ആവർത്തനപുസ്തകം 30:1-10

ആവർത്തനപുസ്തകം 30:1-10 വേദപുസ്തകം

ഞാൻ നിന്റെ മുമ്പിൽ വെച്ചിരിക്കുന്ന അനുഗ്രഹവും ശാപവുമായ ഈ വചനങ്ങൾ ഒക്കെയും നിന്റെമേൽ നിവൃത്തിയായി വന്നിട്ടു നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളഞ്ഞിട്ടുള്ള അതതു ജാതികളുടെ ഇടയിൽവെച്ചു നീ അവയെ നിന്റെ ഹൃദയത്തിൽ ഓർത്തു നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു നീയും നിന്റെ മക്കളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നതുപോലെ ഒക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചാൽ നിന്റെ ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞു നിങ്കലേക്കു തിരികയും നിന്റെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകലജാതികളിൽനിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും. നിനക്കുള്ളവർ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേർക്കും; അവിടെനിന്നു അവൻ നിന്നെ കൊണ്ടുവരും. നിന്റെ പിതാക്കന്മാർക്കു കൈവശമായിരുന്ന ദേശത്തേക്കു നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അതു കൈവശമാക്കും; അവൻ നിനക്കു ഗുണംചെയ്തു നിന്റെ പിതാക്കന്മാരെക്കാൾ നിന്നെ വർദ്ധിപ്പിക്കും. നീ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും. ഈ ശാപങ്ങളെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിന്റെ ശത്രുക്കളുടെമേലും നിന്നെ പകെച്ചു ഉപദ്രവിക്കുന്നവരുടെമേലും വരുത്തും. നീ മനസ്സു തിരിഞ്ഞു യഹോവയുടെ വാക്കുകേട്ടു ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും അനുസരിച്ചു നടക്കയും നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ഗർഭഫലത്തിലും മൃഗഫലത്തിലും കൃഷിഫലത്തിലും നിനക്കു നന്മെക്കായി അഭിവൃദ്ധി നല്കുകയും ചെയ്യും. നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കയും നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ തിരികയും ചെയ്താൽ യഹോവ നിന്റെ പിതാക്കന്മാരിൽ പ്രസാദിച്ചിരുന്നതുപോലെ നിന്നിലും നന്മെക്കായിട്ടു വീണ്ടും പ്രസാദിക്കും.