അപ്പോ.പ്രവൃത്തികൾ 26

26
1അഗ്രിപ്പാ പൗലോസിനോട്, “നിന്റെപക്ഷം വിശദീകരിക്കാൻ നിനക്ക് അനുവാദമുണ്ട്” എന്നു പറഞ്ഞു.
അപ്പോൾ പൗലോസ് കൈ നീട്ടിക്കൊണ്ട് എതിർവാദം ആരംഭിച്ചു: 2“അഗ്രിപ്പാരാജാവേ, യെഹൂദരുടെ എല്ലാ ആരോപണങ്ങൾക്കുമെതിരായി, അങ്ങയുടെമുമ്പിൽ നിന്നുകൊണ്ട് പ്രതിവാദം നടത്താൻ ഇന്ന് എനിക്ക് അവസരം ലഭിച്ചതിൽ, ഞാൻ എന്നെത്തന്നെ ഭാഗ്യവാൻ എന്നു കരുതുന്നു. 3പ്രത്യേകിച്ചു യെഹൂദരുടെ ആചാരങ്ങളെക്കുറിച്ചും അവരുടെ മധ്യേയുള്ള തർക്കവിതർക്കങ്ങളെക്കുറിച്ചും അങ്ങ് വളരെ പരിചിതനാണല്ലോ. ആകയാൽ എനിക്കു പറയാനുള്ളതു ക്ഷമയോടെ കേൾക്കണമെന്നു ഞാൻ താഴ്മയായി അപേക്ഷിക്കുന്നു.
4“ജീവിതാരംഭംമുതൽ, ബാല്യത്തിൽ സ്വദേശത്തിലും തുടർന്ന് ജെറുശലേമിലും ഞാൻ ഏതുവിധമാണ് ജീവിച്ചുപോന്നിട്ടുള്ളത് എന്ന് എല്ലാ യെഹൂദർക്കും അറിവുള്ളതാണ്. 5ഒരു പരീശനായി, ഞങ്ങളുടെ മതത്തിൽ ഏറ്റവുമധികം നിഷ്ഠ പുലർത്തുന്ന വിഭാഗത്തിലാണ് ഞാൻ ജീവിച്ചത്. ദീർഘകാലമായി എന്നെ അറിയുന്ന യെഹൂദർ മനസ്സുവെച്ചാൽ എന്നെക്കുറിച്ചു സാക്ഷ്യം പറയാൻകഴിയും. 6ദൈവം ഞങ്ങളുടെ പിതാക്കന്മാർക്കു നൽകിയ വാഗ്ദാനത്തിലുള്ള എന്റെ പ്രത്യാശയാണ് ഞാൻ ഇന്നു വിസ്തരിക്കപ്പെടാനുള്ള കാരണം. 7ഞങ്ങളുടെ പന്ത്രണ്ട് ഗോത്രങ്ങളും രാപകൽ ശ്രദ്ധയോടെ ദൈവത്തെ ആരാധിച്ചുപോരുന്നത് ഈ വാഗ്ദാനം പ്രാപിക്കാമെന്ന പ്രത്യാശയോടെയാണ്. അല്ലയോ രാജാവേ, ഈ പ്രത്യാശനിമിത്തമാണ് യെഹൂദർ എന്റെമേൽ കുറ്റം ചുമത്തുന്നത്. 8ദൈവം മരിച്ചവരെ ഉയിർപ്പിക്കുന്നു എന്നതു വിശ്വാസയോഗ്യമല്ല എന്നു നിങ്ങൾക്കു തോന്നാൻ കാരണം എന്ത്?
9“നസറായനായ യേശുവിന്റെ നാമത്തിനു വിരോധമായി എന്നാൽ കഴിവതെല്ലാം ചെയ്യണമെന്ന് ഞാനും ചിന്തിച്ചിരുന്നു; 10ജെറുശലേമിൽ ഞാൻ ചെയ്തതും അതുതന്നെ. പുരോഹിതമുഖ്യന്മാരുടെ അധികാരപത്രം വാങ്ങി ഞാൻ അനേകം വിശുദ്ധരെ തടവിലാക്കുകയും, അവരെ നിഗ്രഹിക്കുന്നതിന് എന്റെ സമ്മതം നൽകുകയും ചെയ്തിട്ടുണ്ട്. 11ഞാൻ പലതവണ യെഹൂദപ്പള്ളികൾതോറും ചെന്ന് അവരെ ശിക്ഷിക്കുകയും ദൈവദൂഷണം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. അവർക്കെതിരേയുള്ള കോപം തലയ്ക്കു പിടിച്ചിട്ട്, അവരെ പീഡിപ്പിക്കാനായി ഞാൻ വിദേശനഗരങ്ങളിലും പോയിരുന്നു.
12“അങ്ങനെയുള്ള ഒരു യാത്രയിൽ, ഞാൻ പുരോഹിതമുഖ്യന്മാരിൽനിന്ന് അധികാരവും ആജ്ഞയും വാങ്ങി ദമസ്കോസിലേക്കു പോകുകയായിരുന്നു. 13അല്ലയോ രാജാവേ, ഉച്ചയോടടുത്ത സമയം, ഞാൻ വഴിയിലൂടെ പോകുമ്പോൾ ആകാശത്തുനിന്നു സൂര്യനെക്കാൾ ഉജ്ജ്വലമായ ഒരു പ്രകാശം എന്റെയും എന്റെ സഹയാത്രികരുടെയും ചുറ്റും മിന്നുന്നതുകണ്ടു. 14ഞങ്ങളെല്ലാവരും നിലത്തു വീണുപോയി; ‘ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്? ആണിയിൽ തൊഴിക്കുന്നതു നിനക്കു ഹാനികരമാണ്,’ എന്ന് എബ്രായഭാഷയിൽ പറയുന്ന ഒരു അശരീരി ഞാൻ കേട്ടു.
15“അപ്പോൾ ഞാൻ, ‘അങ്ങ് ആരാകുന്നു, കർത്താവേ?’ എന്നു ചോദിച്ചു.
“ ‘നീ ഉപദ്രവിക്കുന്ന യേശുവാണു ഞാൻ,’ കർത്താവ് ഉത്തരം പറഞ്ഞു. 16‘നീ എഴുന്നേറ്റു നിവർന്നുനിൽക്കുക; നീ എന്നെക്കുറിച്ചു കണ്ടതിനും ഇനി നിനക്കു കാണിച്ചുതരാനുള്ളതിനും നിന്നെ ഒരു ശുശ്രൂഷകനും സാക്ഷിയുമാക്കേണ്ടതിനാണു ഞാൻ പ്രത്യക്ഷനായത്. 17നിന്റെ സ്വജനത്തിൽനിന്നും സ്വജനം അല്ലാത്തവരിൽനിന്നും#26:17 മൂ.ഭാ. ജനതകളിൽനിന്നും ഞാൻ നിന്നെ രക്ഷിക്കും. 18അവരുടെ കണ്ണുകൾ തുറക്കാനും അവരെ ഇരുട്ടിൽനിന്ന് പ്രകാശത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്ന് ദൈവത്തിലേക്കും തിരിക്കാനും, അങ്ങനെ എന്നിലുള്ള വിശ്വാസത്താൽ അവർക്കു പാപക്ഷമയും വിശുദ്ധീകരിക്കപ്പെടുന്നവരുടെ ഇടയിൽ സ്ഥാനവും ലഭിക്കാനും ഞാൻ നിന്നെ അവരുടെ അടുത്തേക്കയയ്ക്കുന്നു.’
19“അതുകൊണ്ട് അഗ്രിപ്പാരാജാവേ, ഞാൻ സ്വർഗീയദർശനത്തോട് അനുസരണക്കേടുകാണിച്ചില്ല. 20ഒന്നാമത് ദമസ്കോസിലുള്ളവരോടും പിന്നെ ജെറുശലേംനഗരത്തിലും യെഹൂദ്യപ്രദേശത്തെങ്ങുമുള്ളവരോടും തുടർന്ന് യെഹൂദേതരരോടും അവർ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയണമെന്നും, അവരുടെ മാനസാന്തരം പ്രവൃത്തികളിലൂടെ തെളിയിക്കണമെന്നും ഞാൻ പ്രസംഗിച്ചു. 21ഇതാണ് യെഹൂദന്മാർ ദൈവാലയാങ്കണത്തിൽവെച്ച് എന്നെ പിടിച്ചു കൊല്ലാൻ ശ്രമിച്ചതിന് കാരണമായത്. 22ഈ ദിവസംവരെ ദൈവത്തിൽനിന്ന് സഹായം ലഭിച്ചതിനാൽ ഇവിടെ നിന്നുകൊണ്ട് ചെറിയവരോടും വലിയവരോടും ഒരുപോലെ സാക്ഷ്യം പറയുന്നു. 23ക്രിസ്തു കഷ്ടമനുഭവിക്കുമെന്നും മരിച്ചവരിൽനിന്ന് ആദ്യനായി ഉയിർത്തെഴുന്നേറ്റ് സ്വന്തം ജനമായ യെഹൂദർക്കും ഇതരർക്കും പ്രകാശം വിളംബരംചെയ്യുമെന്നും ആണ് ഈ സന്ദേശം. ഭാവിയിൽ സംഭവിക്കുമെന്ന് മോശയും മറ്റു പ്രവാചകന്മാരും പറഞ്ഞതിനപ്പുറമായി ഒന്നുംതന്നെ ഞാൻ പറയുന്നില്ല.”
24പൗലോസ് ഇങ്ങനെ പ്രതിവാദിച്ചുകൊണ്ടിരിക്കുമ്പോൾ ഫെസ്തൊസ് ഉച്ചത്തിൽ പറഞ്ഞു, “പൗലോസേ, നിനക്കു ഭ്രാന്താണ്. നിന്റെ വിദ്യാബഹുത്വം നിന്നെ ഭ്രാന്തനാക്കിയിരിക്കുന്നു.”
25അതിനു പൗലോസ്: “ബഹുമാന്യനായ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാൻ പറയുന്നത് സത്യവും യുക്തിസഹവുമാണ്. 26രാജാവിന് ഈ കാര്യങ്ങൾ നന്നായി അറിയാവുന്നതുകൊണ്ട്, എനിക്ക് അദ്ദേഹത്തോടു സ്വതന്ത്രമായി സംസാരിക്കാം. ഇത് ഏതോ ഒരു കോണിൽ നടന്ന കാര്യമല്ല. അതുകൊണ്ട് ഇത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടാതെ പോയിട്ടില്ല എന്ന് എനിക്കുറപ്പുണ്ട്. 27അഗ്രിപ്പാരാജാവേ, അങ്ങു പ്രവാചകന്മാരെ വിശ്വസിക്കുന്നോ? വിശ്വസിക്കുന്നെന്ന് എനിക്കറിയാം.”
28അപ്പോൾ അഗ്രിപ്പാ പൗലോസിനോട്, “ഈ അൽപ്പസമയത്തിനുള്ളിൽ എന്നെ ഒരു ക്രിസ്ത്യാനിയാക്കാമെന്നാണോ നീ ചിന്തിക്കുന്നത്?” എന്നു ചോദിച്ചു.
29അതിനു പൗലോസ്, “അൽപ്പസമയത്തിനുള്ളിലോ അധികസമയത്തിനുള്ളിലോ, എങ്ങനെയായാലും, അങ്ങുമാത്രമല്ല, ഇന്ന് എന്റെ വാക്കു കേൾക്കുന്ന എല്ലാവരും, ഈ ചങ്ങലയൊഴികെ, മറ്റെല്ലാറ്റിലും എന്നെപ്പോലെയായിത്തീരണം എന്നു ഞാൻ ദൈവത്തോടു പ്രാർഥിക്കുന്നു” എന്നു മറുപടി പറഞ്ഞു.
30രാജാവും ഭരണാധികാരിയും ബർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു. 31അവർ മുറി വിട്ടുപോകുമ്പോൾ, “ഈ മനുഷ്യൻ മരണത്തിനോ തടവിനോ അർഹമായതൊന്നും ചെയ്തിട്ടില്ല” എന്നു പരസ്പരം പറഞ്ഞു.
32അഗ്രിപ്പാ ഫെസ്തൊസിനോട്, “ഇയാൾ കൈസറുടെമുമ്പാകെ മേൽവിചാരണയ്ക് അപേക്ഷിച്ചിട്ടില്ലായിരുന്നെങ്കിൽ ഇയാളെ വിട്ടയയ്ക്കാമായിരുന്നു” എന്നു പറഞ്ഞു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

അപ്പോ.പ്രവൃത്തികൾ 26: MCV

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക