10
1യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്തു?
കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്തു?
2ദുഷ്ടന്റെ അഹങ്കാരത്താൽ എളിയവൻ തപിക്കുന്നു;
അവർ നിരൂപിച്ച ഉപായങ്ങളിൽ അവർ തന്നേ പിടിപെടട്ടെ.
3ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു;
ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു.
4ദുഷ്ടൻ ഉന്നതഭാവത്തോടെ: അവൻ ചോദിക്കയില്ല എന്നു പറയുന്നു;
ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.
5അവന്റെ വഴികൾ എല്ലായ്പോഴും സഫലമാകുന്നു;
നിന്റെ ന്യായവിധികൾ അവൻ കാണാതവണ്ണം ഉയരമുള്ളവ;
തന്റെ സകലശത്രുക്കളോടും അവൻ ചീറുന്നു.
6ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല
എന്നു അവൻ തന്റെ ഹൃദയത്തിൽ പറയുന്നു.
7 #
റോമർ 3:14
അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു;
അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു.
8അവൻ ഗ്രാമങ്ങളുടെ ഒളിവുകളിൽ പതിയിരിക്കുന്നു;
മറവിടങ്ങളിൽവെച്ചു അവൻ കുറ്റമില്ലാത്തവനെ കൊല്ലുന്നു;
അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണു വെച്ചിരിക്കുന്നു.
9സിംഹം മുറ്റുകാട്ടിൽ എന്നപോലെ അവൻ മറവിടത്തിൽ പതുങ്ങുന്നു;
എളിയവനെ പിടിപ്പാൻ അവൻ പതിയിരിക്കുന്നു;
എളിയവനെ തന്റെ വലയിൽ ചാടിച്ചു പിടിക്കുന്നു.
10അവൻ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു;
അഗതികൾ അവന്റെ ബലത്താൽ വീണു പോകുന്നു.
11ദൈവം മറന്നിരിക്കുന്നു, അവൻ തന്റെ മുഖം മറെച്ചിരിക്കുന്നു;
അവൻ ഒരുനാളും കാണുകയില്ല എന്നു അവൻ ഹൃദയത്തിൽ പറയുന്നു.
12യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തേണമേ;
എളിയവരെ മറക്കരുതേ.
13ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും
നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളിൽ പറയുന്നതും എന്തിന്നു?
14നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ടു പകരം ചെയ്‌വാൻ
ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു;
അഗതി തന്നേത്താൻ നിങ്കൽ ഏല്പിക്കുന്നു;
അനാഥന്നു നീ സഹായി ആകുന്നു.
15ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ;
ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിന്നു പ്രതികാരം ചെയ്യേണമേ.
16യഹോവ എന്നെന്നേക്കും രാജാവാകുന്നു;
ജാതികൾ അവന്റെ ദേശത്തുനിന്നു നശിച്ചു പോയിരിക്കുന്നു.
17ഭൂമിയിൽനിന്നുള്ള മർത്യൻ ഇനി ഭയപ്പെടുത്താതിരിപ്പാൻ
നീ അനാഥന്നും പീഡിതന്നും ന്യായപാലനം ചെയ്യേണ്ടതിന്നു
18യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു;
അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കയും നിന്റെ ചെവി ചായിച്ചു കേൾക്കയും ചെയ്യുന്നു.