32
1ആകാശമേ, ശ്രദ്ധിക്കുക, ഞാൻ സംസാരിക്കാം;
ഭൂമിയേ, എന്റെ അധരത്തിലെ വചനങ്ങൾ ശ്രവിക്കുക.
2എന്റെ ഉപദേശം മഴപോലെ വർഷിക്കട്ടെ,
എന്റെ വചനങ്ങൾ മഞ്ഞുപോലെ പൊഴിയട്ടെ,
ഇളം പുല്ലിന്മേൽ ചാറ്റൽമഴപോലെ,
തളിർചെടികളിൽ മാരിപോലെ.
3ഞാൻ യഹോവയുടെ നാമം ഘോഷിക്കും.
നമ്മുടെ ദൈവത്തിന്റെ മഹത്ത്വത്തെ പുകഴ്ത്തുക!
4അവിടന്ന് പാറയാകുന്നു, അവിടത്തെ പ്രവൃത്തികൾ തികവുള്ളവയും,
അവിടത്തെ എല്ലാ വഴികളും നീതിയുള്ളവയും ആകുന്നു.
അവിടന്ന് തിന്മ പ്രവർത്തിക്കാത്ത വിശ്വസ്തനായ ദൈവം ആകുന്നു,
അവിടന്ന് സത്യസന്ധനും നീതിമാനും ആകുന്നു.
5അവിടത്തെ ജനം അവിടത്തേക്കെതിരേ വഷളത്തം പ്രവർത്തിച്ചു;
കാരണം അവർ അവിടത്തെ മക്കളല്ല;
അവർ കാപട്യവും വഞ്ചനയും നിറഞ്ഞ നിർലജ്ജരായ തലമുറയാണ്.
6ബുദ്ധിയില്ലാത്ത ഭോഷരേ,
ഇങ്ങനെയോ നിങ്ങൾ യഹോവയ്ക്കു പ്രതിഫലം കൊടുക്കുന്നത്?
അവിടന്നല്ലോ നിന്റെ പിതാവും നിന്റെ സ്രഷ്ടാവും;
നിന്നെ സൃഷ്ടിച്ചതും മെനഞ്ഞതും അവിടന്നല്ലയോ?
7പൂർവകാലങ്ങളെ ഓർക്കുക;
പിൻതലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്കുക.
നിന്റെ പിതാവിനോടു ചോദിക്കുക, അവൻ നിന്നോടു പറയും,
നിന്റെ ഗോത്രത്തലവന്മാരോടു ചോദിക്കുക, അവർ നിന്നോടു വിശദീകരിക്കും.
8പരമോന്നതൻ ജനതകൾക്ക് അവരുടെ ഓഹരി നൽകിയപ്പോൾ,
അവിടന്ന് മനുഷ്യവർഗത്തെ വേർതിരിച്ചപ്പോൾ,
ഇസ്രായേൽമക്കളുടെ എണ്ണം അനുസരിച്ച്
അവിടന്ന് ജനസമൂഹങ്ങൾക്ക് അതിർത്തി നിശ്ചയിച്ചു.
9യഹോവയുടെ ഓഹരിയോ അവിടത്തെ ജനം,
യാക്കോബ് അവിടത്തേക്ക് വേർതിരിക്കപ്പെട്ട ഓഹരി.
10അവിടന്ന് മരുഭൂമിയിൽ അവനെ കണ്ടെത്തി,
വന്ധ്യമായതും ഓരികേൾക്കുന്നതുമായ ശൂന്യസ്ഥലങ്ങളിൽത്തന്നെ.
അവിടന്ന് അവനെ രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു,
അവിടന്ന് അവനെ കൺമണിപോലെ കാത്തുസൂക്ഷിച്ചു.
11ഒരു കഴുകൻ തന്റെ കൂടിളക്കി
കുഞ്ഞുങ്ങളുടെമേൽ വട്ടമിട്ടു പറക്കുകയും
ചിറകുവിരിച്ച് അവയെ ഉയർത്തുകയും
ചിറകിൽ അവയെ സുരക്ഷിതമായി വഹിക്കുകയും ചെയ്യുന്നതുപോലെ.
12യഹോവ ഏകനായി അവനെ നയിച്ചു,
ഒരു അന്യദേവനും അവനോടൊപ്പം ഉണ്ടായിരുന്നില്ല.
13ദേശത്തിന്റെ ഉന്നതങ്ങളിൽ അവിടന്ന് അവനെ സഞ്ചരിക്കുമാറാക്കി,
വയലിലെ സമൃദ്ധികൊണ്ട് അവനെ പരിപോഷിപ്പിച്ചു.
അവിടന്ന് അവനെ പാറയിൽനിന്നുള്ള തേൻകൊണ്ടും
തീക്കല്ലിൽനിന്നുള്ള എണ്ണകൊണ്ടും പോഷിപ്പിച്ചു.
14കന്നുകാലികളുടെയും ആട്ടിൻപറ്റത്തിന്റെയും വെണ്ണയും പാലും,
ആടുകളുടെയും കോലാടുകളുടെയും മാംസവും,
ബാശാനിലെ വിശിഷ്ട ആട്ടുകൊറ്റന്മാരെയും
നേർത്ത ഗോതമ്പിൻ കാമ്പിനെയും അവനു കൊടുത്തു.
മുന്തിരിയുടെ രക്തമായ വീഞ്ഞു നീ കുടിച്ചു.
15യെശൂരൂൻ#32:15 നീതിനിഷ്ഠർ എന്നർഥം. അതായത്, ഇസ്രായേൽ. തടിച്ചുകൊഴുത്തു, കാൽകുടഞ്ഞു,
അവൻ കൊഴുത്തുതടിച്ചു, മിനുമിനുത്തു.
തന്നെ സൃഷ്ടിച്ച ദൈവത്തെ അവൻ ഉപേക്ഷിച്ചു,
അവന്റെ രക്ഷയുടെ പാറയെ തള്ളിക്കളഞ്ഞു.
16അന്യദൈവങ്ങളാൽ അവർ അവിടത്തെ തീക്ഷ്ണതയുള്ളവനാക്കി.
മ്ലേച്ഛവിഗ്രഹങ്ങളാൽ അവർ അവിടത്തെ പ്രകോപിപ്പിച്ചു,
17ദൈവമല്ലാത്ത ഭൂതങ്ങൾക്ക് അവർ ബലി അർപ്പിച്ചു—
അവർ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്ക്,
അടുത്തകാലത്തു പുതുതായി പ്രത്യക്ഷപ്പെട്ട ദേവന്മാർക്ക്,
നിങ്ങളുടെ പിതാക്കന്മാർ ഭയപ്പെട്ടിട്ടില്ലാത്ത അന്യദേവന്മാർക്കുതന്നെ.
18നിന്നെ ജനിപ്പിച്ച പാറയെ നീ ഉപേക്ഷിച്ചു,
നിനക്കു ജന്മംനൽകിയ ദൈവത്തെ നീ മറന്നുകളഞ്ഞു.
19യഹോവ അതുകണ്ടു, അവരെ ഉപേക്ഷിച്ചു.
കാരണം അവന്റെ പുത്രന്മാരും പുത്രിമാരും അവിടത്തെ പ്രകോപിപ്പിച്ചു.
20അവിടന്ന് അരുളിച്ചെയ്തു: “എന്റെ മുഖം ഞാൻ അവർക്കു മറയ്ക്കും,
അവരുടെ അന്ത്യം എന്താകുമെന്നു ഞാൻ കാണും.
അവർ മത്സരികളായ തലമുറയല്ലോ,
അവിശ്വസ്ത സന്തതികൾതന്നെ.
21ദൈവമല്ലാത്തവയെക്കൊണ്ട് അവർ എന്നെ തീക്ഷ്ണതയുള്ളവനാക്കി,
അവരുടെ മിഥ്യാമൂർത്തികളെക്കൊണ്ട് എന്നെ കോപിപ്പിച്ചു.
ജനമല്ലാത്തവരെക്കൊണ്ടു ഞാൻ അവരെ അസൂയയുള്ളവരാക്കും.
തിരിച്ചറിവില്ലാത്ത ഒരു ജനതയെക്കൊണ്ടു ഞാൻ അവരെ പ്രകോപിപ്പിക്കും.
22എന്റെ കോപത്താൽ അഗ്നി ജ്വലിച്ചു,
അതു പാതാളത്തിന്റെ അടിത്തട്ടുവരെ കത്തും.
അതു ഭൂമിയെയും അതിലെ കൊയ്ത്തുകളെയും ദഹിപ്പിക്കും.
അതു പർവതങ്ങളുടെ അടിസ്ഥാനങ്ങൾ കത്തിക്കും.
23“ഞാൻ അത്യാഹിതങ്ങൾ അവരുടെമേൽ കുന്നുകൂട്ടും,
അവർക്കെതിരേ എന്റെ അസ്ത്രങ്ങൾ തൊടുത്തുവിടും.
24ഞാൻ അവർക്കെതിരേ കഠിനക്ഷാമം അയയ്ക്കും,
ദഹിപ്പിക്കുന്ന പകർച്ചവ്യാധിയും മാരകവ്യാധിയും അയയ്ക്കും.
ഞാൻ വന്യമൃഗങ്ങളുടെ പല്ല് അവർക്കെതിരേ അയയ്ക്കും;
പൊടിയിൽ ഇഴയുന്ന സർപ്പങ്ങളുടെ വിഷവും അയയ്ക്കും.
25തെരുവിൽവെച്ച് വാൾ അവരെ മക്കളില്ലാത്തവരാക്കും,
അവരുടെ വീടുകളിൽ ഭീതി ആവസിക്കും.
യുവാക്കളും യുവതികളും നശിക്കും.
ശിശുക്കളും നരച്ചവരും നശിക്കും.
26ഞാൻ അവരെ ചിതറിക്കുമെന്നും
മനുഷ്യകുലത്തിൽനിന്ന് അവരുടെ സ്മരണ മായിക്കും എന്നും ഞാൻ പറഞ്ഞു.
27എന്നാൽ, ശത്രുക്കളുടെ പ്രകോപനത്തെ ഞാൻ ഭയപ്പെട്ടു,
അവരുടെ എതിരാളികൾ തെറ്റിദ്ധരിച്ച് ഇപ്രകാരം പറയുമായിരിക്കും,
‘ഞങ്ങളുടെ കരം വിജയിച്ചു;
യഹോവയല്ല ഇതെല്ലാം പ്രവർത്തിച്ചത്.’ ”
28അവർ ബുദ്ധിയില്ലാത്ത ജനം,
അവർക്കു വിവേചനശക്തിയില്ല.
29അവർ വിവേകികളായിരുന്നെങ്കിൽ ഇതു ഗ്രഹിക്കുമായിരുന്നു,
അവരുടെ അന്ത്യം എന്താകുമെന്നു വിവേചിക്കുമായിരുന്നു.
30അവരുടെ പാറ അവരെ വിറ്റുകളയുകയും
യഹോവ അവരെ ഉപേക്ഷിക്കുകയും ചെയ്യാതിരുന്നെങ്കിൽ,
ഒരുവൻ ആയിരത്തെയും
ഇരുവർ പതിനായിരത്തെയും എങ്ങനെ ഓടിക്കുമായിരുന്നു?
31അവരുടെ പാറ നമ്മുടെ പാറപോലെ അല്ല
എന്നു നമ്മുടെ ശത്രുക്കൾപോലും സമ്മതിക്കുന്നു.
32അവരുടെ മുന്തിരി സൊദോമിലെ മുന്തിരിയിൽനിന്നും
ഗൊമോറായിലെ വയലുകളിൽനിന്നുമുള്ളതാകുന്നു.
അവരുടെ മുന്തിരിപ്പഴങ്ങളിൽ വിഷം നിറഞ്ഞിരിക്കുന്നു;
അവരുടെ മുന്തിരിക്കുലകൾ കയ്‌പുള്ളതാകുന്നു.
33അവരുടെ വീഞ്ഞ് സർപ്പത്തിന്റെ വിഷം;
മൂർഖന്റെ മാരകവിഷംതന്നെ.
34“ഇത് എന്റെപക്കൽ സംഭരിക്കുകയും
എന്റെ കലവറകളിൽ മുദ്രവെച്ചു സൂക്ഷിച്ചിരിക്കുകയുമല്ലേ?
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
35ഞാനാണ് പ്രതികാരംചെയ്യുന്നവൻ; ഞാൻ പകരംവീട്ടും.
തക്കസമയത്ത് അവരുടെ കാൽ വഴുതും,
അവരുടെ അനർഥകാലം സമീപമായിരിക്കുന്നു,
അവരുടെ നാശം ക്ഷണത്തിൽ അവരുടെമേൽ പതിക്കുന്നു.”
36അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നെന്നും
അടിമയോ സ്വതന്ത്രനോ ആരുംതന്നെ അവശേഷിച്ചിട്ടില്ലെന്നും അവിടന്ന് കാണുമ്പോൾ,
യഹോവ തന്റെ ജനത്തെ കുറ്റവിമുക്തരാക്കുകയും
തന്റെ സേവകരോട് അനുകമ്പതോന്നുകയും ചെയ്യും.
37അവിടന്ന് ഇപ്രകാരം പറയും: “അവരുടെ ദേവന്മാർ,
അവർ അഭയം കണ്ടെത്തിയ പാറ,
38അവരുടെ ബലിമേദസ്സു ഭുജിച്ച ദേവന്മാർ,
അവരുടെ പാനീയയാഗത്തിന്റെ വീഞ്ഞുകുടിച്ചവർ, എവിടെ?
അവർ എഴുന്നേറ്റു നിങ്ങളെ സഹായിക്കട്ടെ!
അവർ നിങ്ങൾക്ക് അഭയം നൽകട്ടെ!
39“ഇതാ ഞാൻ, ഞാൻതന്നെയാകുന്നു ദൈവം എന്ന് ഇപ്പോൾ കണ്ടുകൊൾക!
ഞാനല്ലാതെ മറ്റൊരു ദൈവമില്ല.
ഞാൻ കൊല്ലുന്നു, ഞാൻ ജീവിപ്പിക്കുന്നു,
ഞാൻ മുറിപ്പെടുത്തുന്നു, ഞാൻ സൗഖ്യമാക്കുന്നു,
എന്റെ കരത്തിൽനിന്നു വിടുവിക്കാൻ ആർക്കും കഴിയുകയില്ല.
40എന്റെ കരം സ്വർഗത്തിലേക്കുയർത്തി ഞാൻ പ്രഖ്യാപിക്കുന്നു:
എന്നേക്കും ജീവിക്കുന്ന ഞാൻ ശപഥംചെയ്യുന്നു,
41എന്റെ മിന്നുന്ന വാളിനു ഞാൻ മൂർച്ചകൂട്ടി,
ന്യായവിധി കൈകളിൽ എടുക്കുകയും ചെയ്യുമ്പോൾ,
എന്റെ എതിരാളികളോടു ഞാൻ പ്രതികാരംചെയ്യും
എന്നെ വെറുക്കുന്നവരോടു പകരംചോദിക്കും.
42എന്റെ അമ്പുകളെ ഞാൻ രക്തം കുടിപ്പിച്ച് ലഹരിപിടിപ്പിക്കും,
എന്റെ വാൾ മാംസം വെട്ടിവിഴുങ്ങും;
കൊല്ലപ്പെട്ടവരുടെയും അടിമകളുടെയും രക്തം,
ശത്രുനായകന്മാരുടെ ശിരസ്സുകൾതന്നെ.”
43ജനതകളേ, അവിടത്തെ ജനത്തോടൊപ്പം ആനന്ദിക്കുക.
അവിടത്തെ ദാസന്മാരുടെ രക്തത്തിന് അവിടന്ന് പകരംചോദിക്കും.
അവിടത്തെ ശത്രുക്കളോട് അവിടന്ന് പ്രതികാരംചെയ്യും;
അവിടത്തെ ജനത്തിനും ദേശത്തിനും പ്രായശ്ചിത്തംവരുത്തും.
44മോശ നൂന്റെ മകനായ യോശുവയോടൊപ്പം#32:44 മൂ.ഭാ. ഹോശേയാ, യോശുവ എന്നതിന്റെ മറ്റൊരുരൂപം. വന്ന് ഈ ഗാനത്തിന്റെ വചനങ്ങൾ എല്ലാ ജനവും കേൾക്കെ ഉരുവിട്ടു. 45മോശ ഈ വചനങ്ങളെല്ലാം ഇസ്രായേലിനോടു ചൊല്ലിത്തീർന്നശേഷം അദ്ദേഹം അവരോട് ഇപ്രകാരം പറഞ്ഞു: 46“ഈ ന്യായപ്രമാണത്തിലെ വചനങ്ങളെല്ലാം ശ്രദ്ധയോടെ അനുസരിക്കാൻ നിങ്ങൾ നിങ്ങളുടെ മക്കളോടു കൽപ്പിക്കേണ്ടതിന് ഇന്നു ഞാൻ നിങ്ങളോടു പ്രസ്താവിച്ച സകലവചനങ്ങളും ഹൃദയത്തിൽ സംഗ്രഹിക്കുക. 47ഇവ നിങ്ങൾക്കു കേവലം വ്യർഥമായ കാര്യങ്ങളല്ല—അവ നിങ്ങളുടെ ജീവൻ ആകുന്നു. നിങ്ങൾ അവകാശമാക്കാൻ യോർദാൻ കടന്നുചെല്ലുന്ന ദേശത്ത് നിങ്ങൾ ഇവയാൽ ദീർഘായുസ്സോടെ ഇരിക്കും.”
മോശ നെബോ മലമുകളിലേക്ക്
48ആ ദിവസംതന്നെ യഹോവ മോശയോടു കൽപ്പിച്ചു: 49“യെരീഹോവിനെതിരേ മോവാബ് ദേശത്തുള്ള അബാരീം പർവതത്തിലെ നെബോമലയിലേക്കു കയറി, ഞാൻ ഇസ്രായേൽജനത്തിന് അവരുടെ അവകാശമായി നൽകുന്ന ദേശമായ കനാൻ കണ്ടുകൊൾക. 50നിന്റെ സഹോദരനായ അഹരോൻ ഹോർ പർവതത്തിൽവെച്ചു മരിച്ചു തന്റെ ജനത്തോടു ചേർന്നതുപോലെ നീ കയറുന്ന പർവതത്തിൽവെച്ചു നീയും മരിച്ച് നിന്റെ ജനത്തോടു ചേരും. 51സീൻമരുഭൂമിയിൽ കാദേശ്പട്ടണത്തിലെ മെരീബാ ജലാശയത്തിനരികിൽവെച്ച് ഇസ്രായേല്യരുടെമുമ്പാകെ നിങ്ങൾ രണ്ടുപേരും എന്നോടു വിശ്വസ്തരാകാതിരുന്നതുകൊണ്ടും ഇസ്രായേൽജനത്തിന്റെ മധ്യേ എന്റെ വിശുദ്ധിയെ ആദരിക്കാതിരുന്നതുകൊണ്ടുമാണിത്. 52അതുകൊണ്ട് നീ ദൂരത്തുനിന്ന് ആ ദേശം കാണും. പക്ഷേ ഇസ്രായേൽജനതയ്ക്കു ഞാൻ നൽകുന്ന ദേശത്ത് നീ പ്രവേശിക്കുകയില്ല.”