സെഖ. 12

12
യെരൂശലേമിന്‍റെ ശത്രുക്കൾ നശിപ്പിക്കപ്പെടും
1ഒരു പ്രവചനം: യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാട്:
ആകാശം വിരിക്കുകയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്‍റെ ആത്മാവിനെ അവന്‍റെ ഉള്ളിൽ നിർമ്മിക്കുകയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാട്. 2“ഞാൻ യെരൂശലേമിനെ ചുറ്റുമുള്ള സകലജനതകൾക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്‍റെ ഉപരോധത്തിങ്കൽ അത് യെഹൂദയ്ക്കും എതിരായിരിക്കും. 3ആ നാളിൽ ഞാൻ യെരൂശലേമിനെ സകലജനതകൾക്കും ഭാരമുള്ള കല്ലാക്കി വയ്ക്കും; അതിനെ ചുമക്കുന്നവരെല്ലാം കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജനതകളും അതിന് വിരോധമായി കൂടിവരും.
4“അന്നാളിൽ ഞാൻ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേൽ ഞാൻ കണ്ണ് തുറക്കുകയും ജനതകളുടെ ഏതു കുതിരയെയും അന്ധതപിടിപ്പിക്കുകയും ചെയ്യും” എന്നു യഹോവയുടെ അരുളപ്പാട്. 5“അപ്പോൾ യെഹൂദാമേധാവികൾ: ‘യെരൂശലേം നിവാസികൾ അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ നിമിത്തം നമുക്ക് ബലമായിരിക്കുന്നു’ എന്നു ഹൃദയത്തിൽ പറയും.
6ആ നാളിൽ ഞാൻ യെഹൂദാമേധാവികളെ വിറകിന്‍റെ ഇടയിൽ തീച്ചട്ടിപോലെയും കറ്റയുടെ ഇടയിൽ തീപ്പന്തംപോലെയും ആക്കും; അവർ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകലജനതകളെയും തിന്നുകളയും; യെരൂശലേമിനു സ്വസ്ഥാനത്ത്, യെരൂശലേമിൽ തന്നെ, വീണ്ടും നിവാസികൾ ഉണ്ടാകും.
7ദാവീദുഗൃഹത്തിന്‍റെ പ്രശംസയും യെരൂശലേംനിവാസികളുടെ പ്രശംസയും യെഹൂദായുടെ നേരേ ഏറിപ്പോകാതിരിക്കേണ്ടതിനു യഹോവ യെഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും. 8ആ നാളിൽ യഹോവ യെരൂശലേം നിവാസികളെ പരിചകൊണ്ട് മറയ്ക്കും; അവരുടെ ഇടയിൽ ഇടറിനടക്കുന്നവൻ അന്നാളിൽ ദാവീദിനെപ്പോലെ ആയിരിക്കും; ദാവീദുഗൃഹം ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും. 9ആ നാളിൽ ഞാൻ യെരൂശലേമിന്‍റെ നേരെ വരുന്ന സകലജനതകളെയും നശിപ്പിക്കുവാൻ നോക്കും.
10“ഞാൻ ദാവീദുഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തിയിട്ടുള്ളവനിലേക്കു അവർ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വ്യസനിക്കും. 11ആ നാളിൽ മെഗിദ്ദോതാഴ്വരയിലുള്ള ഹദദ്-രിമ്മോനിലെ വിലാപംപോലെ യെരൂശലേമിൽ ഒരു മഹാവിലാപം ഉണ്ടാകും.
12“ദേശം കുലംകുലമായി#12:12 കുലംകുലമായി കുടുംബംകുടുംബമായി എന്നുമാകാം. വെവ്വേറെ വിലപിക്കും; ദാവീദുഗൃഹത്തിന്‍റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; നാഥാൻഗൃഹത്തിന്‍റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; 13ലേവിഗൃഹത്തിന്‍റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; ശിമെയി കുലം പ്രത്യേകവും; അവരുടെ സ്ത്രീജനം പ്രത്യേകവും; 14ശേഷിച്ചിരിക്കുന്ന കുലങ്ങളെല്ലാം അതത് കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും വിലപിക്കും.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സെഖ. 12: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക