എന്നാൽ കഷ്ടതയിലായിരുന്ന ജനത്തിന്റെമേൽ ഇനിയൊരിക്കലും അന്ധകാരം ഉണ്ടാകുകയില്ല. മുൻകാലത്ത് അവിടന്ന് സെബൂലൂൻ ദേശത്തോടും നഫ്താലി ദേശത്തോടും നിന്ദയോടെ പെരുമാറി; എന്നാൽ പിൽക്കാലത്ത് കടൽക്കരെ, യോർദാനക്കരെ, ജനതകൾ വസിക്കുന്ന ഗലീലാദേശത്തിന് അവിടന്നു മഹത്ത്വം വരുത്തും. ഇരുട്ടിൽ നടന്ന ജനം വലിയൊരു പ്രഭ ദർശിച്ചു; കൂരിരുട്ടിന്റെ ദേശത്തു താമസിച്ചവരുടെമേൽ ഒരു പ്രകാശം ഉദിച്ചു. അങ്ങ് രാഷ്ട്രം വിസ്തൃതമാക്കുകയും അവരുടെ ആനന്ദം അധികമാക്കുകയും ചെയ്തു. കൊയ്ത്തുകാലത്ത് ആനന്ദിക്കുന്നതുപോലെയും കൊള്ള പങ്കിടുമ്പോൾ യോദ്ധാക്കൾ ആഹ്ലാദിക്കുന്നതുപോലെയും അവർ അങ്ങയുടെ സന്നിധിയിൽ ആനന്ദിക്കുന്നു. അവരുടെ ഭാരമുള്ള നുകവും അവരുടെ ചുമലിലെ നുകക്കോലും അവരെ പീഡിപ്പിക്കുന്നവരുടെ വടിയും മിദ്യാന്റെകാലത്ത് എന്നപോലെ അങ്ങ് ഒടിച്ചുകളഞ്ഞിരിക്കുന്നു. യുദ്ധത്തിൽ ഉപയോഗിച്ച എല്ലാ യോദ്ധാക്കളുടെയും ചെരിപ്പും രക്തംപുരണ്ട ഓരോ അങ്കിയും അഗ്നിക്ക് ഇന്ധനമായി എരിഞ്ഞടങ്ങും. എന്തെന്നാൽ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു, ആധിപത്യം അവന്റെ തോളിലായിരിക്കും. അവൻ ഇപ്രകാരം വിളിക്കപ്പെടും: അത്ഭുതമന്ത്രി, ശക്തനായ ദൈവം, നിത്യപിതാവ്, സമാധാനപ്രഭു. അവിടത്തെ ആധിപത്യത്തിന്റെ വർധനയ്ക്കും സമാധാനത്തിനും അവസാനം ഉണ്ടാകുകയില്ല. ദാവീദിന്റെ സിംഹാസനത്തിൽ ആരൂഢനായി അതിനെ നീതിയോടും ന്യായത്തോടുംകൂടി സ്ഥാപിച്ച് സുസ്ഥിരമാക്കി ദാവീദിന്റെ രാജ്യത്തിന്മേൽ ഇന്നുമുതൽ എന്നേക്കും വാഴും. സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത ഇതു നിറവേറ്റും.
യെശയ്യാവ് 9 വായിക്കുക
കേൾക്കുക യെശയ്യാവ് 9
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യെശയ്യാവ് 9:1-7
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ