31
ലെബാനോനിലെ ദേവദാരു
1പതിനൊന്നാംവർഷം മൂന്നാംമാസം ഒന്നാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, ഈജിപ്റ്റുരാജാവായ ഫറവോനോടും അവന്റെ കവർച്ചസംഘത്തോടും നീ ഇപ്രകാരം പറയുക:
“ ‘പ്രതാപത്തിൽ ആരോടാണ് നിന്നെ തുലനംചെയ്യാൻ കഴിയുക?
3ലെബാനോനിലെ ദേവദാരുവെപ്പോലെ ആയിരുന്ന അശ്ശൂരിനെപ്പറ്റി ചിന്തിക്കുക,
അതിന്റെ മനോഹരമായ ശാഖകൾ വനത്തിനുമീതേ പടർന്നുപന്തലിച്ചു തണലായിനിന്നു;
അതിന്റെ തിങ്ങിനിറഞ്ഞ പച്ചിലച്ചാർത്ത്
മുകളിൽ ആകാശചുംബികളായിരുന്നു.
4വെള്ളം അതിനെ സമ്പുഷ്ടമാക്കി,
ആഴമുള്ള ഉറവുകൾ അതിനെ വളർന്നുയരാൻ സഹായിച്ചു;
അരുവികൾ അതിന്റെ
തടത്തിനു ചുറ്റും ഒഴുകി,
അവയുടെ ചാലുകൾ വയലിലെ
എല്ലാ വൃക്ഷങ്ങളുടെയും അടുക്കൽ വന്നുചേർന്നു.
5അങ്ങനെ വയലിലെ എല്ലാ വൃക്ഷങ്ങൾക്കും
മകുടമാകുമാറ് അതു പൊക്കത്തിൽ തഴച്ചുവളർന്നു;
അതിന്റെ ശിഖരങ്ങൾ വർധിച്ചു,
ശാഖകൾ നീണ്ടുവളർന്നു,
ജലസമൃദ്ധിനിമിത്തം അവ പന്തലിച്ചു.
6ആകാശത്തിലെ സകലപറവകളും
അതിന്റെ ശാഖകളിൽ കൂടുവെച്ചു;
വയലിലെ എല്ലാ മൃഗങ്ങളും
അതിന്റെ ശാഖകൾക്കു കീഴിൽ പെറ്റുപെരുകി,
വലിയ ജനതകളെല്ലാം
അതിന്റെ തണലിൽ ജീവിച്ചു.
7പടർന്നുപന്തലിച്ച ശാഖകളോടെ
സമൃദ്ധമായ ജലധാരകളിലേക്ക്
അതിന്റെ വേരുകൾ ഇറങ്ങിച്ചെന്നതിനാൽ
അതു സൗന്ദര്യപ്രതാപിയായിത്തീർന്നു.
8ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾ
അതിനു തുല്യമായിരുന്നില്ല,
സരളമരങ്ങൾ അതിന്റെ
ശാഖകൾക്കു തുല്യമായിരുന്നില്ല,
അരിഞ്ഞിൽമരങ്ങളും
അതിന്റെ ചില്ലകളോടു കിടപിടിച്ചില്ല.
ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷത്തിനും
അതിനോളം ഭംഗി ഉണ്ടായിരുന്നില്ല.
9സമൃദ്ധമായ ശാഖാപടലത്തോടുകൂടി
ഞാൻ അതിനെ മനോഹരമാക്കിത്തീർത്തു,
ദൈവത്തിന്റെ തോട്ടമായ ഏദെനിലെ എല്ലാവൃക്ഷങ്ങളും
അതിനോട് അസൂയപ്പെട്ടിരുന്നു.
10“ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പടർന്ന് തിങ്ങിനിറഞ്ഞ പച്ചിലച്ചാർത്തിനുമീതേ അത് ഉയർന്നിരുന്നതുകൊണ്ടും തന്റെ ഉയരത്തെപ്പറ്റി അതു നിഗളിച്ചിരുന്നതുകൊണ്ടും, 11ജനതകളുടെ ഭരണാധിപൻ തന്റെ ദുഷ്ടതയ്ക്ക് അനുസൃതമായി കൈകാര്യംചെയ്യാൻ ഞാൻ അതിനെ ഏൽപ്പിച്ചുകൊടുത്തു. ഞാൻ അതിനെ ഉപേക്ഷിച്ചുകളഞ്ഞു. 12വൈദേശിക ജനതകളിൽ ഏറ്റവും ക്രൂരരായവർ അതിനെ വെട്ടിമറിച്ചിട്ടു. അതിന്റെ ശാഖകൾ പർവതങ്ങൾക്കും താഴ്വരകൾക്കും മുകളിൽ വീണുകിടന്നു. അതിന്റെ ശിഖരങ്ങൾ ദേശത്തുള്ള എല്ലാ മലയിടുക്കുകളിലും ഒടിഞ്ഞുകിടന്നു. ലോകത്തിലെ ജനതകളെല്ലാം അതിന്റെ തണലിൽനിന്നു വിട്ടുപോയി. 13ആകാശത്തിലെ പറവകളെല്ലാം വീണുകിടന്ന വൃക്ഷശാഖകളിൽ താമസമുറപ്പിച്ചു. എല്ലാ വന്യമൃഗങ്ങളും ശാഖകൾക്കിടയിൽ വന്നുചേർന്നു. 14അതിനാൽ വെള്ളത്തിനരികെയുള്ള മറ്റൊരുവൃക്ഷവും ആകാശത്തിലേക്ക് അതിന്റെ അഗ്രം നീട്ടുകയില്ല; ഇലച്ചാർത്തിനുപരി ഉയരുകയില്ല. മതിയായി വെള്ളംകിട്ടിയ മറ്റൊരു വൃക്ഷത്തിനും ഇനി ഇത്രയും ഉയരം ഉണ്ടാകുകയില്ല. അവയെല്ലാം മനുഷ്യരുടെ ഇടയിൽ പാതാളത്തിലേക്ക് ഇറങ്ങുന്നവരോടൊപ്പംതന്നെ ഭൂമിയുടെ അധോഭാഗത്ത് മരണത്തിനേൽപ്പിക്കപ്പെട്ടിരിക്കുന്നു.
15“ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അത് പാതാളത്തിലേക്ക് ഇറങ്ങിപ്പോയ ദിവസത്തിൽ അതിനുവേണ്ടി വിലപിച്ചുകൊണ്ട് ആഴത്തിലുള്ള ഉറവുകൾ അടച്ചുകളഞ്ഞു, ഞാൻ അതിന്റെ അരുവികളെ തടഞ്ഞുനിർത്തി; അതിന്റെ സമൃദ്ധമായ ജലത്തിനു നിയന്ത്രണംവന്നു. അതുകൊണ്ട് ലെബാനോനെ ഞാൻ ഇരുട്ട് ഉടുപ്പിച്ചു, വയലിലെ സകലവൃക്ഷങ്ങളും വാടുകയും ചെയ്തു. 16കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം ഞാൻ അതിനെ പാതാളത്തിൽ തള്ളിയിട്ടപ്പോൾ അതിന്റെ വീഴ്ചയുടെ ശബ്ദത്താൽ ജനതകൾ ഭയന്നുവിറയ്ക്കാൻ ഞാൻ ഇടയാക്കി. ആ സമയത്ത് ഏദെനിലെ സകലവൃക്ഷങ്ങളും, ലെബാനോനിലെ അതിശ്രേഷ്ഠവും അത്യുത്തമവുമായ വൃക്ഷങ്ങളെല്ലാംതന്നെയും, മതിയായി വെള്ളംകിട്ടിയിരുന്ന സകലവൃക്ഷങ്ങളും താഴേ ഭൂമിയിൽ ആശ്വാസം പ്രാപിച്ചു. 17അവരും ആ മഹാ ദേവതാരുവൃക്ഷത്തെപ്പോലെ പാതാളത്തിലേക്ക്, വാളാൽ നിഹതന്മാരായവരുടെ അടുത്തേക്ക്, അതിന്റെ തണലിൽ ജനതകളുടെ മധ്യേ ആയുധധാരികളോടൊപ്പം വസിച്ചിരുന്നവരുടെ അടുത്തേക്കുതന്നെ ഇറങ്ങിപ്പോയി.
18“ ‘ഏദെനിലെ ഏതു വൃക്ഷങ്ങളാണ് ശോഭയിലും പ്രതാപത്തിലും നിന്നോടു തുലനംചെയ്യാൻ കഴിയുമായിരുന്നത്? എങ്കിലും നീയും ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്തേക്ക് ഇറങ്ങിപ്പോകും. വാളാൽ കൊല്ലപ്പെട്ട, പരിച്ഛേദനം ഏൽക്കാത്തവരോടൊപ്പം നീയും നിപതിക്കും.
“ ‘ഇതു ഫറവോനും അവന്റെ കവർച്ചസംഘവുംതന്നെ എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ”