യെശയ്യാവ് 56

56
സകലരാഷ്ട്രങ്ങൾക്കുമുള്ള അനുഗ്രഹം
1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിങ്ങൾ ന്യായം പാലിക്കുകയും
നീതി പ്രവർത്തിക്കുകയും ചെയ്യുക,
കാരണം എന്റെ രക്ഷ സമീപം ആയിരിക്കുന്നു,
എന്റെ നീതി വളരെവേഗംതന്നെ വെളിപ്പെടും.
2ശബ്ബത്തിനെ അശുദ്ധമാക്കാതെ അതു പാലിക്കുക
തിന്മ പ്രവർത്തിക്കാതെ തങ്ങളുടെ കൈകളെ സൂക്ഷിക്കുക
ഇവ ചെയ്യുന്ന മനുഷ്യർ അനുഗൃഹീതർ,
ഇവ മുറുകെപ്പിടിക്കുന്നവരുംതന്നെ.”
3“യഹോവ എന്നെ തന്റെ ജനത്തിൽനിന്ന് നിശ്ശേഷം അകറ്റിയിരിക്കുന്നു,”
എന്ന് യഹോവയോടു ചേർന്നിട്ടുള്ള ഒരു വിദേശിയും പറയാതിരിക്കട്ടെ.
“ഞാൻ ഉണങ്ങിയ ഒരു വൃക്ഷമാണ്,”
എന്ന് ഒരു ഷണ്ഡനും പറയാതിരിക്കട്ടെ.
4കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“എന്റെ ശബ്ബത്തുകളെ ആചരിക്കുകയും
എനിക്കു പ്രസാദകരമായവ തെരഞ്ഞെടുക്കുകയും
എന്റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന ഷണ്ഡന്മാരോട്—
5അവർക്കും ഞാൻ എന്റെ ആലയത്തിലും എന്റെ മതിൽക്കെട്ടിനുള്ളിലും
പുത്രീപുത്രന്മാരെക്കാൾ മെച്ചമായൊരു
സ്മാരകവും പേരും നൽകും;
എന്നെന്നും നിലനിൽക്കുന്ന
ഒരു ശാശ്വതനാമം ഞാൻ അവർക്കു നൽകും.
6യഹോവയെ സേവിക്കാനും
അവിടത്തെ നാമം സ്നേഹിക്കാനും
അവിടത്തെ ദാസരായിരിക്കാനും
യഹോവയോടു ചേർന്നിട്ടുള്ള എല്ലാ യെഹൂദേതരരെയും,
ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും
എന്റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന എല്ലാവരെയും—
7ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്ക് കൊണ്ടുവരും,
എന്റെ പ്രാർഥനാലയത്തിൽ അവരെ സന്തുഷ്ടരാക്കിത്തീർക്കും.
അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും
എന്റെ യാഗപീഠത്തിന്മേൽ സ്വീകാര്യമായിത്തീരും.
എന്റെ ആലയം സകലജനതകൾക്കുമുള്ള
പ്രാർഥനാലയം എന്നു വിളിക്കപ്പെടും.”
8ഇസ്രായേലിന്റെ ഭ്രഷ്ടരെ ചേർത്തുകൊള്ളുന്ന
യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു:
“എന്നോടു ചേർക്കപ്പെട്ടവർക്കു പുറമേ
മറ്റുള്ളവരെയും ഞാൻ കൂട്ടിച്ചേർക്കും.”
ദുഷ്ടനേതാക്കൾക്കുള്ള താക്കീത്
9വയലിലെ സകലമൃഗങ്ങളേ,
കാട്ടിലെ സകലജന്തുക്കളേ, വന്നു ഭക്ഷിക്കുക!
10ഇസ്രായേലിന്റെ കാവൽക്കാർ അന്ധരാണ്,
അവർ അറിവില്ലാത്തവർ
അവർ എല്ലാവരും കുരയ്ക്കാൻ കഴിയാത്ത
ഊമനായ്ക്കൾതന്നെ.
അവർ നിദ്രപ്രിയരായി
സ്വപ്നംകണ്ടു കിടന്നുറങ്ങുന്നു.
11അവർ ഒരിക്കലും തൃപ്തിവരാത്ത,
ആർത്തിപൂണ്ട, നായ്ക്കൾ.
അവർ ഗ്രഹണശക്തിയില്ലാത്ത ഇടയന്മാർതന്നെ;
അവരെല്ലാം സ്വന്തവഴിക്കു തിരിയുന്നു,
അവർ സ്വന്തം ലാഭം അന്വേഷിക്കുന്നു.
12“വരിക, ഞാൻ വീഞ്ഞുകൊണ്ടുവരട്ടെ!
നമുക്കു ലഹരിപാനീയം തൃപ്തിവരുന്നതുവരെ കുടിക്കാം!
ഇന്നത്തെപ്പോലെ നാളെയും
അധികം സമൃദ്ധിയോടെതന്നെ,” എന്ന് അവർ പറയുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യെശയ്യാവ് 56: MCV

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക