5
അനന്യാസും സഫീരയും
1അനന്യാസ് എന്നു പേരുള്ള ഒരാളും അയാളുടെ ഭാര്യ സഫീരയും ചേർന്ന് ഒരു സ്ഥലം വിറ്റു. 2കിട്ടിയ വിലയിൽ കുറെ സ്വന്തം ആവശ്യത്തിനായി മാറ്റിവെച്ചിട്ട് ബാക്കിയുള്ളതു ഭാര്യയുടെ അറിവോടുകൂടെ കൊണ്ടുവന്ന് അയാൾ അപ്പൊസ്തലന്മാരുടെ പാദത്തിൽ സമർപ്പിച്ചു.
3അപ്പോൾ പത്രോസ്, “അനന്യാസേ, പരിശുദ്ധാത്മാവിനോടു കാപട്യം കാണിക്കാനും സ്ഥലത്തിന്റെ വിലയിൽ കുറെ മാറ്റിവെക്കാനും സാത്താൻ നിന്റെ ഹൃദയത്തെ നിയന്ത്രിക്കാൻ നീ അനുവദിച്ചതെന്തിന്? 4ആ സ്ഥലം വിൽക്കുന്നതിനുമുമ്പ് നിന്റേതായിരുന്നില്ലേ? വിറ്റതിനുശേഷവും അതിന്റെ വില നിന്റെ കൈവശംതന്നെ ആയിരുന്നില്ലേ? പിന്നെ ഈ പ്രവൃത്തിചെയ്യാൻ നിനക്കു മനസ്സുവന്നതെങ്ങനെ? നീ മനുഷ്യരോടല്ല, ദൈവത്തോടാണ് കാപട്യം കാണിച്ചത്?” എന്നു പറഞ്ഞു.
5ഈ വാക്കുകൾ കേട്ടമാത്രയിൽ അനന്യാസ് നിലത്തുവീണു മരിച്ചു; ഇക്കാര്യം അറിഞ്ഞവരെല്ലാം ഭയവിഹ്വലരായി. 6പിന്നീട്, യുവാക്കൾ എഴുന്നേറ്റുചെന്ന് അയാളുടെ ശരീരം തുണിയിൽ പൊതിഞ്ഞു പുറത്തേക്കു ചുമന്നുകൊണ്ടുപോയി സംസ്കരിച്ചു.
7ഏകദേശം മൂന്നുമണിക്കൂർ കഴിഞ്ഞപ്പോൾ അനന്യാസിന്റെ ഭാര്യ ഈ സംഭവിച്ചതൊന്നും അറിയാതെ അകത്തുവന്നു. 8പത്രോസ് അവളോട് ചോദിച്ചു, “പറയൂ! ഈ വിലയ്ക്കാണോ നിങ്ങൾ നിലം വിറ്റത്?”
“അതേ, ഇത്രയ്ക്കുതന്നെയാണ്,” അവൾ പറഞ്ഞു.
9അപ്പോൾ പത്രോസ് അവളോട്, “കർത്താവിന്റെ ആത്മാവിനെ പരീക്ഷിക്കാൻ നിങ്ങൾ ധാരണയുണ്ടാക്കിയതെന്തിന്? നിന്റെ ഭർത്താവിനെ സംസ്കരിച്ചവർ ഇതാ വാതിൽക്കൽത്തന്നെ നിൽക്കുന്നുണ്ട്, അവർ നിന്നെയും പുറത്തേക്കു ചുമന്നുകൊണ്ടുപോകും” എന്നു പറഞ്ഞു.
10ഉടനെ അവൾ പത്രോസിന്റെ പാദത്തിങ്കൽ വീണുമരിച്ചു. അപ്പോൾ യുവാക്കൾ അകത്തുവന്ന്, അവൾ മരിച്ചെന്നുകണ്ട് പുറത്തേക്കു ചുമന്നുകൊണ്ടുപോയി അവളുടെ ഭർത്താവിന്റെ അരികെ സംസ്കരിച്ചു. 11സഭമുഴുവനും ഈ സംഭവം കേട്ടറിഞ്ഞ എല്ലാവരും സംഭീതരായി.
അപ്പൊസ്തലന്മാർ അനേകർക്കു രോഗസൗഖ്യം നൽകുന്നു
12അപ്പൊസ്തലന്മാർമുഖേന ജനമധ്യേ അനേകം ചിഹ്നങ്ങളും അത്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. വിശ്വാസികളെല്ലാം ദൈവാലയത്തിൽ ശലോമോൻ പണിയിച്ച മണ്ഡപത്തിൽ പതിവായി സമ്മേളിക്കുമായിരുന്നു. 13പൊതുജനം വിശ്വാസികളെ അത്യധികം ബഹുമാനിച്ചിരുന്നെങ്കിലും ആ സമൂഹത്തോടു സഹകരിക്കാൻ ആരും ധൈര്യപ്പെട്ടില്ല. 14ഇങ്ങനെയൊക്കെ ആയിരുന്നിട്ടും അനേകം സ്ത്രീപുരുഷന്മാർ കർത്താവിൽ വിശ്വസിച്ച് വിശ്വാസസമൂഹത്തോടു ചേർന്നു. 15പത്രോസ് കടന്നുപോകുമ്പോൾ അദ്ദേഹത്തിന്റെ നിഴലെങ്കിലും പതിക്കേണ്ടതിന് രോഗികളെ വീഥികളിൽ കൊണ്ടുവന്ന് കിടക്കകളിലും പായകളിലും കിടത്തുന്നിടത്തോളം ജനങ്ങളുടെ വിശ്വാസം വർധിച്ചു. 16ജെറുശലേമിനു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്നുപോലും ജനങ്ങൾ അവരുടെ രോഗികളെയും ദുരാത്മാബാധിതരെയും കൂട്ടിക്കൊണ്ടുവന്നു. അവർക്കെല്ലാം സൗഖ്യം ലഭിച്ചു.
അപ്പൊസ്തലന്മാർ ഉപദ്രവിക്കപ്പെടുന്നു
17അപ്പോൾ, മഹാപുരോഹിതനും അദ്ദേഹത്തിന്റെ സദൂക്യവിഭാഗക്കാരായ അനുയായികളും അസൂയാലുക്കളായി. 18അവർ അപ്പൊസ്തലന്മാരെ പിടിച്ചു പൊതുതടവറയിൽ അടച്ചു. 19എന്നാൽ, കർത്താവിന്റെ ഒരു ദൂതൻ രാത്രിയിൽ തടവറയുടെ വാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നു. 20ദൂതൻ അവരോട്, “നിങ്ങൾ പോകുക! ദൈവാലയത്തിൽച്ചെന്നുനിന്ന് ഈ ജീവന്റെ സമ്പൂർണസന്ദേശം ജനത്തെ അറിയിക്കുക” എന്നു പറഞ്ഞു.
21പ്രഭാതത്തിൽ അവർ ദൈവാലയാങ്കണത്തിൽ ചെന്നു തങ്ങളോടു നിർദേശിച്ചിരുന്നതുപോലെ ജനത്തെ ഉപദേശിച്ചുതുടങ്ങി.
മഹാപുരോഹിതനും അദ്ദേഹത്തിന്റെ സഹകാരികളും വന്ന്, ന്യായാധിപസമിതിയെ—ഇസ്രായേല്യ ഗോത്രത്തലവന്മാരെയെല്ലാം—വിളിച്ചുകൂട്ടി അപ്പൊസ്തലന്മാരെ കൊണ്ടുവരാൻ കാരാഗൃഹത്തിലേക്ക് ആളയച്ചു. 22എന്നാൽ, അവിടെ ചെന്നപ്പോൾ അവരെ കാണാത്തതിനാൽ സേവകർ മടങ്ങിവന്നു വിവരം അറിയിച്ചു. 23“കാരാഗൃഹം ഭദ്രമായി പൂട്ടിയിരിക്കുന്നതും കാവൽക്കാർ വാതിൽക്കൽ നിൽക്കുന്നതും ഞങ്ങൾ കണ്ടു; വാതിൽ തുറന്നപ്പോൾ ആരെയും അകത്തു കണ്ടില്ല.” 24ഇതു കേട്ടപ്പോൾ ദൈവാലയത്തിലെ കാവൽപ്പട്ടാളമേധാവിയും പുരോഹിതമുഖ്യന്മാരും ഇതെന്തായിത്തീരും എന്നോർത്ത് അവരെക്കുറിച്ചു പരിഭ്രാന്തരായിത്തീർന്നു.
25അപ്പോൾ ഒരാൾ വന്ന്, “നോക്കൂ, നിങ്ങൾ കാരാഗൃഹത്തിലടച്ച മനുഷ്യർ ദൈവാലയാങ്കണത്തിൽനിന്നുകൊണ്ടു ജനങ്ങളെ ഉപദേശിക്കുന്നു” എന്നു പറഞ്ഞു. 26അപ്പോൾ പട്ടാളമേധാവി സേവകരോടൊപ്പം ചെന്ന്, ജനങ്ങൾ തങ്ങളെ കല്ലെറിയുമെന്നുള്ള ഭയംനിമിത്തം ബലപ്രയോഗമൊന്നുംകൂടാതെ അപ്പൊസ്തലന്മാരെ കൂട്ടിക്കൊണ്ടുവന്നു.
27അവർ അവരെ കൊണ്ടുവന്നു ന്യായാധിപസമിതിക്കുമുമ്പിൽ ഹാജരാക്കി. മഹാപുരോഹിതൻ അവരെ വിസ്തരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: 28“ഈ മനുഷ്യന്റെ#5:28 അതായത്, യേശുവിന്റെ നാമത്തിൽ ഉപദേശിക്കരുതെന്ന് ഞങ്ങൾ നിങ്ങളോടു കർശനമായി കൽപ്പിച്ചിരുന്നു, എന്നിട്ടും നിങ്ങൾ നിങ്ങളുടെ ഉപദേശംകൊണ്ടു ജെറുശലേം നിറച്ചിരിക്കുന്നെന്നുമാത്രമല്ല, ഈ മനുഷ്യന്റെ മരണത്തിന്#5:28 മൂ.ഭാ. രക്തത്തിന് ഞങ്ങളെ കുറ്റക്കാരാക്കാൻ കച്ചകെട്ടിയിരിക്കുകയും ചെയ്തിരിക്കുന്നു.”
29പത്രോസും മറ്റ് അപ്പൊസ്തലന്മാരും ഇപ്രകാരം മറുപടി പറഞ്ഞു: “ഞങ്ങൾ മനുഷ്യരെയല്ല ദൈവത്തെയാണ് അനുസരിക്കേണ്ടത്. 30നിങ്ങൾ ക്രൂശിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. 31ഇസ്രായേലിനു മാനസാന്തരവും പാപക്ഷമയും നൽകേണ്ടതിന് ദൈവം അദ്ദേഹത്തെ പ്രഭുവും രക്ഷകനുമായി തന്റെ വലതുഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു. 32ഈ വസ്തുതയ്ക്കു ഞങ്ങളും ദൈവത്തെ അനുസരിക്കുന്നവർക്ക് അവിടന്ന് നൽകിയിട്ടുള്ള പരിശുദ്ധാത്മാവും സാക്ഷി.”
33ഇതു കേട്ടപ്പോൾ അവർ കോപാകുലരായി അപ്പൊസ്തലന്മാരെ കൊന്നുകളയാൻ തീരുമാനിച്ചു. 34അപ്പോൾത്തന്നെ ഒരു ന്യായപ്രമാണോപദേഷ്ടാവും എല്ലാവർക്കും ബഹുമാന്യനുമായിരുന്ന ഗമാലിയേൽ എന്നു പേരുള്ള ഒരു പരീശൻ ന്യായാധിപസമിതിയിൽ എഴുന്നേറ്റുനിന്ന് ആ മനുഷ്യരെ കുറെനേരത്തേക്കു പുറത്തുകൊണ്ടുപോകാൻ കൽപ്പിച്ചു. 35അതിനുശേഷം അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേൽജനമേ, നിങ്ങൾ ഈ മനുഷ്യരോട് എന്താണു ചെയ്യാൻപോകുന്നതെന്ന് സൂക്ഷിച്ചുകൊള്ളണം. 36കുറെക്കാലംമുമ്പ് ത്യുദാസ് എന്നൊരാൾ മഹാൻ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ടു വന്നു. ഏകദേശം നാനൂറുപേർ അയാളോടുചേർന്നു. അയാൾ കൊല്ലപ്പെടുകയും അയാളുടെ അനുയായികളെല്ലാം ചിതറി നാമാവശേഷമാകുകയും ചെയ്തു; 37അയാൾക്കുശേഷം ഗലീലക്കാരനായ യൂദാ ജനസംഖ്യാനിർണയസമയത്ത് രംഗത്തുവരികയും വലിയൊരുകൂട്ടം ജനത്തെ ആകർഷിച്ച് അവരുടെ നേതാവായി വിപ്ളവം നയിക്കുകയും ചെയ്തു. ഒടുവിൽ അയാൾ കൊല്ലപ്പെട്ടു, അയാളുടെ അനുയായികളെല്ലാം ചിതറിപ്പോയി. 38അതുകൊണ്ട് ഈ വിഷയത്തിൽ എന്റെ ഉപദേശം ഇതാണ്: ഈ മനുഷ്യരുടെ കാര്യത്തിൽ ഇടപെടാതിരിക്കുക. അവരുടെ ഉദ്ദേശ്യവും പ്രവർത്തനവും മാനുഷികമെങ്കിൽ അതു നശിക്കും. 39അല്ല, അത് ദൈവത്തിൽനിന്നുള്ളതെങ്കിൽ നിങ്ങൾക്ക് അതിനെ നശിപ്പിക്കാൻ സാധ്യമല്ല. നിങ്ങൾ ദൈവത്തിന്റെ ശത്രുക്കളായിത്തീരാനും പാടില്ലല്ലോ.”
40അദ്ദേഹത്തിന്റെ നിർദേശം അവർ അംഗീകരിച്ചു, അപ്പൊസ്തലന്മാരെ വിളിച്ചുവരുത്തി ചമ്മട്ടികൊണ്ട് അടിപ്പിച്ചു. യേശുവിന്റെ നാമത്തിൽ ഇനി ഒരിക്കലും പ്രസംഗിക്കരുതെന്ന് ആജ്ഞാപിച്ച് അവരെ മോചിപ്പിച്ചു.
41തിരുനാമത്തിനുവേണ്ടി അപമാനം സഹിക്കാൻ യോഗ്യരായി എണ്ണപ്പെട്ടതിൽ ആനന്ദിച്ചുകൊണ്ട് അപ്പൊസ്തലന്മാർ ന്യായാധിപസമിതിക്കുമുമ്പിൽനിന്ന് പോയി. 42അവർ ഓരോ ദിവസവും ദൈവാലയ അങ്കണത്തിലും വീടുകളിലും മുടങ്ങാതെ ഉപദേശിക്കുകയും യേശുതന്നെ ക്രിസ്തു എന്നു പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.