5
ദൈവാലയം നിർമിക്കുന്നതിനുള്ള ഒരുക്കങ്ങൾ
1ശലോമോൻ തന്റെ പിതാവായ ദാവീദിന്റെ പിൻതുടർച്ചാവകാശിയായി വാഴുന്നതിന് അഭിഷേകം ചെയ്യപ്പെട്ടു എന്ന് സോരിലെ രാജാവായ ഹീരാമിന് അറിവുകിട്ടി. അദ്ദേഹം എപ്പോഴും ദാവീദുരാജാവുമായി സൗഹൃദത്തിലായിരുന്നു. അതുകൊണ്ട് ഹീരാം ശലോമോന്റെ അടുക്കൽ സ്ഥാനപതികളെ അയച്ച് അദ്ദേഹത്തെ അനുമോദിച്ചു. 2ശലോമോൻ ഹീരാംരാജാവിന് ഇപ്രകാരം ഒരു സന്ദേശം തിരികെ അയച്ചു:
3“എന്റെ പിതാവായ ദാവീദിന്റെ ശത്രുക്കളെ യഹോവ അദ്ദേഹത്തിന്റെ കാൽക്കീഴാക്കുന്നതുവരെ അദ്ദേഹത്തിന് ചുറ്റുമുള്ള സകലരാജ്യങ്ങളോടും യുദ്ധത്തിൽ ഏർപ്പെടേണ്ടിവന്നതിനാൽ, തന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം നിർമിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്നു താങ്കൾക്കറിയാമല്ലോ! 4എന്നാൽ, എനിക്കിപ്പോൾ ഒരു പ്രതിയോഗിയോ വിഘ്നമോ ഇല്ല. എന്റെ ദൈവമായ യഹോവ എനിക്ക് എല്ലാഭാഗത്തും സ്വസ്ഥത നൽകിയിരിക്കുന്നു. 5‘നിനക്കുപകരം നിന്റെ സിംഹാസനത്തിൽ ഞാൻ അവരോധിക്കുന്ന നിന്റെ മകൻ എന്റെ നാമത്തിന് ഒരു ആലയം നിർമിക്കും,’ എന്ന് യഹോവ എന്റെ പിതാവായ ദാവീദിനോട് അരുളിച്ചെയ്തപ്രകാരം ഞാൻ എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം നിർമിക്കാൻ ആലോചിക്കുന്നു.
6“ആകയാൽ, ലെബാനോനിൽനിന്ന് എനിക്കുവേണ്ടി ദേവദാരുക്കൾ മുറിക്കാൻ കൽപ്പന കൊടുത്താലും! എന്റെ സേവകരും താങ്കളുടെ സേവകരോടൊപ്പം ജോലിചെയ്യുന്നതായിരിക്കും. താങ്കളുടെ ആളുകൾക്ക് താങ്കൾ നിശ്ചയിക്കുന്ന വേതനവും ഞാൻ നൽകുന്നതായിരിക്കും. മരം മുറിക്കുന്നതിൽ സീദോന്യരെപ്പോലെ വൈദഗ്ദ്ധ്യമുള്ളവർ ഞങ്ങൾക്കില്ല എന്ന് അങ്ങേക്കറിയാമല്ലോ.”
7ശലോമോൻ അയച്ച സന്ദേശം വായിച്ചുകേട്ടപ്പോൾ ഹീരാം അത്യധികം സന്തോഷിച്ചു. “ഈ മഹാജനതയെ ഭരിക്കാൻ ഇത്ര ജ്ഞാനമുള്ള ഒരു പുത്രനെ ദാവീദിനു നൽകിയ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ,” എന്ന് അദ്ദേഹം പ്രതികരിച്ചു.
8ഹീരാം ഇപ്രകാരമൊരു മറുപടിയും ശലോമോന് കൊടുത്തയച്ചു:
“അങ്ങ് കൊടുത്തയച്ച സന്ദേശം എനിക്കു ലഭിച്ചു. ദേവദാരുക്കളും സരളമരങ്ങളും തരുന്ന കാര്യത്തിൽ അങ്ങ് ആഗ്രഹിക്കുന്നതുപോലെയെല്ലാം ഞാൻ ചെയ്യാം. 9എന്റെ ജോലിക്കാർതന്നെ ലെബാനോനിൽനിന്നു തടികൾ മെഡിറ്ററേനിയൻ കടലിലേക്ക് ഇറക്കി അവിടെനിന്ന് ചങ്ങാടങ്ങളാക്കി അങ്ങു പറയുന്ന സ്ഥലത്ത് കടൽവഴിയായി എത്തിച്ച് അതിന്റെ കെട്ട് അഴിച്ചുതരുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ചെയ്യും. തുടർന്ന് അവരിൽനിന്ന് അങ്ങ് അവ ഏറ്റുവാങ്ങുമല്ലോ. എന്റെ രാജഗൃഹത്തിനുവേണ്ട ഭക്ഷണസാധനങ്ങൾ എത്തിച്ചുതരുന്ന കാര്യത്തിൽ എന്റെ ആഗ്രഹവും സാധിച്ചുതന്നാലും.”
10ഇപ്രകാരം, ഹീരാം ശലോമോന് ആവശ്യമായിരുന്ന ദേവദാരുക്കളും സരളമരങ്ങളും നൽകിവന്നു. 11ശലോമോനാകട്ടെ, ഹീരാമിന്റെ ഗൃഹത്തിന് 20,000 കോർ#5:11 ഏക. 3600 ടൺ ഗോതമ്പും ആട്ടിയെടുത്ത 20,000 കോർ#5:11 2 ദിന. 2:10 കാണുക. ചി.കൈ.പ്ര. ഇരുപതുകോർ#5:11 ഏക. 4,44,000 ലി.; ചി.കൈ.പ്ര. ഇരുപതുകോർ ഒലിവെണ്ണയും ഭക്ഷണത്തിനായി കൊടുത്തുപോന്നു. ശലോമോൻ വർഷംതോറും ഇവ ഹീരാമിന് കൊടുത്തുകൊണ്ടിരുന്നു. 12യഹോവ, താൻ വാഗ്ദാനം ചെയ്തിരുന്നപ്രകാരം ശലോമോനു ജ്ഞാനം നൽകി. ഹീരാമും ശലോമോനുംതമ്മിൽ സമാധാനത്തിൽ തുടരുകയും ഇരുവരും ഒരു ഉടമ്പടിയിൽ ഏർപ്പെടുകയും ചെയ്തു.
13അതിനുശേഷം, ശലോമോൻരാജാവ് സകല ഇസ്രായേലിൽനിന്നും നിർബന്ധിതവേലയ്ക്കായി മുപ്പതിനായിരം ആളുകളെ നിയോഗിച്ചു. 14അദ്ദേഹം അവരെ പതിനായിരംപേർവീതമുള്ള ഓരോ സംഘമായി മാസംതോറും ലെബാനോനിലേക്ക് മാറിമാറി അയച്ചുകൊണ്ടിരുന്നു. അവർ ഒരുമാസം ലെബാനോനിൽ ജോലിചെയ്തശേഷം രണ്ടുമാസം സ്വഭവനങ്ങളിൽ താമസിച്ചിരുന്നു. നിർബന്ധിതമായി വേലചെയ്യുന്നവരുടെ മേധാവി അദോനിരാം ആയിരുന്നു. 15ശലോമോന് മലകളിൽ എഴുപതിനായിരം ചുമട്ടുകാരും എൺപതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു. 16മൂവായിരത്തി മുന്നൂറു#5:16 ചി.കൈ.പ്ര. 3,600 പ്രധാനകാര്യസ്ഥന്മാർ ഇവർക്കു മേൽനോട്ടം വഹിച്ചിരുന്നു. 17രാജകൽപ്പനപ്രകാരം ചെത്തിയൊരുക്കിയ കല്ലുകൊണ്ട് ദൈവാലയത്തിന് അടിത്തറ പണിയുന്നതിന് അവർ വിലപിടിപ്പുള്ള വലിയ കല്ലുകൾ പാറമടയിൽനിന്നു വെട്ടിയെടുത്തു. 18ശലോമോന്റെയും ഹീരാമിന്റെയും ശില്പികളും, ഗിബലിൽനിന്നുള്ളവരും#5:18 പൗരാണിക ഗ്രീക്കു സാഹിത്യത്തിൽ ബിബ്ലോസ് എന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. ദൈവാലയനിർമാണത്തിനുള്ള കല്ലുകളും തടികളും ചെത്തിമിനുക്കി.