14
1അബീയാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ ആസാ അനന്തരാവകാശിയായി രാജ്യഭാരമേറ്റു. ആസായുടെകാലത്ത് പത്തുവർഷത്തേക്ക് ദേശത്തു സമാധാനം നിലനിന്നു.
ആസാ യെഹൂദാരാജാവ്
2ആസാ തന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായതും നീതിയായുള്ളതും പ്രവർത്തിച്ചു. 3അദ്ദേഹം അന്യദേവന്മാരുടെ ബലിപീഠങ്ങളും ക്ഷേത്രങ്ങളും നീക്കിക്കളഞ്ഞു; ആചാരസ്തൂപങ്ങൾ ഇടിച്ചുതകർത്തു; അശേരാപ്രതിഷ്ഠകൾ#14:3 അതായത്, തടിയിൽ പണികഴിപ്പിച്ച അശേരാദേവിയുടെ പ്രതീകങ്ങൾ. വെട്ടിവീഴ്ത്തുകയും ചെയ്തു. 4തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിക്കാനും അവിടത്തെ നിയമങ്ങളും കൽപ്പനകളും അനുസരിക്കാനും അദ്ദേഹം യെഹൂദയോട് ആജ്ഞാപിച്ചു. 5എല്ലാ യെഹൂദാനഗരങ്ങളിൽനിന്നും ക്ഷേത്രങ്ങളും ധൂപബലിപീഠങ്ങളും അദ്ദേഹം നീക്കംചെയ്തു. അദ്ദേഹത്തിന്റെ ഭരണത്തിൽ ദേശം സമാധാനപൂർണമായിരുന്നു. 6ദേശത്തു സമാധാനം നിലനിന്നിരുന്നകാലത്ത് യെഹൂദ്യയിൽ കോട്ടകെട്ടി ബലപ്പെടുത്തിയ നഗരങ്ങൾ അദ്ദേഹം നിർമിച്ചു. യഹോവ അദ്ദേഹത്തിനു സ്വസ്ഥത നൽകിയിരുന്നു. അതിനാൽ ആ വർഷങ്ങളിൽ ആരും അദ്ദേഹവുമായി യുദ്ധത്തിലേർപ്പെട്ടില്ല.
7ആസാ യെഹൂദാജനതയോടു പറഞ്ഞു: “നമുക്ക് ഈ നഗരങ്ങൾ പണിയാം; അവയ്ക്കുചുറ്റും മതിലുകൾ തീർത്ത് ഗോപുരങ്ങളും കവാടങ്ങളും ഓടാമ്പലുകളും സ്ഥാപിച്ച് അവയെ ബലപ്പെടുത്താം. നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ട് നാട് ഇപ്പോഴും നമ്മുടെ അധീനതയിൽത്തന്നെ. നാം അവിടത്തെ അന്വേഷിച്ചു; അവിടന്ന് ചുറ്റുപാടും നമുക്കു സമാധാനം നൽകിയിരിക്കുന്നു.” അങ്ങനെ അവർ നിർമാണപ്രവർത്തനങ്ങൾ നടത്തി അഭിവൃദ്ധിപ്രാപിച്ചു.
8യെഹൂദ്യയിൽനിന്ന് വൻപരിചയും കുന്തവുമേന്തിയ മൂന്നുലക്ഷംപേരും ബെന്യാമീനിൽനിന്ന് ചെറുപരിചയും വില്ലും ധരിച്ച രണ്ടുലക്ഷത്തി എൺപതിനായിരംപേരും ഉൾക്കൊള്ളുന്ന ഒരു മഹാസൈന്യം ആസായ്ക്ക് ഉണ്ടായിരുന്നു. ഇവരെല്ലാം ധൈര്യശാലികളായ യോദ്ധാക്കളായിരുന്നു.
9ഒരിക്കൽ കൂശ്യനായ സേരഹ് പത്തുലക്ഷം#14:9 മൂ.ഭാ. ആയിരത്തിനുമേൽ ആയിരം ഭടന്മാരും മുന്നൂറു രഥങ്ങളുമായി യെഹൂദയ്ക്കെതിരേ പുറപ്പെട്ട് മാരേശാവരെ വന്നു. 10ആസാ അദ്ദേഹത്തെ നേരിടാൻ പുറപ്പെട്ടുചെന്നു; മാരേശായ്ക്കു സമീപം സെഫാഥാ താഴ്വരയിൽ അവർ സൈന്യത്തെ അണിനിരത്തി.
11അതിനുശേഷം ആസാ തന്റെ ദൈവമായ യഹോവയോടു നിലവിളിച്ചു പറഞ്ഞു: “യഹോവേ, ബലവാനെതിരേ ബലഹീനനെ തുണയ്ക്കാൻ അങ്ങയെപ്പോലെ മറ്റൊരുത്തനും ഇല്ല. ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു; ഞങ്ങളെ സഹായിക്കണേ. അങ്ങയുടെ നാമത്തിൽ ഞങ്ങൾ ഈ മഹാസൈന്യത്തിനെതിരേ വന്നിരിക്കുന്നു. യഹോവേ, അങ്ങുതന്നെ ഞങ്ങളുടെ ദൈവം. മനുഷ്യൻ അങ്ങേക്കെതിരേ പ്രബലപ്പെടാൻ ഇടയാക്കരുതേ!”
12അപ്പോൾ ആസായുടെയും യെഹൂദയുടെയും മുമ്പാകെ യഹോവ കൂശ്യർക്കു പരാജയം വരുത്തി. അവർ പലായനംചെയ്തു. 13ആസായും അദ്ദേഹത്തിന്റെ സൈന്യവും ഗെരാർവരെ അവരെ പിൻതുടർന്നു. ഒരിക്കലും നികത്താനാകാത്തവിധം അനേകം കൂശ്യർ#14:13 അതായത്, എത്യോപ്യക്കാർ വധിക്കപ്പെട്ടവരായി. യഹോവയുടെയും അവിടത്തെ സൈന്യത്തിന്റെയും മുമ്പിൽ അവർ തകർക്കപ്പെട്ടു. യെഹൂദാജനത വലിയൊരു കൊള്ളയുമായി മടങ്ങിപ്പോന്നു. 14ഗെരാറിനു ചുറ്റുമുള്ള സകലപട്ടണങ്ങളും അവർ നശിപ്പിച്ചു. യഹോവയെപ്പറ്റിയുള്ള ഭീതി ആ ദേശവാസികളിന്മേൽ വീണിരുന്നു. അവിടെ ധാരാളം കൊള്ളമുതലുണ്ടായിരുന്നതിനാൽ അവർ ആ നഗരങ്ങളെല്ലാം കൊള്ളയടിച്ചു. 15അവർ കന്നുകാലികളുടെ ഇടയന്മാരുടെ കൂടാരങ്ങളെയും ആക്രമിച്ചു. ധാരാളം ചെമ്മരിയാടുകളെയും കോലാടുകളെയും ഒട്ടകങ്ങളെയും അപഹരിച്ചുകൊണ്ട് അവർ ജെറുശലേമിലേക്കു മടങ്ങി.