37
യോസേഫിന്റെ സ്വപ്നങ്ങൾ
1യാക്കോബ്, തന്റെ പിതാവു പ്രവാസിയായി താമസിച്ചിരുന്ന കനാൻദേശത്തു താമസമുറപ്പിച്ചു.
2യാക്കോബിന്റെ വംശപാരമ്പര്യം സംബന്ധിച്ചുള്ള വിവരണം ഇപ്രകാരം ആകുന്നു:
പതിനേഴുവയസ്സുള്ള ചെറുപ്പക്കാരനായ യോസേഫ് ഒരിക്കൽ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിക്കുകയായിരുന്നു. അവൻ, തന്റെ പിതാവിന്റെ ഭാര്യമാരായ ബിൽഹായുടെയും സിൽപ്പയുടെയും പുത്രന്മാരായ തന്റെ സഹോദരന്മാർ ചെയ്യരുതാത്ത ഒരു കാര്യം പിതാവിനെ അറിയിച്ചു.
3തന്റെ വാർധക്യത്തിൽ തനിക്കു ജനിച്ച പുത്രനായതുകൊണ്ട് ഇസ്രായേൽ യോസേഫിനെ മറ്റു പുത്രന്മാരെക്കാൾ അധികമായി സ്നേഹിച്ചു. അതുകൊണ്ട് അദ്ദേഹം അവനു വളരെ മനോഹരമായ#37:3 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. വാ. 23, 32 കാണുക. ഒരു കുപ്പായം ഉണ്ടാക്കിക്കൊടുത്തു. 4തങ്ങളുടെ പിതാവ് എല്ലാവരെക്കാളും അധികമായി യോസേഫിനെ സ്നേഹിക്കുന്നെന്നു സഹോദരന്മാർ കണ്ടിട്ട് അവർ അവനെ വെറുത്തു; അവനോടു ദയാപൂർവം സംസാരിക്കാൻപോലും അവർക്കു കഴിഞ്ഞില്ല.
5ഒരു ദിവസം യോസേഫ് ഒരു സ്വപ്നംകണ്ടു; അവൻ അതു തന്റെ സഹോദരന്മാരെ അറിയിച്ചു; അപ്പോൾ അവർ അവനെ ഏറ്റവുമധികം വെറുത്തു. 6യോസേഫ് അവരോട്: “ഞാൻ കണ്ട സ്വപ്നം കേൾക്കുക: 7നമ്മൾ എല്ലാവരുംകൂടി വയലിൽ കറ്റ കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു; പെട്ടെന്ന് എന്റെ കറ്റ എഴുന്നേറ്റു നിവർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റുംനിന്ന് എന്റെ കറ്റയെ നമസ്കരിച്ചു.”
8യോസേഫിന്റെ സഹോദരന്മാർ അവനോട്, “ഞങ്ങളുടെമേൽ ഭരണം നടത്താനാണോ നിന്റെ ഭാവം? നീ വാസ്തവമായി ഞങ്ങളെ ഭരിക്കുമോ?” എന്നു ചോദിച്ചു, അവന്റെ സ്വപ്നവും വാക്കുകളും നിമിത്തം അവർ അവനെ പൂർവാധികം വെറുത്തു.
9അവൻ മറ്റൊരു സ്വപ്നംകണ്ടു; അതും സഹോദരന്മാരെ അറിയിച്ചു: “ശ്രദ്ധിക്കുക, ഞാൻ വേറൊരു സ്വപ്നം കണ്ടിരിക്കുന്നു; ഇത്തവണ സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ താണുവണങ്ങുകയായിരുന്നു.”
10ഇത് യോസേഫ് തന്റെ പിതാവിനെയും സഹോദരന്മാരെയും അറിയിച്ചപ്പോൾ പിതാവ് അവനെ ശാസിച്ചുകൊണ്ട്, “എന്താണു നീ കണ്ട ഈ സ്വപ്നം? നിന്റെ അമ്മയും ഞാനും നിന്റെ സഹോദരന്മാരും വന്നു നിന്നെ സാഷ്ടാംഗം നമസ്കരിക്കുമെന്നോ?” എന്നു ചോദിച്ചു. 11അവന്റെ സഹോദരന്മാർ അവനോട് അസൂയാലുക്കളായിത്തീർന്നു; അപ്പനോ, ഇക്കാര്യം മനസ്സിൽ കരുതിവെച്ചു.
സഹോദരന്മാർ യോസേഫിനെ വിൽക്കുന്നു
12ഒരിക്കൽ യോസേഫിന്റെ സഹോദരന്മാർ തങ്ങളുടെ പിതാവിന്റെ ആടുകളെ മേയിക്കാൻ ശേഖേമിലേക്കു പോയിരുന്നു. 13അങ്ങനെയിരിക്കെ ഒരു ദിവസം, ഇസ്രായേൽ യോസേഫിനോട്, “നിന്റെ സഹോദരന്മാർ ശേഖേമിനു സമീപം ആടുകളെ മേയിച്ചുകൊണ്ടിരിക്കുന്നെന്ന് നിനക്കറിയാമല്ലോ! വരൂ, നിന്നെ ഞാൻ അവരുടെ അടുത്തേക്കയയ്ക്കാം” എന്നു പറഞ്ഞു.
“അങ്ങനെ ആകട്ടെ,” അവൻ മറുപടി പറഞ്ഞു.
14അദ്ദേഹം അവനോട്, “നീ ചെന്ന് നിന്റെ സഹോദരന്മാരും ആട്ടിൻപറ്റങ്ങളും ക്ഷേമമായിരിക്കുന്നോ എന്ന് അന്വേഷിച്ചിട്ടു മടങ്ങിവന്ന് എന്നെ വിവരം അറിയിക്കണം” എന്നു പറഞ്ഞു. പിന്നെ, അവനെ അദ്ദേഹം ഹെബ്രോൻ താഴ്വരയിൽനിന്ന് യാത്രയയച്ചു.
യോസേഫ് ശേഖേമിൽ എത്തി. 15അവൻ വയലിലൂടെ അലഞ്ഞുതിരിയുന്നതു കണ്ടിട്ട് ഒരു മനുഷ്യൻ അവനോട്, “നീ എന്താണ് അന്വേഷിക്കുന്നത്?” എന്നു ചോദിച്ചു.
16“ഞാൻ എന്റെ സഹോദരന്മാരെ തെരയുകയാണ്. അവർ തങ്ങളുടെ ആടുകളെ തീറ്റുന്നത് എവിടെയാണെന്നു പറഞ്ഞുതരാമോ?” യോസേഫ് ചോദിച്ചു.
17“അവർ ഇവിടെനിന്നു മുന്നോട്ടു പോയിട്ടുണ്ട്. ‘നമുക്കു ദോഥാനിലേക്കു പോകാം’ എന്ന് അവർ പറയുന്നതു ഞാൻ കേട്ടു,” എന്ന് ആ മനുഷ്യൻ ഉത്തരം പറഞ്ഞു.
അങ്ങനെ യോസേഫ് സഹോദരന്മാരെ പിൻതുടർന്നു; ദോഥാനിൽവെച്ച് അവരെ കണ്ടെത്തുകയും ചെയ്തു. 18അവർ ദൂരെനിന്ന് അവനെ കണ്ടിട്ട്, അവൻ തങ്ങളുടെ അടുക്കൽ എത്തുന്നതിനുമുമ്പ്, അവനെ കൊല്ലുന്നതിനു ഗൂഢാലോചന നടത്തി.
19“ഇതാ, ആ സ്വപ്നക്കാരൻ വരുന്നു,” അവർ പരസ്പരം പറഞ്ഞു, 20“വരിക, നമുക്ക് അവനെ കൊന്ന് ഒരു ജലസംഭരണിയിൽ ഇട്ടുകളയാം, എന്നിട്ട് ഒരു ഹിംസ്രജന്തു അവനെ തിന്നുകളഞ്ഞു എന്നു പറയുകയും ചെയ്യാം. അപ്പോൾ അവന്റെ സ്വപ്നങ്ങൾ എന്താകുമെന്ന് നമുക്കു കാണാമല്ലോ.”
21രൂബേൻ ഇതു കേട്ടപ്പോൾ, അയാൾ യോസേഫിനെ അവരുടെ കൈയിൽനിന്നു രക്ഷപ്പെടുത്താൻ ശ്രമിച്ചു. “നാം അവനു ജീവഹാനി വരുത്തുകയോ 22രക്തം ചൊരിയിക്കുകയോ ചെയ്യരുത്. ഇവിടെ മരുഭൂമിയിൽ, ഇതാ, ഈ ജലസംഭരണിയിൽ അവനെ ഇട്ടുകളയുക, അവന്റെമേൽ കൈവെക്കരുത്.” രൂബേൻ ഇതു പറഞ്ഞത് യോസേഫിനെ അവരിൽനിന്ന് രക്ഷിച്ച് തന്റെ പിതാവിന്റെ അടുത്തേക്കു കൊണ്ടുപോകുന്നതിനായിരുന്നു.
23യോസേഫ് തന്റെ സഹോദരന്മാരുടെ അടുത്തെത്തി. അവർ അവന്റെ മനോഹരമായ കുപ്പായം ഊരിയെടുത്തു. 24പിന്നെ അവനെ അവർ ആ ജലസംഭരണിയിൽ തള്ളിയിട്ടു. അതൊരു വെള്ളമില്ലാത്ത പൊട്ടിയ ജലസംഭരണി ആയിരുന്നു.
25അവർ ഭക്ഷണം കഴിക്കാൻ ഇരുന്നു; അവർ തലയുയർത്തിനോക്കിയപ്പോൾ, യിശ്മായേല്യരുടെ ഒരു വ്യാപാരസംഘം ഗിലെയാദിൽനിന്ന് വരുന്നതു കണ്ടു. അവരുടെ ഒട്ടകങ്ങളുടെ പുറത്ത് സുഗന്ധവസ്തുക്കളും ലേപവും മീറയും#37:25 അഥവാ, നറുമ്പശ നിറച്ചിരുന്നു; അവർ ആ സാധനങ്ങൾ ഈജിപ്റ്റിലേക്കു കൊണ്ടുപോകുകയായിരുന്നു.
26യെഹൂദാ തന്റെ സഹോദരന്മാരോടു പറഞ്ഞു: “നാം നമ്മുടെ സഹോദരനെ കൊന്ന്, അവന്റെ രക്തം മറച്ചുവെച്ചാൽ നമുക്കെന്തു നേട്ടം? 27വരിക, നമുക്ക് അവനെ യിശ്മായേല്യർക്കു വിൽക്കാം, അവന്റെമേൽ കൈവെക്കേണ്ടതില്ല; അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമാണല്ലോ!” ഇത് അവന്റെ സഹോദരന്മാർക്കു സമ്മതമായി.
28മിദ്യാന്യവ്യാപാരികൾ അടുത്തെത്തിയപ്പോൾ യോസേഫിന്റെ സഹോദരന്മാർ അവനെ ജലസംഭരണിയിൽനിന്നും വലിച്ചെടുത്ത് ഇരുപതുശേക്കേൽ#37:28 ഏക. 230 ഗ്രാം. വെള്ളിക്ക് യിശ്മായേല്യർക്ക് വിറ്റു; അവർ യോസേഫിനെ ഈജിപ്റ്റിലേക്കു കൊണ്ടുപോയി.
29രൂബേൻ മടങ്ങിയെത്തി ആ ജലസംഭരണിയിൽ നോക്കിയപ്പോൾ യോസേഫ് അതിൽ ഇല്ലെന്നു കണ്ടിട്ട് തന്റെ വസ്ത്രംകീറി. 30അവൻ സഹോദരന്മാരുടെ അടുക്കൽ തിരിച്ചെത്തി അവരോട്: “ബാലൻ അവിടെ ഇല്ലല്ലോ! ഞാൻ ഇനി എവിടെയാണ് പോകേണ്ടത്?” എന്നു പറഞ്ഞു.
31അതിനുശേഷം അവർ യോസേഫിന്റെ കുപ്പായം എടുത്തു, ഒരു കോലാടിനെ കൊന്ന് അതിന്റെ രക്തത്തിൽ മുക്കി. 32ആ വിശേഷപ്പെട്ട അങ്കി തങ്ങളുടെ പിതാവിന്റെ അടുക്കൽ കൊണ്ടുചെന്ന്, “ഇതു ഞങ്ങൾ കണ്ടെത്തി; ഇത് അങ്ങയുടെ മകന്റെ അങ്കിതന്നെയോ എന്നു പരിശോധിച്ച് നോക്കിയാലും” എന്നു പറഞ്ഞു.
33അദ്ദേഹം അതു തിരിച്ചറിഞ്ഞു. “ഇത് എന്റെ മകന്റെ കുപ്പായംതന്നെ! ഏതോ ഹിംസ്രജന്തു അവനെ തിന്നുകളഞ്ഞു; യോസേഫിനെ അതു പിച്ചിച്ചീന്തിക്കളഞ്ഞുകാണും,” എന്നു പറഞ്ഞു.
34പിന്നെ യാക്കോബ് തന്റെ വസ്ത്രംകീറി, ചാക്കുശീല ഉടുത്ത് തന്റെ മകനെച്ചൊല്ലി അനേകദിവസം വിലപിച്ചു. 35അദ്ദേഹത്തിന്റെ എല്ലാ പുത്രന്മാരും പുത്രിമാരും അടുത്തുവന്ന് അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു; എങ്കിലും അദ്ദേഹം ആശ്വാസം കൈക്കൊള്ളാൻ വിസമ്മതിച്ചു. “കരഞ്ഞുകൊണ്ടുതന്നെ ഞാൻ പാതാളത്തിൽ എന്റെ മകന്റെ അടുക്കൽ ഇറങ്ങിച്ചെല്ലും,” എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ യോസേഫിന്റെ പിതാവ് അവനെച്ചൊല്ലി കരഞ്ഞു.
36ഇതിനിടയിൽ മിദ്യാന്യർ, യോസേഫിനെ ഈജിപ്റ്റിൽ ഫറവോന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരാളും അംഗരക്ഷകരുടെ അധിപനുമായ പോത്തീഫറിനു വിറ്റു.