻരാജാവായ ഓഗിന്റെ ദേശവും കൈവശമാക്കി. 23അങ്ങ് അവരുടെ മക്കളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു; കൈവശമാക്കുവാൻ അവരുടെ പൂര്വ്വ പിതാക്കന്മാരോട് അങ്ങ് അരുളിച്ചെയ്തിരുന്ന ദേശത്തക്ക് അവരെ കൊണ്ടുവന്നു.
24“അങ്ങനെ അവരുടെ മക്കൾ ചെന്നു ദേശത്തെ കൈവശമാക്കി; ദേശനിവാസികളായ കനാന്യരെ അങ്ങ് കീഴ്പെടുത്തി, അവരെയും അവരുടെ രാജാക്കന്മാരെയും ദേശത്തെ ജാതികളെയും തങ്ങൾക്ക് ബോധിച്ചതുപോലെ ചെയ്യുവാൻ അവരുടെ കയ്യിൽ ഏല്പിച്ചുകൊടുത്തു. 25അവർ ഉറപ്പുള്ള പട്ടണങ്ങളും ഫലപുഷ്ടിയുള്ള ദേശവും പിടിച്ചു; എല്ലാ നല്ലവസ്തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫലവൃക്ഷങ്ങളും കൈവശമാക്കി. അവർ തിന്ന് തൃപ്തിപ്പെട്ട് പുഷ്ടിയുള്ളവരായി അങ്ങേയുടെ വലിയ നന്മയിൽ സന്തോഷിച്ചു.
26“എന്നിട്ടും അവർ അനുസരണക്കേട് കാണിച്ച് അങ്ങേയോട് മത്സരിച്ച് അങ്ങേയുടെ ന്യായപ്രമാണം തങ്ങളുടെ പുറകിൽ എറിഞ്ഞുകളഞ്ഞു. അവരെ അങ്ങയിലേയ്ക്ക് തിരിക്കുവാൻ അവരോട് സാക്ഷ്യംപറഞ്ഞ അങ്ങേയുടെ പ്രവാചകന്മാരെ അവർ കൊന്ന് വലിയ ക്രോധകാരണങ്ങൾ ഉണ്ടാക്കി. 27ആകയാൽ അങ്ങ് അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചു. അവർ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്ത് അവർ അങ്ങേയോട് നിലവിളിച്ചപ്പോൾ അങ്ങ് സ്വർഗ്ഗത്തിൽനിന്ന് കേട്ട് അങ്ങേയുടെ മഹാകരുണ നിമിത്തം അവർക്ക് രക്ഷകന്മാരെ നൽകി. അവർ അവരുടെ ശത്രുക്കളുടെ കയ്യിൽനിന്ന് അവരെ രക്ഷിച്ചു. 28അവർക്ക് സ്വസ്ഥത ലഭിച്ചപ്പോൾ അവർ വീണ്ടും അങ്ങേക്ക് അനിഷ്ടമായത് ചെയ്തു. അതുകൊണ്ട് അങ്ങ് അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കുകയും അവർ അവരുടെ മേൽ ഭരണം നടത്തുകയും ചെയ്തു. അവർ തിരിഞ്ഞ് അങ്ങേയോട് നിലവിളിച്ചപ്പോൾ അങ്ങ് സ്വർഗ്ഗത്തിൽനിന്ന് കേട്ട് അങ്ങേയുടെ കരുണയാൽ പലപ്രാവശ്യവും അവരെ വിടുവിച്ചു.
29“അവരെ അങ്ങേയുടെ ന്യായപ്രമാണത്തിലേക്ക് തിരിച്ച് വരുത്തേണ്ടതിന് അങ്ങ് അവരോട് സാക്ഷീകരിച്ചു; എന്നിട്ടും അവർ അഹങ്കരിക്കുകയും, അനുസരിച്ച് നടക്കുന്നവർക്ക് ജീവൻ നൽകുന്ന അങ്ങേയുടെ കല്പനകൾ കേൾക്കാതെ അങ്ങേയുടെ വിധികൾക്ക് വിരോധമായി പാപം ചെയ്കയും എതിർത്തുനിന്ന് ദുശ്ശാഠ്യം കാണിച്ച് അനുസരണമില്ലാത്തവരാകുകയും ചെയ്തു. 30അങ്ങ് ഏറിയ വര്ഷം അവരോട് ക്ഷമിച്ച് അങ്ങേയുടെ ആത്മാവിനാൽ അങ്ങേയുടെ പ്രവാചകന്മാർ മുഖാന്തരം അവരോട് സാക്ഷീകരിച്ചു; എന്നാൽ അവർ ശ്രദ്ധിച്ചില്ല; അതുകൊണ്ട് അങ്ങ് അവരെ ദേശത്തെ ജനതകളുടെ കയ്യിൽ ഏല്പിച്ചുകൊടുത്തു. 31എങ്കിലും അങ്ങേയുടെ മഹാകരുണ നിമിത്തം അങ്ങ് അവരെ നിർമ്മൂലമാക്കിയില്ല, ഉപേക്ഷിച്ചുകളഞ്ഞതുമില്ല. അങ്ങ് കൃപയും കരുണയുമുള്ള ദൈവമല്ലോ.
32“ആകയാൽ ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂർ രാജാക്കന്മാരുടെ കാലം മുതൽ ഇന്നുവരെ ഞങ്ങൾക്കും ഞങ്ങളുടെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും ഞങ്ങളുടെ പിതാക്കന്മാർക്കും അങ്ങേയുടെ സർവ്വജനത്തിനും നേരിട്ട കഷ്ടങ്ങളൊക്കെയും അങ്ങേക്ക് ലഘുവായി തോന്നരുതേ. 33എന്നാൽ ഞങ്ങൾക്ക് ഭവിച്ചതിൽ ഒക്കെയും അങ്ങ് നീതിമാൻ തന്നെ; അങ്ങ് വിശ്വസ്തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു. 34ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും ഞങ്ങളുടെ പൂര്വ്വ പിതാക്കന്മാരും അങ്ങേയുടെ ന്യായപ്രമാണം അനുസരിച്ച് നടന്നിട്ടില്ല; അങ്ങേയുടെ കല്പനകളും അങ്ങ് അവരോട് സാക്ഷീകരിച്ച സാക്ഷ്യങ്ങളും പ്രമാണിച്ചിട്ടുമില്ല. 35അവർ തങ്ങളുടെ രാജത്വത്തിലും അങ്ങ് അവർക്ക് കൊടുത്ത വലിയ നന്മകളിലും അങ്ങ് അവർക്ക് അധീനമാക്കിക്കൊടുത്ത വിശാലതയും ഫലപുഷ്ടിയുമുള്ള ദേശത്തിലും അങ്ങയെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികൾ വിട്ട് തിരിഞ്ഞിട്ടുമില്ല.
36“ഇതാ, ഞങ്ങൾ ഇന്ന് ദാസന്മാർ; അങ്ങ് ഞങ്ങളുടെ പൂര്വ്വ പിതാക്കന്മാർക്ക് ഫലവും ഗുണവും അനുഭവിക്കുവാൻ കൊടുത്ത ഈ ദേശത്ത് തന്നെ ഇതാ, ഞങ്ങൾ ദാസന്മാരായിരിക്കുന്നു. 37ഞങ്ങളുടെ പാപങ്ങൾ നിമിത്തം അങ്ങ് ഞങ്ങളുടെമേൽ ആക്കിയിരിക്കുന്ന രാജാക്കന്മാർ അതിലെ വിളവുകൾ എടുക്കുന്നു; അവർ തങ്ങൾക്ക് ബോധിച്ചതുപോലെ ഞങ്ങളിലും ഞങ്ങളുടെ കന്നുകാലികളിലും അധികാരം നടത്തുന്നു; ഞങ്ങൾ വലിയ കഷ്ടത്തിലും ആയിരിക്കുന്നു.”
ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നു
38“ഇതൊക്കെയും ഓർത്തു ഞങ്ങൾ സ്ഥിരമായോരു ഉടമ്പടി എഴുതുന്നു. ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിന് മുദ്രയിടുന്നു.”