9
ശമുവേൽ ശൗലിനെ അഭിഷേകം ചെയ്യുന്നു
1ബെന്യാമീൻഗോത്രത്തിൽ കീശ് എന്നു പേരുള്ള ധനികനായ ഒരാൾ ഉണ്ടായിരുന്നു. അദ്ദേഹം അബിയേലിന്റെ മകനായിരുന്നു. അബിയേൽ സെറോറിന്റെ മകനും സെറോർ ബെഖോറത്തിന്റെ മകനും ബെഖോറത്ത് ബെന്യാമീന്യനായ അഫീഹിന്റെ മകനും ആയിരുന്നു. 2കീശിനു ശൗൽ എന്നു പേരുള്ള അതിസുന്ദരനും യുവാവുമായ ഒരു മകൻ ഉണ്ടായിരുന്നു. ഇസ്രായേൽമക്കളിൽ അദ്ദേഹത്തെക്കാൾ സുമുഖനായ ഒരു പുരുഷൻ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ തോളും തലയും ദേശത്തുണ്ടായിരുന്ന എല്ലാവരെക്കാളും ഉയരമുള്ളതായിരുന്നു.
3ഒരു ദിവസം ശൗലിന്റെ പിതാവായ കീശിന്റെ കഴുതകളെ കാണാതായി. കീശ് തന്റെ മകനായ ശൗലിനെ വിളിച്ച്, “സേവകന്മാരിൽ ഒരാളെയും കൂട്ടിക്കൊണ്ടുപോയി നമ്മുടെ കഴുതകളെ തെരയുക!” എന്നു പറഞ്ഞു. 4അങ്ങനെ അദ്ദേഹം എഫ്രയീം മലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു. എന്നാൽ കഴുതകളെ കണ്ടുകിട്ടിയില്ല. അവർ ശാലീം ദേശത്തിലൂടെയും സഞ്ചരിച്ചു; എങ്കിലും അവയെ കണ്ടെത്താനായില്ല. തുടർന്ന് അദ്ദേഹം ബെന്യാമീൻദേശത്തുകൂടി പോയി. എന്നിട്ടും അവയെ കാണാൻ കഴിഞ്ഞില്ല.
5അവർ സൂഫ് ദേശത്ത് എത്തിയപ്പോൾ ശൗൽ കൂടെയുണ്ടായിരുന്ന ഭൃത്യനോട്: “വരിക; നമുക്കു തിരിച്ചുപോകാം. അല്ലെങ്കിൽ പിതാവ് കഴുതകളെപ്പറ്റിയുള്ള ചിന്തവിട്ട് നമ്മെപ്പറ്റി ആകുലചിത്തനാകും” എന്നു പറഞ്ഞു.
6എന്നാൽ ഭൃത്യൻ: “ഈ പട്ടണത്തിൽ ഒരു ദൈവപുരുഷനുണ്ട്. അദ്ദേഹം ആദരണീയനായ ഒരു വ്യക്തിയാണ്; അദ്ദേഹം പറയുന്ന കാര്യങ്ങളെല്ലാം അതുപോലെ സംഭവിക്കും. നമുക്ക് അവിടേക്കു പോകാം. ഒരുപക്ഷേ നാം പോകേണ്ട വഴി അദ്ദേഹം പറഞ്ഞുതരും” എന്നു പറഞ്ഞു.
7ശൗൽ ഭൃത്യനോട്: “നാം അദ്ദേഹത്തിന്റെ അടുത്തേക്കു പോയാൽ അദ്ദേഹത്തിനായി എന്താണ് കൊണ്ടുപോകുക? നമ്മുടെ ഭാണ്ഡത്തിലെ ഭക്ഷണസാധനങ്ങൾ തീർന്നിരിക്കുന്നു. ദൈവപുരുഷനു കാഴ്ച വെക്കാനായി നമ്മുടെ പക്കൽ ഒന്നുമില്ലല്ലോ! നമ്മുടെ പക്കൽ എന്തെങ്കിലുമുണ്ടോ?” എന്നു ചോദിച്ചു.
8അപ്പോൾ ഭൃത്യൻ വീണ്ടും: “ഇതാ, എന്റെ കൈവശം കാൽ ശേക്കേൽ#9:8 ഏക. 3 ഗ്രാം. വെള്ളിയുണ്ട്. ഞാനതു ദൈവപുരുഷനു കാഴ്ചവെക്കാം; നാം പോകേണ്ടതായവഴി അദ്ദേഹം ഉപദേശിച്ചുതരും” എന്നു പറഞ്ഞു. 9(മുമ്പ് ഇസ്രായേലിൽ, ഒരു മനുഷ്യൻ ദൈവഹിതം ആരായുന്നതിനായി പോകുമ്പോൾ “വരൂ, നമുക്കു ദർശകന്റെ അടുത്തേക്കു പോകാം,” എന്നു പറയുമായിരുന്നു. ഇന്നു പ്രവാചകൻ എന്നറിയപ്പെടുന്ന ആൾ അന്ന് ദർശകൻ എന്നു വിളിക്കപ്പെട്ടിരുന്നു.)
10“അതു കൊള്ളാം, വരൂ, നമുക്കു പോകാം,” എന്നു ശൗൽ തന്റെ ഭൃത്യനോടു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചിരുന്ന പട്ടണത്തിലേക്കു യാത്രതിരിച്ചു.
11അവർ മല കയറി പട്ടണത്തിലേക്കു ചെല്ലുമ്പോൾ ഏതാനും യുവതികൾ വെള്ളം കോരുന്നതിനായി ഇറങ്ങിവരുന്നതു കണ്ടു. “ദർശകൻ ഇവിടെയുണ്ടോ?” എന്ന് ശൗലും ഭൃത്യനും അവരോടു ചോദിച്ചു.
12അവർ മറുപടി പറഞ്ഞു: “ഉണ്ട്, അദ്ദേഹം ഇവിടെയുണ്ട്. അതാ, അദ്ദേഹം നിങ്ങളുടെമുമ്പിൽത്തന്നെയുണ്ട്. വേഗം ചെല്ലുക. ഇന്നു ജനങ്ങൾക്കു മലയിൽവെച്ച് ഒരു യാഗം ഉള്ളതിനാൽ അദ്ദേഹം ഇന്നാണു ഞങ്ങളുടെ പട്ടണത്തിൽ വന്നെത്തിയത്. 13നിങ്ങൾ പട്ടണത്തിൽ പ്രവേശിച്ചാലുടൻ, മലയിലേക്കു ഭക്ഷണത്തിനായി പുറപ്പെടുന്നതിനുമുമ്പുതന്നെ അദ്ദേഹത്തെ കാണണം. അദ്ദേഹം വന്നെത്തുന്നതുവരെ ജനം ഭക്ഷണം കഴിക്കുകയില്ല. കാരണം അദ്ദേഹം യാഗം ആശീർവദിക്കണം; അതിനുശേഷമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷണം കഴിക്കൂ. വേഗം കയറിച്ചെല്ലുക; ഇപ്പോൾത്തന്നെ അദ്ദേഹത്തെ കാണാൻ കഴിയും.”
14അവർ കയറ്റം കയറി പട്ടണത്തിലേക്കു ചെന്നു. അവർ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോൾ ശമുവേൽ പ്രവാചകൻ യാഗമർപ്പിക്കുന്നതിനു മലയിലേക്കു പോകാൻ അവർക്കെതിരേ വന്നു.
15ശൗൽ വന്നെത്തുന്നതിന്റെ തലേദിവസം യഹോവ ശമുവേലിന് ഇപ്രകാരം വെളിപ്പെടുത്തിക്കൊടുത്തിരുന്നു: 16“നാളെ ഏകദേശം ഈ നേരത്ത് ബെന്യാമീൻദേശത്തുനിന്ന് ഒരു പുരുഷനെ ഞാൻ നിന്റെ അടുത്തേക്കയയ്ക്കും. എന്റെ ജനമായ ഇസ്രായേലിനു ഭരണാധിപനായി അവനെ അഭിഷേകംചെയ്യുക! അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ സന്നിധിയിൽ എത്തിയിരിക്കുകയാൽ ഞാനവരോട് കരുണകാണിച്ചിരിക്കുന്നു.”
17ശമുവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ അദ്ദേഹത്തോട്: “ഞാൻ നിന്നോടു പറഞ്ഞിരുന്ന പുരുഷൻ ഇതാണ്; ഇവൻ എന്റെ ജനത്തെ ഭരിക്കും” എന്ന് അരുളിച്ചെയ്തു.
18ശൗൽ പടിവാതിൽക്കൽവെച്ച് ശമുവേലിനെ സമീപിച്ച്: “ദർശകന്റെ ഭവനം ഏതാണെന്ന് ദയവായി പറഞ്ഞുതരുമോ?” എന്നു ചോദിച്ചു.
19ശമുവേൽ മറുപടികൊടുത്തു: “ദർശകൻ ഞാൻതന്നെ! എനിക്കുമുമ്പായി മലയിലേക്കു നടന്നുകൊള്ളുക! ഇന്ന് നിങ്ങൾ എന്നോടുകൂടെ ഭക്ഷണം കഴിക്കണം; നാളെ രാവിലെ ഞാൻ താങ്കളെ യാത്രയാക്കാം; താങ്കളുടെ ഹൃദയത്തിലുള്ളതെല്ലാം താങ്കളോടു പറയുകയും ചെയ്യാം. 20മൂന്നുദിവസംമുമ്പ് നിങ്ങൾക്കു നഷ്ടപ്പെട്ട കഴുതകളുടെ കാര്യത്തിൽ വ്യാകുലചിത്തരാകേണ്ട. അവ കണ്ടുകിട്ടിയിരിക്കുന്നു. ഇസ്രായേലിന്റെ ആഗ്രഹമെല്ലാം ആരുടെമേൽ? താങ്കളുടെമേലും താങ്കളുടെ പിതൃഭവനത്തിന്മേലും അല്ലയോ?”
21അപ്പോൾ ശൗൽ: “ഞാനൊരു ബെന്യാമീന്യനാണല്ലോ? ഇസ്രായേലിന്റെ സകലഗോത്രങ്ങളിലുംവെച്ച് ഏറ്റം ചെറിയ ഗോത്രത്തിൽനിന്നുള്ളവൻ! എന്റെ കുലം ബെന്യാമീൻഗോത്രത്തിലെ സകലകുലങ്ങളിലുംവെച്ച് ഏറ്റവും ചെറുതായിരിക്കെ, അങ്ങ് എന്തുകൊണ്ടാണ് എന്നോടിങ്ങനെ പറയുന്നത്?” എന്നു ചോദിച്ചു.
22അതിനുശേഷം ശമുവേൽ ശൗലിനെയും ഭൃത്യനെയും വിരുന്നുശാലയിലേക്കു കൂട്ടിക്കൊണ്ടുവന്ന് ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിൽ പ്രധാനസ്ഥാനത്തിരുത്തി. ക്ഷണിക്കപ്പെട്ടവർ ഏകദേശം മുപ്പതു പേരായിരുന്നു. 23ശമുവേൽ പാചകക്കാരനോട്, “പ്രത്യേകം മാറ്റിവെക്കാനായി ഞാൻ പറഞ്ഞേൽപ്പിച്ചിരുന്ന ഓഹരി കൊണ്ടുവരിക” എന്നു പറഞ്ഞു.
24അങ്ങനെ പാചകക്കാരൻ കൈക്കുറകും അതിന്മേലുള്ളതും കൊണ്ടുവന്ന് ശൗലിന്റെ മുമ്പിൽ വിളമ്പി. അപ്പോൾ ശമുവേൽ: “താങ്കൾക്കുവേണ്ടി മാറ്റി സൂക്ഷിച്ചുവെച്ചിരുന്ന ഭക്ഷണമിതാ! ഭക്ഷിച്ചുകൊൾക! ഈ അവസരത്തിൽ താങ്കൾക്കു തരുവാനായി വേർതിരിച്ചുവെച്ചിരുന്നതാണിത്. ‘ഞാനും വിരുന്നുകാരെ ക്ഷണിച്ചിട്ടുണ്ട്,’ എന്നു പറഞ്ഞുകൊണ്ട് ഇതു ഞാൻ താങ്കൾക്കുവേണ്ടി സൂക്ഷിച്ചുവെച്ചിരുന്നതാണ്” എന്നു പറഞ്ഞു. അങ്ങനെ അന്ന് ശൗൽ ശമുവേലിനോടുകൂടെ ഭക്ഷണം കഴിച്ചു.
25അവർ മലയിൽനിന്നിറങ്ങി പട്ടണത്തിൽ വന്നശേഷം ശമുവേൽ തന്റെ വീടിന്റെ മട്ടുപ്പാവിലിരുന്ന് ശൗലുമായി സംസാരിച്ചു. 26പ്രഭാതത്തിൽ അവർ ഉണർന്നെഴുന്നേറ്റു. ശമുവേൽ മട്ടുപ്പാവിൽചെന്ന് ശൗലിനെ വിളിച്ചു. “എഴുന്നേൽക്കുക. ഇന്നു ഞാൻ താങ്കളെ യാത്രയയയ്ക്കാം,” എന്നു പറഞ്ഞു. ശൗൽ യാത്രയ്ക്ക് ഒരുങ്ങിക്കഴിഞ്ഞപ്പോൾ അവർ ഒന്നിച്ചു യാത്രപുറപ്പെട്ടു. 27പട്ടണത്തിന്റെ അതിരിലേക്ക് അവർ ഇറങ്ങിക്കൊണ്ടിരുന്നപ്പോൾ ശമുവേൽ ശൗലിനോട്: “ഭൃത്യനോട് മുമ്പോട്ടുകയറി നടന്നുകൊള്ളാൻ പറയുക” എന്നു പറഞ്ഞു. ഭൃത്യൻ അപ്രകാരംചെയ്തു. അപ്പോൾ ശമുവേൽ: “അൽപ്പനേരം നിൽക്കുക! ദൈവത്തിന്റെ അരുളപ്പാട് എനിക്കു താങ്കളെ അറിയിക്കാനുണ്ട്” എന്നു പറഞ്ഞു.