സങ്കീ. 84

84
ദൈവത്തിന്‍റെ ആലയം
സംഗീതപ്രമാണിക്ക്; ഗത്ഥ്യരാഗത്തിൽ; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.
1സൈന്യങ്ങളുടെ യഹോവേ,
തിരുനിവാസം എത്ര മനോഹരം!
2എന്‍റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹാലസ്യപ്പെട്ടു പോകുന്നു;
എന്‍റെ ഹൃദയവും എന്‍റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.
3കുരികിൽ ഒരു വീടും, മീവൽപക്ഷി കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു;
എന്‍റെ രാജാവും എന്‍റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, അവിടുത്തെ യാഗപീഠങ്ങളെ തന്നെ.
4അങ്ങേയുടെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ;
അവർ അങ്ങയെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.
5ബലം അങ്ങയിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ;
ഇങ്ങനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ട്.
6കണ്ണുനീർ താഴ്വരയിൽകൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു.
മുന്മഴയാൽ അത് അനുഗ്രഹപൂർണ്ണമായിത്തീരുന്നു.
7അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു;
എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു.
8സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്‍റെ പ്രാർത്ഥന കേൾക്കേണമേ;
യാക്കോബിന്‍റെ ദൈവമേ, ചെവിക്കൊള്ളേണമേ. സേലാ.
9ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കേണമേ;
അങ്ങേയുടെ അഭിഷിക്തന്‍റെ മുഖത്തെ കടാക്ഷിക്കേണമേ;
10അങ്ങേയുടെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം
വേറെ ആയിരം ദിവസത്തേക്കാൾ ഉത്തമമല്ലയോ?
ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ വസിക്കുന്നതിനെക്കാൾ
എന്‍റെ ദൈവത്തിന്‍റെ ആലയത്തിൽ വാതിൽ കാവല്ക്കാരനായിരിക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം.
11യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു;
യഹോവ കൃപയും മഹത്വവും നല്കുന്നു;
നേർബുദ്ധിയോടെ നടക്കുന്നവർക്ക് അവിടുന്ന് ഒരു നന്മയും മുടക്കുകയില്ല.
12സൈന്യങ്ങളുടെ യഹോവേ,
അങ്ങയിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീ. 84: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക