44
പൗരോഹിത്യം പുനഃസ്ഥാപിക്കപ്പെടുന്നു
1അതിനുശേഷം ആ പുരുഷൻ എന്നെ പുറത്തോട്ടു ദർശനമുള്ള വിശുദ്ധമന്ദിരത്തിന്റെ കിഴക്കേ കവാടത്തിങ്കൽ കൊണ്ടുവന്നു, അത് അടച്ചിരുന്നു. 2അപ്പോൾ യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈ കവാടം തുറക്കാതെ അടച്ചിട്ടിരിക്കണം; ആരും അതിലൂടെ കടക്കരുത്. ഇസ്രായേലിന്റെ ദൈവമായ യഹോവ അതിൽക്കൂടെ കടക്കുകയാൽ അത് അടച്ചിട്ടിരിക്കണം. 3യഹോവയുടെ സന്നിധിയിൽ ഭക്ഷണം കഴിക്കാൻ ഗോപുരത്തിനുള്ളിൽ ഇരിക്കാൻ പ്രഭുവിനുമാത്രമേ അനുവാദമുള്ളൂ. പ്രവേശനകവാടത്തിന്റെ പൂമുഖംവഴി അദ്ദേഹം പ്രവേശിക്കുകയും അതേ വഴിയിൽക്കൂടി പുറത്തേക്കു പോകുകയും ചെയ്യണം.”
4പിന്നീട് ആ പുരുഷൻ എന്നെ വടക്കേ കവാടത്തിൽക്കൂടെ ആലയത്തിന്റെ മുമ്പിൽ കൊണ്ടുവന്നു. ഞാൻ നോക്കിയപ്പോൾ യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കുന്നതു കണ്ടു. അപ്പോൾ ഞാൻ കമിഴ്ന്നുവീണു.
5യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ശ്രദ്ധാപൂർവം നോക്കുക, സൂക്ഷ്മമായി കേൾക്കുക. യഹോവയുടെ ആലയംസംബന്ധിച്ചുള്ള എല്ലാ അനുശാസനങ്ങളും നിർദേശങ്ങളും ഞാൻ നിന്നോടു പറയുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുക. ആലയത്തിലേക്കുള്ള പ്രവേശനവും തിരുനിവാസത്തിനു പുറത്തേക്കുള്ള എല്ലാ വാതിലുകളും ശ്രദ്ധിച്ചുകൊള്ളുക 6മത്സരികളായ ഇസ്രായേൽഗൃഹത്തോടു നീ ഇപ്രകാരം അറിയിക്കണം: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽഗൃഹമേ, നിങ്ങളുടെ മ്ലേച്ഛകർമങ്ങൾ മതിയാക്കുക! 7നിങ്ങളുടെ എല്ലാ മ്ലേച്ഛകർമങ്ങൾക്കും പുറമേ, ഹൃദയത്തിലും ശരീരത്തിലും പരിച്ഛേദനമേൽക്കാത്ത വിദേശികളെ നിങ്ങൾ എന്റെ വിശുദ്ധമന്ദിരത്തിൽ കൊണ്ടുവന്ന് നിങ്ങൾ എനിക്കു ഭോജനയാഗവും മേദസ്സും രക്തവും അർപ്പിക്കുകമൂലം എന്റെ മന്ദിരത്തെ അശുദ്ധമാക്കുകയും എന്റെ ഉടമ്പടി ലംഘിക്കുകയും ചെയ്തിരിക്കുന്നു. 8നിങ്ങൾ എന്റെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ചുള്ള കടമകൾ നിറവേറ്റാതെ വിദേശികളെ എന്റെ വിശുദ്ധമന്ദിരത്തിലെ കാര്യങ്ങൾ നിറവേറ്റാൻ ആക്കിയിരിക്കുന്നു. 9അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഹൃദയത്തിലും ശരീരത്തിലും പരിച്ഛേദനമേൽക്കാത്ത ഒരു വിദേശിയും എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുത്. ഇസ്രായേല്യരുടെ മധ്യത്തിൽ വസിക്കുന്ന വിദേശികൾപോലും അവിടെ പ്രവേശിക്കരുത്.
10“ ‘ഇസ്രായേൽ തെറ്റിപ്പോയകാലത്ത് എന്നെ വിട്ടകന്നുപോയവരും എന്നെ ഉപേക്ഷിച്ചു വിഗ്രഹങ്ങളുടെ പിന്നാലെ പോയവരുമായ ലേവ്യർ തങ്ങളുടെ പാപത്തിന്റെ അനന്തരഫലം അനുഭവിക്കണം. 11അവർ എന്റെ വിശുദ്ധമന്ദിരത്തിൽ ആലയത്തിന്റെ പടിവാതിലിന്റെ ഉത്തരവാദിത്വമുള്ളവരായി അതിൽ ശുശ്രൂഷചെയ്യാം; അവർ ജനങ്ങൾക്കുവേണ്ടി ഹോമയാഗങ്ങളും മറ്റുയാഗങ്ങളും അർപ്പിച്ച് അവരുടെമുമ്പിൽ നിന്ന് അവരെ ശുശ്രൂഷിക്കുകയുംചെയ്യാം. 12എന്നാൽ, അവർ ജനത്തിന്റെ വിഗ്രഹങ്ങളുടെമുമ്പിൽ ശുശ്രൂഷിച്ച് ഇസ്രായേൽ പാപംചെയ്യാൻ പ്രേരിപ്പിച്ചതുകൊണ്ട് തങ്ങളുടെ അകൃത്യത്തിന്റെ അനന്തരഫലം അവർ അനുഭവിച്ചേ മതിയാകൂ എന്നു ഞാൻ കൈ ഉയർത്തി ശപഥംചെയ്തിരിക്കുന്നു എന്ന്, യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. 13അവർ പുരോഹിതന്മാരായി എനിക്കു ശുശ്രൂഷ ചെയ്യാനോ എന്റെ ഏതെങ്കിലും വിശുദ്ധവസ്തുക്കളെയോ അതിവിശുദ്ധയാഗവസ്തുക്കളെയോ സ്പർശിക്കാനോ എന്നോട് അടുത്തുവരരുത്; അവർ തങ്ങളുടെ നിന്ദ്യകർമങ്ങളുടെ ലജ്ജ വഹിക്കണം. 14എങ്കിലും ഞാൻ അവരെ ആലയത്തിനുള്ളിലെ എല്ലാ വേലകളും നിറവേറ്റുന്ന കാവൽക്കാരായി നിയമിക്കും.
15“ ‘എന്നാൽ ഇസ്രായേൽജനം എന്നെ വിട്ടുപോയകാലത്ത് എന്റെ വിശുദ്ധമന്ദിരം കാവൽചെയ്തിരുന്നവരും സാദോക്കിന്റെ വംശത്തിലുള്ളവരുമായ ലേവ്യപുരോഹിതന്മാർ എനിക്കു ശുശ്രൂഷചെയ്യേണ്ടതിന് എന്നോട് അടുത്തുവരണം; അവർ മേദസ്സും രക്തവും എനിക്ക് അർപ്പിക്കാൻ എന്റെമുമ്പാകെ നിൽക്കണം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 16അവർമാത്രം എന്റെ വിശുദ്ധമന്ദിരത്തിലേക്കു പ്രവേശിക്കണം; അവർമാത്രം എന്റെ മേശയുടെ അടുക്കൽവന്ന് എനിക്ക് ശുശ്രൂഷചെയ്യണം. അവർ എനിക്കു കാവൽക്കാരായി ശുശ്രൂഷ അനുഷ്ഠിക്കണം.
17“ ‘അവർ അകത്തെ അങ്കണത്തിന്റെ കവാടങ്ങൾക്കകത്തു പ്രവേശിക്കുമ്പോൾ പരുത്തിനൂൽവസ്ത്രം ധരിക്കണം; അകത്തെ അങ്കണത്തിന്റെ കവാടങ്ങൾക്കകത്തും ആലയത്തിനുള്ളിലും ശുശ്രൂഷചെയ്യുമ്പോൾ അവർ ഒരുതരത്തിലുമുള്ള കമ്പിളിവസ്ത്രവും ധരിക്കരുത്. 18അവർ തലയിൽ പരുത്തിനൂൽകൊണ്ടുള്ള തലപ്പാവും അരയിൽ പരുത്തിനൂൽകൊണ്ടുള്ള അടിവസ്ത്രവും ധരിക്കണം. വിയർപ്പുണ്ടാക്കുന്ന യാതൊന്നും അവർ ധരിക്കരുത്. 19പുറത്തെ അങ്കണത്തിൽ ജനങ്ങളുടെ അടുക്കലേക്ക് അവർ ചെല്ലുമ്പോൾ തങ്ങളുടെ വസ്ത്രങ്ങളുമായുള്ള സമ്പർക്കത്താൽ ജനം വിശുദ്ധീകരിക്കപ്പെടാതിരിക്കേണ്ടതിന്, അവർ ശുശ്രൂഷചെയ്തപ്പോൾ ധരിച്ചിരുന്ന വസ്ത്രം മാറ്റി വിശുദ്ധമുറികളിൽ വെച്ചിട്ട്, മറ്റു വസ്ത്രം ധരിക്കണം.
20“ ‘അവർ തങ്ങളുടെ തല ക്ഷൗരംചെയ്യുകയോ തലമുടി വളരാൻ അനുവദിക്കുകയോ ചെയ്യാതെ തങ്ങളുടെ തലമുടി കത്രിക്കുകമാത്രം ചെയ്യണം. 21ഒരു പുരോഹിതനും വീഞ്ഞുകുടിച്ച് അകത്തെ അങ്കണത്തിൽ പ്രവേശിക്കരുത്. 22അവർ വിധവകളെയോ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളെയോ വിവാഹംകഴിക്കരുത്. ഇസ്രായേൽ വംശത്തിലെ കന്യകളെയോ ഒരു പുരോഹിതന്റെ വിധവകളെയോമാത്രമേ അവർ വിവാഹംചെയ്യാവൂ. 23അവർ വിശുദ്ധമായതും സാമാന്യമായതും തമ്മിലുള്ള വ്യത്യാസം എന്റെ ജനത്തിനു പഠിപ്പിച്ചുകൊടുക്കണം; ആചാരപരമായി മലിനമായവയും നിർമലമായവയുംതമ്മിൽ വിവേചിച്ചറിയാൻ അവരെ സഹായിക്കണം.
24“ ‘ഏതൊരു വ്യവഹാരത്തിലും പുരോഹിതന്മാർ ന്യായാധിപന്മാരായിരിക്കണം; എന്റെ ചട്ടങ്ങൾ അനുസരിച്ച് അവർ തീർപ്പുകൽപ്പിക്കണം. നിശ്ചയിക്കപ്പെട്ട എല്ലാ ഉത്സവങ്ങളിലും അവർ എന്റെ നിയമങ്ങളും ഉത്തരവുകളും അനുസരിക്കുകയും എന്റെ ശബ്ബത്തുകളെ വിശുദ്ധമായി പാലിക്കുകയും ചെയ്യണം.
25“ ‘ഒരു പുരോഹിതൻ മരിച്ച ആളിന്റെ അടുക്കൽ ചെന്ന് തന്നെത്താൻ അശുദ്ധനാക്കരുത്; എങ്കിലും മരിച്ച വ്യക്തി തന്റെ പിതാവോ മാതാവോ മകനോ മകളോ സഹോദരനോ അവിവാഹിതയായ സഹോദരിയോ ആണെങ്കിൽ അശുദ്ധനാകാം. 26പിന്നീട് ആചാരപരമായ തന്റെ ശുദ്ധീകരണം നിർവഹിച്ചശേഷം ഏഴുദിവസം അദ്ദേഹം കാത്തിരിക്കണം. 27അതിനുശേഷം വിശുദ്ധമന്ദിരത്തിന്റെ അകത്തെ അങ്കണത്തിലേക്ക് മന്ദിരത്തിന്റെ ശുശ്രൂഷയ്ക്കായി പോകുന്ന ദിവസത്തിൽ അവൻ തനിക്കായിത്തന്നെ ഒരു പാപശുദ്ധീകരണയാഗം അർപ്പിക്കണം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
28“ ‘ഞാൻമാത്രമായിരിക്കണം പുരോഹിതന്മാർക്കുള്ള ഏക ഓഹരി. ഇസ്രായേലിൽ അവർക്ക് ഒരവകാശവും നിങ്ങൾ നൽകരുത്. ഞാൻ ആയിരിക്കും അവരുടെ ഓഹരി. 29അവർ ഭോജനയാഗം, പാപശുദ്ധീകരണയാഗം, അകൃത്യയാഗം എന്നിവയാൽ ഉപജീവനം കഴിക്കണം; ഇസ്രായേലിൽ യഹോവയ്ക്കായി സമർപ്പിക്കപ്പെട്ടതെല്ലാം അവരുടെ വകയായിരിക്കണം. 30ആദ്യഫലത്തിലും പ്രത്യേക വഴിപാടുകളിലും ഉത്തമമായതെല്ലാം പുരോഹിതന്മാർക്കുള്ളതായിരിക്കണം. നിന്റെ ഭവനത്തിന്മേൽ അനുഗ്രഹം വസിക്കേണ്ടതിന് നിങ്ങളുടെ പൊടിച്ച ധാന്യമാവിന്റെ ആദ്യഭാഗമൊക്കെയും അവർക്കു നൽകണം. 31താനേ ചത്തതോ വന്യമൃഗങ്ങളാൽ വലിച്ചുകീറപ്പെട്ടതോ ആയ പക്ഷിയെയോ മൃഗത്തെയോ ഒന്നിനെയും പുരോഹിതൻ ഭക്ഷിക്കരുത്.