ആവർത്തനപുസ്തകം 2

2
1 # സംഖ്യാപുസ്തകം 21:4 അനന്തരം യഹോവ എന്നോടു കല്പിച്ചതുപോലെ നാം തിരിഞ്ഞു ചെങ്കടൽവഴിയായി മരുഭൂമിയിലേക്കു യാത്രപുറപ്പെട്ടു; നാം ഏറിയനാൾ സേയീർപർവ്വതത്തെ ചുറ്റിനടന്നു. 2പിന്നെ യഹോവ എന്നോടു കല്പിച്ചതു: 3നിങ്ങൾ ഈ പർവ്വതം ചുറ്റിനടന്നതു മതി; വടക്കോട്ടു തിരിവിൻ. 4#ഉല്പത്തി 36:8നീ ജനത്തോടു കല്പിക്കേണ്ടതു എന്തെന്നാൽ: സേയീരിൽ കുടിയിരിക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരിൽകൂടി നിങ്ങൾ കടപ്പാൻ പോകുന്നു. അവർ നിങ്ങളെ പേടിക്കും; ആകയാൽ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം. 5നിങ്ങൾ അവരോടു പടയെടുക്കരുതു; അവരുടെ ദേശത്തു ഞാൻ നിങ്ങൾക്കു ഒരു കാൽ വെപ്പാൻപോലും ഇടം തരികയില്ല; സേയീർപർവ്വതം ഞാൻ ഏശാവിന്നു അവകാശമായി കൊടുത്തിരിക്കുന്നു. 6നിങ്ങൾ അവരോടു ആഹാരം വിലെക്കു വാങ്ങി കഴിക്കേണം; വെള്ളവും വിലെക്കു വാങ്ങി കുടിക്കേണം. 7നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിച്ചിരിക്കുന്നു; ഈ മഹാമരുഭൂമിയിൽ നീ സഞ്ചരിക്കുന്നതു അവൻ അറിഞ്ഞിരിക്കുന്നു; ഈ നാല്പതു സംവത്സരം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരുന്നു; നിനക്കു യാതൊന്നിന്നും മുട്ടും വന്നിട്ടില്ല. 8അങ്ങനെ നാം സേയീരിൽ കുടിയിരുന്ന ഏശാവിന്റെ മക്കളായ നമ്മുടെ സഹോദരന്മാരെ ഒഴിച്ചു അരാബവഴിയായി ഏലാത്തിന്റെയും എസ്യോൻ-ഗേബെരിന്റെയും അരികത്തുകൂടി കടന്നിട്ടു തിരിഞ്ഞു മോവാബ് മരുഭൂമിയിലേക്കുള്ള വഴിയായി കടന്നുപോന്നു.
9 # ഉല്പത്തി 19:37 അപ്പോൾ യഹോവ എന്നോടു കല്പിച്ചതു: മോവാബ്യരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാൻ അവരുടെ ദേശത്തു നിനക്കു ഒരു അവകാശം തരികയില്ല; ആർദേശത്തെ ഞാൻ ലോത്തിന്റെ മക്കൾക്കു അവകാശമായി കൊടുത്തിരിക്കുന്നു - 10വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായ ഏമ്യർ പണ്ടു അവിടെ പാർത്തിരുന്നു. 11ഇവരെ അനാക്യരെപ്പോലെ മല്ലന്മാർ എന്നു വിചാരിച്ചുവരുന്നു; മോവാബ്യരോ അവർക്കു ഏമ്യർ എന്നു പേർ പറയുന്നു. 12ഹോര്യരും പണ്ടു സേയീരിൽ പാർത്തിരുന്നു; എന്നാൽ ഏശാവിന്റെ മക്കൾ അവരെ തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയും സംഹരിക്കയും അവർക്കു പകരം കുടിപാർക്കയും ചെയ്തു; യിസ്രായേലിന്നു യഹോവ കൊടുത്ത അവകാശദേശത്തു അവർ ചെയ്തതുപോലെ തന്നേ. - 13ഇപ്പോൾ എഴുന്നേറ്റു സേരെദ് തോടു കടപ്പിൻ എന്നു കല്പിച്ചതുപോലെ നാം സേരെദ് തോടു കടന്നു; 14#സംഖ്യാപുസ്തകം 14:28-35നാം കാദേശ് ബർന്നേയയിൽനിന്നു പുറപ്പെട്ടതുമുതൽ സേരെദ് തോടു കടക്കുംവരെയുള്ള കാലം മുപ്പത്തെട്ടു സംവത്സരം ആയിരുന്നു; അതിന്നിടയിൽ യോദ്ധാക്കളായിരുന്ന തലമുറ ഒക്കെയും യഹോവ അവരോടു സത്യം ചെയ്തതുപോലെ പാളയത്തിൽനിന്നു മുടിഞ്ഞുപോയി. 15അവർ മുടിഞ്ഞുതീരുംവരെ യഹോവയുടെ കൈ അവരെ പാളയത്തിൽനിന്നു നശിപ്പിപ്പാൻ തക്കവണ്ണം അവർക്കു വിരോധമായിരുന്നു.
16ഇങ്ങനെ യോദ്ധാക്കൾ ഒക്കെയും ജനത്തിന്റെ ഇടയിൽനിന്നു മരിച്ചു ഒടുങ്ങിയശേഷം 17യഹോവ എന്നോടു കല്പിച്ചതു: 18നീ ഇന്നു ആർ എന്ന മോവാബ്യദേശത്തുകൂടി കടപ്പാൻ പോകുന്നു. 19#ഉല്പത്തി 19:38അമ്മോന്യരോടു അടുത്തുചെല്ലുമ്പോൾ അവരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാൻ അമ്മോന്യരുടെ ദേശത്തു നിനക്കു അവകാശം തരികയില്ല; അതു ഞാൻ ലോത്തിന്റെ മക്കൾക്കു അവകാശമായി കൊടുത്തിരിക്കുന്നു. ‒ 20-അതും മല്ലന്മാരുടെ ദേശമെന്നു വിചാരിച്ചുവരുന്നു; മല്ലന്മാർ പണ്ടു അവിടെ പാർത്തിരുന്നു; അമ്മോന്യർ അവരെ സംസുമ്മ്യർ എന്നു പറയുന്നു. 21അവർ വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായിരുന്നു; എങ്കിലും യഹോവ അവരെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചു; ഇങ്ങനെ അവർ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു കുടിപാർത്തു. 22അവൻ സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കൾക്കുവേണ്ടി ചെയ്തതുപോലെ തന്നേ, അവൻ ഹോര്യരെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചിട്ടു അവർ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു ഇന്നുവരെയും പാർക്കുന്നു. 23കഫ്തോരിൽനിന്നു വന്ന കഫ്തോര്യരും ഗസ്സാവരെയുള്ള ഊരുകളിൽ പാർത്തിരുന്ന അവ്യരെ നശിപ്പിച്ചു അവരുടെ സ്ഥലത്തു കുടിപാർത്തു - 24നിങ്ങൾ എഴുന്നേറ്റു യാത്രപുറപ്പെട്ടു അർന്നോൻതാഴ്‌വര കടപ്പിൻ; ഇതാ, ഞാൻ ഹെശ്ബോനിലെ അമോര്യരാജാവായ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവനോടു പടവെട്ടി അതു കൈവശമാക്കുവാൻ തുടങ്ങുക. 25നിന്നെയുള്ള പേടിയും ഭീതിയും ആകാശത്തിങ്കീഴെങ്ങും ഉള്ള ജാതികളുടെമേൽ വരുത്തുവാൻ ഞാൻ ഇന്നുതന്നേ തുടങ്ങും; അവർ നിന്റെ ശ്രുതി കേട്ടു നിന്റെ നിമിത്തം വിറെക്കുകയും നടുങ്ങുകയും ചെയ്യും.
26പിന്നെ ഞാൻ കെദേമോത്ത് മരുഭൂമിയിൽനിന്നു ഹെശ്ബോനിലെ രാജാവായ സീഹോന്റെ അടുക്കൽ സമാധാനവാക്കുകളോടുകൂടെ ദൂതന്മാരെ അയച്ചു: 27ഞാൻ നിന്റെ ദേശത്തു കൂടി കടന്നുപോകുവാൻ അനുവദിക്കേണമേ; ഞാൻ ഇടത്തോട്ടോ വലത്തോട്ടോ മാറാതെ പെരുവഴിയിൽകൂടി മാത്രം നടക്കും. 28സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കളും ആരിൽ പാർക്കുന്ന മോവാബ്യരും എനിക്കു തന്നതുപോലെ നീ വിലെക്കു തരുന്ന ആഹാരം ഞാൻ കഴിക്കയും വിലെക്കു തരുന്ന വെള്ളം കുടിക്കയും ചെയ്തുകൊള്ളാം. 29യോർദ്ദാൻ കടന്നു ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്കു തരുന്ന ദേശത്തു എത്തുവോളം കാൽനടയായി പോകുവാൻ മാത്രം അനുവദിക്കേണം എന്നു പറയിച്ചു. 30എന്നാൽ നാം തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ ഹെശ്ബോനിലെ രാജാവായ സീഹോൻ സമ്മതിച്ചില്ല; ഇന്നു കാണുന്നതുപോലെ നിന്റെ ദൈവമായ യഹോവ അവനെ നിന്റെ കയ്യിൽ ഏല്പിക്കേണ്ടതിന്നു അവന്റെ മനസ്സു കടുപ്പിച്ചു അവന്റെ ഹൃദയം കഠിനമാക്കി. 31യഹോവ എന്നോടു: ഞാൻ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവന്റെ ദേശം കൈവശമാക്കേണ്ടതിന്നു അതു അടക്കുവാൻ തുടങ്ങുക എന്നു കല്പിച്ചു. 32അങ്ങനെ സീഹോനും അവന്റെ സർവ്വജനവും നമ്മുടെനേരെ പുറപ്പെട്ടുവന്നു യാഹാസിൽവെച്ചു പടയേറ്റു. 33നമ്മുടെ ദൈവമായ യഹോവ അവനെ നമ്മുടെ കയ്യിൽ ഏല്പിച്ചു; നാം അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സർവ്വജനത്തെയും സംഹരിച്ചു. 34അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉന്മൂലനാശം ചെയ്തു; ഒരുത്തനെയും ശേഷിപ്പിച്ചില്ല. 35നാൽക്കാലികളെയും നാം പിടിച്ച പട്ടണങ്ങളിലെ കൊള്ളയും മാത്രം നാം നമുക്കായിട്ടു എടുത്തു. 36അർന്നോൻ താഴ്‌വരയുടെ അറ്റത്തുള്ള അരോവേരും താഴ്‌വരയിലെ പട്ടണവുംമുതൽ ഗിലെയാദ് വരെ നമ്മുടെ കൈക്കു എത്താതെ ഒരു പട്ടണവും ഉണ്ടായിരുന്നില്ല; നമ്മുടെ ദൈവമായ യഹോവ സകലവും നമ്മുടെ കയ്യിൽ ഏല്പിച്ചു. 37അമ്മോന്യരുടെ ദേശവും യബ്ബോക്ക്നദിയുടെ ഒരു വശമൊക്കെയും മലനാട്ടിലെ പട്ടണങ്ങളും നമ്മുടെ ദൈവമായ യഹോവ നമ്മോടു വിലക്കിയ ഇടങ്ങളും മാത്രം നീ ആക്രമിച്ചില്ല.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ആവർത്തനപുസ്തകം 2: വേദപുസ്തകം

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക