8
1യഹോവ എന്നോടു കല്പിച്ചതു: നീ ഒരു വലിയ പലക എടുത്തു, സാമാന്യഅക്ഷരത്തിൽ: മഹേർ-ശാലാൽ ഹാശ്-ബസ് എന്നു എഴുതുക. 2ഞാൻ ഊരിയാപുരോഹിതനെയും യെബെരെഖ്യാവിൻ മകനായ സഖര്യാവെയും എനിക്കു വിശ്വസ്തസാക്ഷികളാക്കി വെക്കും. 3ഞാൻ പ്രവാചകിയുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. യഹോവ എന്നോടു: അവന്നു മഹേർ-ശാലാൽ ഹാശ്-ബസ് എന്നു പേർ വിളിക്ക; 4ഈ കുട്ടിക്കു അപ്പാ, അമ്മേ എന്നു വിളിപ്പാൻ പ്രായമാകുംമുമ്പെ ദമ്മേശെക്കിലെ ധനവും ശമര്യയിലെ കൊള്ളയും അശ്ശൂർ രാജാവിന്റെ അടുക്കലേക്കു എടുത്തുകൊണ്ടു പോകും എന്നരുളിച്ചെയ്തു. 5യഹോവ പിന്നെയും എന്നോടു അരുളിച്ചെയ്തതെന്തെന്നാൽ: 6ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിൻമകനിലും സന്തോഷിക്കുന്നതുകൊണ്ടു, 7അതുകാരണത്താൽ തന്നേ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്റെ സകലമഹത്വത്തെയും തന്നേ, അവരുടെമേൽ വരുത്തും; അതു അതിന്റെ എല്ലാതോടുകളിലും പൊങ്ങി അതിന്റെ എല്ലാകരകളെയും കവിഞ്ഞൊഴുകും. 8അതു യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും.
9ജാതികളേ, കലഹിപ്പിൻ; തകർന്നുപോകുവിൻ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊൾവിൻ; അര കെട്ടിക്കൊൾവിൻ; തകർന്നുപോകുവിൻ. അര കെട്ടിക്കൊൾവിൻ, തകർന്നുപോകുവിൻ. 10കൂടി ആലോചിച്ചുകൊൾവിൻ; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറെപ്പിൻ; സാദ്ധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടുകൂടെ ഉണ്ടു. 11യഹോവ ബലമുള്ള കൈകൊണ്ടു എന്നെ പിടിച്ചു എന്നോടു അരുളിച്ചെയ്തു ഞാൻ ഈ ജനത്തിന്റെ വഴിയിൽ നടക്കാതെയിരിക്കേണ്ടതിന്നു എനിക്കു ഉപദേശിച്ചുതന്നതെന്തെന്നാൽ: 12#1. പത്രൊസ് 3:14,15ഈ ജനം കൂട്ടുകെട്ടു എന്നു പറയുന്നതിന്നൊക്കെയും കൂട്ടുകെട്ടു എന്നു നിങ്ങൾ പറയരുതു; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുതു, ഭ്രമിച്ചുപോകയുമരുതു. 13സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിൻ; അവൻ തന്നേ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ. 14#1. പത്രൊസ് 2:8എന്നാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽഗൃഹത്തിന്നു രണ്ടിന്നും അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേം നിവാസികൾക്കു ഒരു കുടുക്കും കണിയും ആയിരിക്കും. 15പലരും അതിന്മേൽ തട്ടിവീണു തകർന്നുപോകയും കണിയിൽ കുടുങ്ങി പിടിപെടുകയും ചെയ്യും.
16സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വെക്കുക. 17#എബ്രായർ 2:13ഞാനോ യാക്കോബ് ഗൃഹത്തിന്നു തന്റെ മുഖം മറെച്ചുകളഞ്ഞ യഹോവെക്കായി കാത്തിരിക്കയും പ്രത്യാശിക്കയും ചെയ്യും. 18#എബ്രായർ 2:13ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോൻപർവ്വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു. 19വെളിച്ചപ്പാടന്മാരോടു ചിലെക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിപ്പിൻ എന്നു അവർ നിങ്ങളോടു പറയുന്നുവെങ്കിൽ - ജനം തങ്ങളുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടതു? ജീവനുള്ളവർക്കു വേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടതു? 20ഉപദേശത്തിന്നും സാക്ഷ്യത്തിന്നും വരുവിൻ! അവർ ഈ വാക്കുപോലെ പറയുന്നില്ലെങ്കിൽ - അവർക്കു അരുണോദയം ഉണ്ടാകയില്ല. 21അവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവർക്കു വിശക്കുമ്പോൾ അവർ മുഷിഞ്ഞു തങ്ങളുടെ രാജാവിനെയും തങ്ങളുടെ ദൈവത്തെയും ശപിച്ചു മുഖം മേലോട്ടു തിരിക്കും. 22അവർ ഭൂമിയിൽ നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും കാണും; കൂരിരുട്ടിലേക്കു അവരെ തള്ളിക്കളയും.