45
സംഗീതപ്രമാണിക്കു; സാരസരാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു ധ്യാനം. പ്രേമഗീതം.
1എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു;
എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാൻ പറയുന്നു.
എന്റെ നാവു സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു.
2നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ;
ലാവണ്യം നിന്റെ അധരങ്ങളിന്മേൽ പകർന്നിരിക്കുന്നു;
അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.
3വീരനായുള്ളോവേ, നിന്റെ വാൾ അരെക്കു കെട്ടുക;
നിന്റെ തേജസ്സും നിന്റെ മഹിമയും തന്നേ.
4സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിന്നു
നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക;
നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചുതരുമാറാകട്ടെ.
5നിന്റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു;
ജാതികൾ നിന്റെ കീഴിൽ വീഴുന്നു;
രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്തു അവ തറെക്കുന്നു.
6 #
എബ്രായർ 1:8,9 ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു;
നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.
7നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു;
അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നേ, നിന്റെ കൂട്ടുകാരിൽ പരമായി
നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.
8നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുഗന്ധമായിരിക്കുന്നു;
ദന്തമന്ദിരങ്ങളിൽനിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.
9നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ടു;
നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർ തങ്കം അണിഞ്ഞുനില്ക്കുന്നു.
10അല്ലയോ കുമാരീ, കേൾക്ക; നോക്കുക; ചെവിചായ്ക്ക.
സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക.
11അപ്പോൾ രാജാവു നിന്റെ സൗന്ദര്യത്തെ ആഗ്രഹിക്കും;
അവൻ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊൾക.
12സോർനിവാസികൾ, ജനത്തിലെ ധനവാന്മാർ തന്നേ,
കാഴ്ചവെച്ചു നിന്റെ മുഖപ്രസാദം തേടും.
13അഃന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു;
അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളതു.
14അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരും;
അവളുടെ തോഴിമാരായി കൂടെനടക്കുന്ന കന്യകമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും.
15സന്തോഷത്തോടും ഉല്ലാസത്തോടും കൂടെ അവരെ കൊണ്ടുവരും;
അവർ രാജമന്ദിരത്തിൽ പ്രവേശിക്കും.
16നിന്റെ പുത്രന്മാർ നിന്റെ പിതാക്കന്മാർക്കു പകരം ഇരിക്കും;
സർവ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.
17ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും.
അതുകൊണ്ടു ജാതികൾ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.