20
ഇസ്രായേല്യർ ബെന്യാമീന്യരോട് യുദ്ധംചെയ്യുന്നു
1അതിനുശേഷം ദാൻമുതൽ ബേർ-ശേബാവരെയും ഗിലെയാദുദേശത്തുമുള്ള ഇസ്രായേൽമക്കൾ എല്ലാവരും മിസ്പായിൽ യഹോവയുടെ സന്നിധിയിൽ ഏകമനസ്സോടെ വന്നുകൂടി. 2ഇസ്രായേലിന്റെ സകലഗോത്രങ്ങളിലെയും സർവജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാൾപ്പടയും ദൈവജനത്തിന്റെ സഭയിൽ ഹാജരായി, 3(ഇസ്രായേൽമക്കൾ മിസ്പായിലേക്കു പോയിരിക്കുന്നു എന്ന് ബെന്യാമീൻഗോത്രക്കാർ കേട്ടു.) അപ്പോൾ ഇസ്രായേൽമക്കൾ, “ഈ മഹാദോഷം എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങളോടു പറയുക” എന്ന് ആവശ്യപ്പെട്ടു.
4കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ ലേവ്യൻ പറഞ്ഞു: “ഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീൻദേശത്തു ഗിബെയയിൽ രാത്രി താമസിക്കാൻചെന്നു. 5ഗിബെയയിലെ ആളുകൾവന്നു രാത്രിയിൽ എന്റെനിമിത്തം വീടുവളഞ്ഞ് എന്നെ കൊല്ലാൻ ശ്രമിച്ചു. എന്റെ വെപ്പാട്ടിയെ അവർ ബലാൽക്കാരംചെയ്തു. അങ്ങനെ അവൾ മരിച്ചു. 6ഞാൻ അവളെ കഷണങ്ങളായി മുറിച്ച് ഇസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു. അത്ര വലിയ ദുഷ്ടതയും വഷളത്തവുമാണ് അവർ ഇസ്രായേലിൽ പ്രവർത്തിച്ചിരിക്കുന്നത്. 7അതുകൊണ്ട് ഇസ്രായേല്യരേ, ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായവും ആലോചനയും എന്താണ്?”
8അപ്പോൾ സർവജനവും ഏകമനസ്സോടെ എഴുന്നേറ്റുനിന്ന് ശപഥംചെയ്തു: “നമ്മിലാരും കൂടാരത്തിലേക്കു പോകുകയില്ല. ഇല്ല, ഒരാൾപോലും വീട്ടിലേക്കു മടങ്ങുകയില്ല. 9നാം ഇപ്പോൾ ഗിബെയയോട് ഇപ്രകാരമാണ് ചെയ്യേണ്ടത്: നറുക്കിട്ട് അതനുസരിച്ച് നമുക്ക് അതിനെ ആക്രമിക്കാം. 10ഇസ്രായേലിലെ ഓരോ ഗോത്രത്തിൽനിന്നും നൂറിനു പത്ത്, ആയിരത്തിന് നൂറ്, പതിനായിരത്തിന് ആയിരം എന്ന കണക്കിൽ#20:10 അതായത്, പത്തിലൊന്നുപേരെ നമുക്ക് ആളുകളെ തെരഞ്ഞെടുക്കാം. ബെന്യാമീൻഗോത്രത്തിലെ ഗിബെയാ#20:10 ചി.കൈ.പ്ര. ഗേബാ. ഗേബാ, ഗിബെയാ എന്നതിന്റെ മറ്റൊരുരൂപം. നഗരം ഇസ്രായേലിൽ ചെയ്ത നീചകൃത്യത്തിനു പ്രതികാരംചെയ്യാൻ ജനം വരുമ്പോൾ ഈ തെരഞ്ഞെടുക്കപ്പെട്ടവർ അവർക്കു ഭക്ഷണം കൊണ്ടുവരട്ടെ.” 11അങ്ങനെ ഇസ്രായേല്യർ എല്ലാവരും ആ പട്ടണത്തിനെതിരേ ഏകമനസ്സോടെ യോജിച്ചുനിന്നു.
12പിന്നെ ഇസ്രായേൽ ഗോത്രങ്ങൾ ബെന്യാമീൻഗോത്രത്തിലെങ്ങും ദൂതന്മാരെ അയച്ച് അറിയിച്ചു: “എത്ര നീചമായ പാതകമാണ് നിങ്ങളുടെ ഇടയിൽ സംഭവിച്ചിരിക്കുന്നത്? 13അതുകൊണ്ട് ഗിബെയയിലെ നീചന്മാരായ ആ ആളുകളെ കൊന്ന് ഇസ്രായേലിൽനിന്ന് ദോഷം നീക്കംചെയ്യേണ്ടതിന് അവരെ ഞങ്ങൾക്ക് ഏൽപ്പിച്ചുതരിക.”
എന്നാൽ ബെന്യാമീന്യർ ഇസ്രായേൽമക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്ക് കേട്ടില്ല. 14ഇസ്രായേൽജനത്തിനെതിരേ യുദ്ധംചെയ്യാൻ അവർ പട്ടണങ്ങളിൽനിന്ന് ഗിബെയയിൽ ഒന്നിച്ചുകൂടി. 15ഗിബെയനിവാസികളിൽത്തന്നെ എണ്ണപ്പെട്ട എഴുനൂറ് ധീരന്മാർ ഉണ്ടായിരുന്നു. അവരെക്കൂടാതെ ഇരുപത്താറായിരം ആയുധപാണികളും ബെന്യാമീൻഗോത്രത്തിൽ ഉണ്ടായിരുന്നു. 16അവരിൽ പ്രഗല്ഭന്മാരായ എഴുനൂറ് ഇടങ്കൈയ്യന്മാർ ഉണ്ടായിരുന്നു. ഇവരെല്ലാവരും ഒരു രോമത്തിനുപോലും ഉന്നം പിഴയ്ക്കാത്ത കവിണക്കാർ ആയിരുന്നു.
17ബെന്യാമീൻ ഒഴികെയുള്ള ഇസ്രായേല്യർ വാൾ കൈയിലേന്തിയ നാലുലക്ഷംപേരായിരുന്നു; അവരെല്ലാവരും യോദ്ധാക്കളും ആയിരുന്നു.
18ഇസ്രായേൽമക്കൾ ബേഥേലിലേക്കുചെന്നു.#20:18 അഥവാ, ദൈവഭവനത്തിലേക്കുചെന്നു, വാ. 26 കാണുക. അവർ ദൈവത്തോട് അരുളപ്പാടു ചോദിച്ചു: “ബെന്യാമീന്യരോട് യുദ്ധംചെയ്യാൻ ഞങ്ങളിൽ ആരാണ് മുമ്പേപോകേണ്ടത്?”
“യെഹൂദ ആദ്യം പോകട്ടെ,” എന്ന് യഹോവ അരുളിച്ചെയ്തു.
19അങ്ങനെ ഇസ്രായേൽമക്കൾ രാവിലെ എഴുന്നേറ്റ് ഗിബെയയ്ക്കുനേരേ പാളയമടിച്ചു. 20ഇസ്രായേല്യർ ബെന്യാമീന്യരോട് യുദ്ധത്തിനു പുറപ്പെട്ടു ഗിബെയയിൽ അവരുടെനേരേ അണിനിരന്നു. 21ബെന്യാമീന്യർ ഗിബെയയിൽനിന്ന് അവരുടെനേരേവന്ന് ഇസ്രായേല്യരിൽ ഇരുപത്തിരണ്ടായിരംപേരെ അന്നു കൊന്നുകളഞ്ഞു. 22എന്നാൽ ഇസ്രായേൽസൈന്യം പരസ്പരം ധൈര്യപ്പെടുത്തി, ഒന്നാംദിവസം അണിനിരന്നിരുന്ന സ്ഥലത്തുതന്നെ വീണ്ടും അണിനിരന്നു. 23ഇസ്രായേൽമക്കൾ യഹോവയുടെ സന്നിധിയിൽചെന്ന് സന്ധ്യവരെ വിലപിച്ചു: “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഞങ്ങൾ ഇനിയും യുദ്ധത്തിനു പോകണമോ?” എന്ന് യഹോവയോടു ചോദിച്ചു.
“അവർക്ക് എതിരായി ചെല്ലുക,” യഹോവ കൽപ്പിച്ചു.
24ഇസ്രായേൽമക്കൾ രണ്ടാംദിവസവും ബെന്യാമീന്യർക്കെതിരേചെന്നു. 25ബെന്യാമീന്യർ രണ്ടാംദിവസവും ഗിബെയയിൽനിന്ന് അവരുടെനേരേവന്ന് ഇസ്രായേൽമക്കളിൽ പതിനെണ്ണായിരം യോദ്ധാക്കളെ പിന്നെയും കൊന്നു.
26അപ്പോൾ ഇസ്രായേൽമക്കൾ മുഴുവനും സർവയോദ്ധാക്കളും ബേഥേലിലേക്കുചെന്നു; അവിടെ അവർ യഹോവയുടെ സന്നിധിയിൽ കരഞ്ഞുകൊണ്ട് സന്ധ്യവരെ ഉപവസിച്ചു. യഹോവയ്ക്കു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. 27പിന്നെ ഇസ്രായേൽമക്കൾ യഹോവയുടെഹിതം ആരാഞ്ഞു. ദൈവത്തിന്റെ ഉടമ്പടിയുടെ പേടകം ആ നാളുകളിൽ അവിടെ ഉണ്ടായിരുന്നു. 28അഹരോന്റെ പുത്രനായ എലെയാസാരിന്റെ പുത്രൻ ഫീനെഹാസ് ആയിരുന്നു അന്ന് പൗരോഹിത്യശുശ്രൂഷയ്ക്കു നിന്നിരുന്നത്. “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഞങ്ങൾ ഇനിയും യുദ്ധത്തിനു പുറപ്പെടണമോ? അതോ പിന്മാറണമോ?” അവർ ചോദിച്ചു.
“നിങ്ങൾ പോകുക; നാളെ ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും,” എന്ന് യഹോവ അരുളിച്ചെയ്തു.
29അങ്ങനെ ഇസ്രായേല്യർ ഗിബെയയ്ക്കുചുറ്റും ആളുകളെ പതിയിരുത്തി. 30ഇസ്രായേൽമക്കൾ മൂന്നാംദിവസവും ബെന്യാമീന്യർക്ക് എതിരായി യുദ്ധത്തിനു പുറപ്പെട്ടു; മുൻദിവസങ്ങളിലേതുപോലെ ഗിബെയയ്ക്കെതിരേ യുദ്ധത്തിന് അണിനിരന്നു. 31ബെന്യാമീന്യർ അവരുടെനേരേ ഇറങ്ങിവന്നു, തങ്ങളുടെ പട്ടണംവിട്ട് പുറത്തായി; ബേഥേലിലേക്കും വയലിൽക്കൂടി ഗിബെയയിലേക്കും പോകുന്ന ഈ രണ്ടു പെരുവഴികളിൽവെച്ചും മുമ്പെന്നപോലെ അവർ ഇസ്രായേൽസൈന്യത്തിലെ ചിലരെ വെട്ടി; ഇസ്രായേൽ പക്ഷത്തിലുള്ള ഏകദേശം മുപ്പതുപേരെ കൊന്നു. 32“അവർ വീണ്ടും നമ്മുടെ മുന്നിൽ തോറ്റോടുന്നു,” എന്ന് ബെന്യാമീന്യർ പറഞ്ഞു. “നമുക്ക് പിൻവാങ്ങാം; അങ്ങനെ അവരെ പട്ടണത്തിൽനിന്നു പെരുവഴികളിലേക്കു ആനയിക്കാം,” എന്ന് ഇസ്രായേൽമക്കൾ നേരത്തേ ആലോചിച്ചിരുന്നു.
33ഇസ്രായേല്യർ ഒന്നടങ്കം തങ്ങളുടെ സ്ഥലത്തുനിന്ന് പുറപ്പെട്ടു ബാൽ-താമാരിൽ അണിനിരന്നു; ഗിബെയായുടെ#20:33 ഗേബാ. ഗേബാ, ഗിബെയാ എന്നതിന്റെ മറ്റൊരുരൂപം. പുൽപ്പുറത്തുനിന്ന്#20:33 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ഇസ്രായേല്യരുടെ പതിയിരിപ്പുകാരും പുറത്തുവന്നു. 34എല്ലാ ഇസ്രായേലിൽനിന്നുമായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന പതിനായിരംപേർ ഗിബെയയുടെനേരേ അടുത്തു; ഉഗ്രയുദ്ധം നടന്നു. തങ്ങൾക്കു നാശം അടുത്തിരിക്കുന്നു എന്ന് ബെന്യാമീന്യർ അറിഞ്ഞില്ല. 35യഹോവ അവരെ ഇസ്രായേലിന്റെ മുമ്പിൽ തോൽപ്പിച്ചു; ഇസ്രായേൽമക്കൾ ബെന്യാമീന്യരിൽ ഇരുപത്തയ്യായിരത്തി ഒരുനൂറുപേരെ കൊന്നു; അവർ എല്ലാവരും ആയുധം ധരിച്ചവരായിരുന്നു. 36ബെന്യാമീൻഗോത്രക്കാർ, തങ്ങൾ തോറ്റു എന്നു മനസ്സിലാക്കി.
ഗിബെയയ്ക്കരികെ പതിയിരിപ്പുകാർ ഉണ്ടായിരുന്നതുകൊണ്ട് ഇസ്രായേല്യർ ബെന്യാമീന്യരോട് യുദ്ധംചെയ്യുന്നതിൽനിന്നും പിൻവാങ്ങി. 37പതിയിരുന്നവർ ഗിബെയയിലേക്കു പാഞ്ഞുകയറി; അവർ പട്ടണത്തെ മുഴുവൻ വാൾകൊണ്ട് കൊന്നു. 38അതിനു ചിഹ്നമായി പട്ടണത്തിൽനിന്ന് ഒരു വലിയ പുക ഉയർത്തണമെന്ന് ഇസ്രായേല്യർ പതിയിരിപ്പുകാരോട് പറഞ്ഞിരുന്നു. 39അങ്ങനെ ഇസ്രായേല്യർ പ്രത്യാക്രമണംനടത്തി.
ബെന്യാമീന്യർ ഇസ്രായേലിനെ ആക്രമിച്ച് ഏകദേശം മുപ്പതുപേരെ വധിച്ചു. അപ്പോൾ അവർ “ആദ്യയുദ്ധത്തിലെന്നപോലെ നാം അവരെ ഇപ്പോഴും തോൽപ്പിച്ചുകൊണ്ടിരിക്കുന്നു,” എന്നു പറഞ്ഞു. 40എന്നാൽ പട്ടണത്തിൽനിന്ന് ചിഹ്നമായി പുക പൊങ്ങിയപ്പോൾ ബെന്യാമീന്യർ പുറകോട്ടുനോക്കി; പട്ടണം മുഴുവനും കത്തി പുക ആകാശത്തോളം പൊങ്ങുന്നതു കണ്ടു. 41ഇസ്രായേല്യർ തിരിച്ചുവന്നു. ബെന്യാമീന്യർ ഭയപ്പെട്ടു, തങ്ങൾക്കു നാശം ഭവിച്ചു എന്ന് അവർ മനസ്സിലാക്കി; 42അവർ ഇസ്രായേൽമക്കളുടെ മുന്നിൽനിന്നു മരുഭൂമിവഴി പലായനംചെയ്തു. എന്നാൽ യുദ്ധത്തിൽനിന്നു രക്ഷപ്പെടാൻ അവർക്കു കഴിഞ്ഞില്ല; പട്ടണങ്ങളിൽനിന്നുള്ളവരെ അതതു പട്ടണത്തിൽവെച്ചു സംഹരിച്ചു. 43ഇസ്രായേല്യർ ബെന്യാമീൻഗോത്രക്കാരെ വളഞ്ഞ് ഓടിച്ചു കിഴക്കു ഗിബെയയിൽ അവരുടെ സങ്കേതത്തിൽവെച്ച് ഒരു ദയയുമില്ലാതെ#20:43 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. പിടികൂടി. 44ബെന്യാമീന്യരിൽ പതിനെണ്ണായിരംപേരെ അങ്ങനെ സംഹരിച്ചു. അവർ എല്ലാവരും പരാക്രമശാലികൾ ആയിരുന്നു. 45ശേഷിച്ചവർ തിരിഞ്ഞ് മരുഭൂമിയിലെ രിമ്മോൻപാറയിലേക്ക് ഓടി; അവരിൽ അയ്യായിരംപേരെയും ഇസ്രായേൽമക്കൾ വഴിമധ്യേ പിടിച്ചുകൊന്നു. പിന്നെയും അവരെ ഗിദോംവരെ പിൻതുടർന്നു; അവരിലും രണ്ടായിരംപേരെ കൊന്നു.
46അങ്ങനെ ബെന്യാമീൻഗോത്രത്തിൽ ഇരുപത്തയ്യായിരം യോദ്ധാക്കൾ അന്നു മരിച്ചുവീണു. അവർ എല്ലാവരും പരാക്രമശാലികൾ ആയിരുന്നു. 47എന്നാൽ അറുനൂറുപേർ മരുഭൂമിയിൽ രിമ്മോൻപാറയിലേക്ക് ഓടി രക്ഷപ്പെട്ടു. അവിടെ അവർ നാലുമാസം താമസിച്ചു. 48ഇസ്രായേല്യർ പിന്നെയും ബെന്യാമീന്യരുടെ പട്ടണങ്ങൾക്കുനേരേചെന്നു കണ്ണിൽക്കണ്ട സകലത്തെയും—മനുഷ്യരെയും മൃഗങ്ങളെയും എല്ലാം—വാളാൽ സംഹരിച്ചു; അവർ എല്ലാ പട്ടണങ്ങൾക്കും തീവെച്ചു.