33
യിസ്രായേലിൻ്റെ പ്രയാണത്തിലെ ഘട്ടങ്ങൾ
1മോശെയുടെയും അഹരോന്റെയും നേതൃത്വത്തിൽ ഗണംഗണമായി മിസ്രയീമിൽ നിന്ന് പുറപ്പെട്ട യിസ്രായേൽ മക്കളുടെ പ്രയാണ ഘട്ടങ്ങൾ ഇപ്രകാരമാണ്: 2മോശെ യഹോവയുടെ കല്പനപ്രകാരം പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ രേഖപ്പെടുത്തി; താവളം താവളമായി അവർ ചെയ്ത പ്രയാണങ്ങൾ ഇപ്രകാരമാണ്:
3ഒന്നാം മാസം പതിനഞ്ചാം തീയതി അവർ രമെസേസിൽനിന്ന് പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാൾ യിസ്രായേൽ മക്കൾ എല്ലാ മിസ്രയീമ്യരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു. 4മിസ്രയീമ്യർ, യഹോവ അവരുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു.
5യിസ്രായേൽ മക്കൾ രമെസേസിൽനിന്ന് പുറപ്പെട്ടു സുക്കോത്തിൽ പാളയമിറങ്ങി.
6സുക്കോത്തിൽനിന്ന് അവർ പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി.
7ഏഥാമിൽനിന്ന് പുറപ്പെട്ടു ബാൽ-സെഫോനെതിരെയുള്ള പീഹഹീരോത്തിന് തിരിഞ്ഞുവന്നു; അവർ മിഗ്ദോലിന് കിഴക്ക് പാളയമിറങ്ങി.
8പീഹഹീരോത്തിന് കിഴക്കുനിന്ന് പുറപ്പെട്ടു കടലിന്റെ നടുവിൽകൂടി മരുഭൂമിയിൽ കടന്ന് ഏഥാമരുഭൂമിയിൽ മൂന്നു ദിവസത്തെ വഴിനടന്ന് മാറായിൽ പാളയമിറങ്ങി.
9മാറായിൽനിന്ന് പുറപ്പെട്ടു ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ടു നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നതുകൊണ്ട് അവർ അവിടെ പാളയമിറങ്ങി.
10ഏലീമിൽനിന്ന് പുറപ്പെട്ടു ചെങ്കടലിനരികെ പാളയമിറങ്ങി.
11ചെങ്കടലിനരികെനിന്ന് പുറപ്പെട്ടു സീൻ മരുഭൂമിയിൽ പാളയമിറങ്ങി.
12സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ടു ദൊഫ്കയിൽ പാളയമിറങ്ങി.
13ദൊഫ്കയിൽ നിന്ന് പുറപ്പെട്ടു ആലൂശിൽ പാളയമിറങ്ങി.
14ആലൂശിൽ നിന്ന് പുറപ്പെട്ടു രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന് കുടിക്കുവാൻ വെള്ളമില്ലായിരുന്നു.
15രെഫീദീമിൽനിന്ന് പുറപ്പെട്ടു സീനായിമരുഭൂമിയിൽ പാളയമിറങ്ങി.
16സീനായിമരുഭൂമിയിൽനിന്ന് പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി.
17കിബ്രോത്ത്-ഹത്താവയിൽനിന്ന് പുറപ്പെട്ടു ഹസേരോത്തിൽ പാളയമിറങ്ങി.
18ഹസേരോത്തിൽനിന്ന് പുറപ്പെട്ടു രിത്ത്മയിൽ പാളയമിറങ്ങി.
19രിത്ത്മയിൽനിന്ന് പുറപ്പെട്ടു രിമ്മോൻ-പേരെസിൽ പാളയമിറങ്ങി.
20രിമ്മോൻ-പേരെസിൽനിന്ന് പുറപ്പെട്ടു ലിബ്നയിൽ പാളയമിറങ്ങി.
21ലിബ്നയിൽനിന്ന് പുറപ്പെട്ടു രിസ്സയിൽ പാളയമിറങ്ങി. 22രിസ്സയിൽനിന്ന് പുറപ്പെട്ടു കെഹേലാഥയിൽ പാളയമിറങ്ങി.
23കെഹേലാഥയിൽനിന്ന് പുറപ്പെട്ടു ശാഫേർമലയിൽ പാളയമിറങ്ങി.
24ശാഫേർമലയിൽനിന്ന് പുറപ്പെട്ടു ഹരാദയിൽ പാളയമിറങ്ങി.
25ഹരാദയിൽനിന്ന് പുറപ്പെട്ടു മക്ഹേലോത്തിൽ പാളയമിറങ്ങി.
26മക്ഹേലോത്തിൽനിന്ന് പുറപ്പെട്ടു തഹത്തിൽ പാളയമിറങ്ങി.
27തഹത്തിൽനിന്ന് പുറപ്പെട്ടു താരഹിൽ പാളയമിറങ്ങി.
28താരഹിൽനിന്ന് പുറപ്പെട്ടു മിത്ത്ക്കയിൽ പാളയമിറങ്ങി.
29മിത്ത്ക്കയിൽനിന്ന് പുറപ്പെട്ടു ഹശ്മോനയിൽ പാളയമിറങ്ങി.
30ഹശ്മോനയിൽനിന്ന് പുറപ്പെട്ടു മോസേരോത്തിൽ പാളയമിറങ്ങി.
31മോസേരോത്തിൽനിന്ന് പുറപ്പെട്ടു ബെനേയാക്കാനിൽ പാളയമിറങ്ങി.
32ബെനേയാക്കാനിൽനിന്ന് പുറപ്പെട്ടു ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമിറങ്ങി. 33ഹോർ-ഹഗ്ഗിദ്ഗാദിൽനിന്ന് പുറപ്പെട്ടു യൊത്ബാഥയിൽ പാളയമിറങ്ങി. 34യൊത്ബാഥയിൽനിന്ന് പുറപ്പെട്ടു അബ്രോനയിൽ പാളയമിറങ്ങി.
35അബ്രോനയിൽനിന്ന് പുറപ്പെട്ടു എസ്യോൻ-ഗേബെരിൽ പാളയമിറങ്ങി.
36എസ്യോൻ-ഗേബെരിൽനിന്ന് പുറപ്പെട്ടു സീൻ മരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്.
37അവർ കാദേശിൽനിന്ന് പുറപ്പെട്ടു ഏദോംദേശത്തിൻ്റെ അതിരിൽ ഹോർപർവ്വതത്തിൽ പാളയമിറങ്ങി. 38പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർപർവ്വതത്തിൽ കയറി, യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് പുറപ്പെട്ടുപോന്നതിന്റെ നാല്പതാം വര്ഷം അഞ്ചാം മാസം ഒന്നാം തീയതി അവിടെവച്ച് മരിച്ചു. 39അഹരോൻ ഹോർ പർവ്വതത്തിൽവച്ച് മരിച്ചപ്പോൾ അവനു നൂറ്റിയിരുപത്തിമൂന്ന് വയസ്സായിരുന്നു.
40എന്നാൽ കനാൻദേശത്തിനു തെക്ക് പാർത്തിരുന്ന കനാന്യനായ അരാദ് രാജാവ് യിസ്രായേൽ മക്കളുടെ വരവിനെക്കുറിച്ച് കേട്ടു.
41ഹോർപർവ്വതത്തിൽനിന്ന് അവർ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി.
42സല്മോനയിൽനിന്ന് പുറപ്പെട്ടു പൂനോനിൽ പാളയമിറങ്ങി.
43പൂനോനിൽനിന്ന് പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി.
44ഓബോത്തിൽനിന്ന് പുറപ്പെട്ടു മോവാബിന്റെ അതിർത്തിയിലുള്ള ഇയ്യെ-അബാരീമിൽ പാളയമിറങ്ങി.
45ഈയീമിൽനിന്ന് പുറപ്പെട്ടു ദീബോൻഗാദിൽ പാളയമിറങ്ങി.
46ദീബോൻഗാദിൽനിന്ന് പുറപ്പെട്ടു അല്മോദിബ്ളാഥയീമിൽ പാളയമിറങ്ങി.
47അല്മോദിബ്ളാഥയീമിൽനിന്ന് പുറപ്പെട്ടു നെബോവിന് കിഴക്ക് അബാരീംപർവ്വതത്തിൽ പാളയമിറങ്ങി.
48അബാരീംപർവ്വതത്തിൽ നിന്ന് പുറപ്പെട്ടു യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.
49യോർദ്ദാനരികെ മോവാബ് സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.
50യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യഹോവ മോശെയോട് അരുളിച്ചെയ്തത്: 51“നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയേണം: ‘നിങ്ങൾ യോർദ്ദാനക്കരെ കനാൻദേശത്തേക്ക് പ്രവേശിച്ചശേഷം 52ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ് അവരുടെ വിഗ്രഹങ്ങളും ബിംബങ്ങളും എല്ലാം തകർത്ത് അവരുടെ സകലപൂജാഗിരികളും നശിപ്പിച്ചുകളയേണം. 53നിങ്ങൾ ദേശം കൈവശമാക്കി അതിൽ വസിക്കേണം; നിങ്ങൾ കൈവശമാക്കേണ്ടതിന് ഞാൻ ആ ദേശം നിങ്ങൾക്ക് തന്നിരിക്കുന്നു. 54നിങ്ങൾ കുടുംബംകുടുംബമായി ദേശം ചീട്ടിട്ട് അവകാശമാക്കണം; ആളേറെയുള്ളവർക്ക് ഏറെയും കുറെയുള്ളവർക്ക് കുറവും അവകാശം കൊടുക്കേണം; അവനവന് ചീട്ട് എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങൾക്ക് അവകാശം ലഭിക്കേണം. 55എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളയാതിരുന്നാൽ നിങ്ങൾ അവരിൽ ശേഷിപ്പിക്കുന്നവർ, നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാർശ്വങ്ങളിൽ മുൾച്ചെടികളുമായി നിങ്ങൾ പാർക്കുന്ന ദേശത്ത് നിങ്ങളെ ഉപദ്രവിക്കും. 56അത്രയുമല്ല, ഞാൻ അവരോട് ചെയ്യുവാൻ നിരൂപിച്ചതുപോലെ നിങ്ങളോട് ചെയ്യും.