സങ്കീ. 147

147
സർവ്വശക്തനായ ദൈവം
1യഹോവയെ സ്തുതിക്കുവിൻ;
നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്;
അത് മനോഹരവും സ്തുതി ഉചിതവും തന്നെ.
2യഹോവ യെരൂശലേമിനെ പണിയുന്നു;
കർത്താവ് യിസ്രായേലിന്‍റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു.
3മനം തകർന്നവരെ കർത്താവ് സൗഖ്യമാക്കുകയും
അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.
4ദൈവം നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു;
അവയ്ക്ക് എല്ലാം പേര്‍ വിളിക്കുന്നു.
5നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു;
അവിടുത്തെ വിവേകത്തിന് അന്തമില്ല.
6യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു;
അവിടുന്ന് ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു.
7സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ;
കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ;
8കർത്താവ് ആകാശത്തെ മേഘംകൊണ്ടു മൂടുന്നു;
ഭൂമിക്കായി മഴ ഒരുക്കുന്നു;
ദൈവം പർവ്വതങ്ങളിൽ പുല്ല് മുളപ്പിക്കുന്നു.
9ദൈവം മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും
അതതിന്‍റെ ആഹാരം കൊടുക്കുന്നു.
10അശ്വബലത്തിൽ കർത്താവിന് സന്തോഷമില്ല;
പുരുഷന്‍റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല.
11തന്നെ ഭയപ്പെടുകയും തന്‍റെ ദയയിൽ പ്രത്യാശ വയ്ക്കുകയും
ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.
12യെരൂശലേമേ, യഹോവയെ പുകഴ്ത്തുക;
സീയോനേ, നിന്‍റെ ദൈവത്തെ വാഴ്ത്തുക;
13ദൈവം നിന്‍റെ വാതിലുകളുടെ ഓടാമ്പലുകൾ ഉറപ്പിച്ച്
നിന്‍റെ അകത്ത് നിന്‍റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.
14കർത്താവ് നിന്‍റെ ദേശത്ത് സമാധാനം വരുത്തുന്നു;
വിശേഷമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുന്നു.
15ദൈവം തന്‍റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു;
അവിടുത്തെ വചനം അതിവേഗം ഓടുന്നു.
16ദൈവം പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു;
ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു.
17അവിടുന്ന് മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു;
അതിന്‍റെ കുളിര് സഹിച്ചു നില്‍ക്കുന്നവനാര്?
18ദൈവം തന്‍റെ വാക്കിനാൽ അവ ഉരുക്കുന്നു;
കാറ്റ് അടിപ്പിച്ച് അതിൽനിന്ന് വെള്ളം ഒഴുക്കുന്നു.
19ദൈവം യാക്കോബിന് തന്‍റെ വചനവും
യിസ്രായേലിനു തന്‍റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.
20അങ്ങനെ യാതൊരു ജനതക്കും അവിടുന്ന് ചെയ്തിട്ടില്ല;
കർത്താവിന്‍റെ വിധികൾ അവർ അറിഞ്ഞിട്ടുമില്ല.
യഹോവയെ സ്തുതിക്കുവിൻ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീ. 147: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക