15
യെഹൂദാഗോത്രത്തിനുള്ള അവകാശഭൂമി
1യെഹൂദാഗോത്രത്തിനു കുലംകുലമായി ലഭിച്ച അവകാശഭൂമി തെക്കേ ദേശത്തിന്റെ ഏറ്റവും തെക്കേ അറ്റത്ത് ഏദോം ദേശംവരെയും സീൻമരുഭൂമിവരെയും വ്യാപിച്ചുകിടന്നു.
2അവരുടെ തെക്കേ അതിര് ഉപ്പുകടലിന്റെ#15:2 അതായത്, ചാവുകടൽ തെക്കേ അറ്റത്തുള്ള ഉൾക്കടലിൽ തുടങ്ങി; 3അക്രബീം മലമ്പാതയുടെ തെക്കുഭാഗം കടന്നു, സീനിൽക്കൂടി കാദേശ്-ബർന്നേയയുടെ തെക്കുവരെ നീണ്ടുകിടന്നിരുന്നു. അവിടെനിന്നും ഹെസ്രോൻ കടന്ന് ആദാരിൽ കയറി കാർക്കയെ ചുറ്റി; 4വീണ്ടും അസ്മോനിലേക്കു കടന്ന് ഈജിപ്റ്റിന്റെ തോടുമായി യോജിച്ചു മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു. ഇതാണ് അവരുടെ#15:4 അഥവാ, നിങ്ങളുടെ തെക്കേ അതിര്.
5കിഴക്കേ അതിര് യോർദാൻനദി ഉപ്പുകടലിൽ ചെന്നുചേരുന്ന അഴിമുഖംവരെയാകുന്നു.
വടക്കേ അതിര് യോർദാന്റെ അഴിമുഖത്തുള്ള ഉൾക്കടലിൽ തുടങ്ങി, 6ബേത്-ഹൊഗ്ലായിൽ ചെന്ന് ബേത്-അരാബയുടെ വടക്കുകൂടി കടന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കിടക്കുന്നു. 7പിന്നെ ആ അതിര് ആഖോർതാഴ്വരമുതൽ ദെബീരിൽ കയറി, വടക്കോട്ടു തിരിഞ്ഞ്, മലയിടുക്കിന് തെക്കുള്ള അദുമ്മീം മലമ്പാതയ്ക്കെതിരേയുള്ള ഗിൽഗാലിൽ എത്തുന്നു. അവിടെനിന്ന് ഏൻ-ശേമെശ് അരുവിയിലേക്കു കടന്ന് ഏൻ-രോഗേലിൽ എത്തുന്നു. 8പിന്നെ ആ അതിര് ബെൻ-ഹിന്നോം താഴ്വരയിൽക്കൂടി കയറി, യെബൂസ്യപട്ടണമായ ജെറുശലേമിന്റെ തെക്കേ ചരിവിൽക്കൂടി കടന്ന്, രെഫായീം താഴ്വരയുടെ വടക്കേ അറ്റത്തുള്ള ഹിന്നോം താഴ്വരയുടെ പടിഞ്ഞാറുള്ള മലമുകളിലേക്കു കയറുന്നു. 9മലമുകളിൽനിന്ന് അത് നെപ്തോഹയിലെ നീരുറവയിലേക്ക് തിരിഞ്ഞ് എഫ്രോൻ മലയിലെ പട്ടണങ്ങളിൽ എത്തുന്നു; അവിടെനിന്ന് കിര്യത്ത്-യെയാരീം എന്ന ബാലായിലേക്ക് ഇറങ്ങുന്നു. 10പിന്നെ അത് ബാലാമുതൽ സേയിർമലവരെ പടിഞ്ഞാറോട്ടു വളഞ്ഞു കെസാലോൻ എന്ന യെയാരിം മലയുടെ വടക്കേ ചരിവിൽക്കൂടി ബേത്-ശേമെശിലേക്കിറങ്ങി തിമ്നയിൽ എത്തുന്നു. 11പിന്നെ എക്രോന്റെ വടക്കേ ചരിവിൽ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലിൽ എത്തി മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു.
12പടിഞ്ഞാറേ അതിര് മെഡിറ്ററേനിയൻ മഹാസമുദ്രത്തിന്റെ തീരംതന്നെ.
യെഹൂദാമക്കൾക്കു കുലംകുലമായി ലഭിച്ച അവകാശത്തിന്റെ അതിരുകൾ ഇവയാണ്.
13യഹോവയുടെ അരുളപ്പാടനുസരിച്ച് യോശുവ യെഹൂദയുടെ ഒരു ഭാഗമായ കിര്യത്ത്-അർബാ എന്ന ഹെബ്രോൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ടു കൊടുത്തു. (അർബാ അനാക്കിന്റെ പൂർവപിതാവ് ആയിരുന്നു) 14ഹെബ്രോനിൽനിന്ന് ശേശായി, അഹീമാൻ, തൽമായി എന്നിങ്ങനെ അനാക്കിന്റെ പിൻഗാമികളായ മൂന്ന് അനാക്യകുലങ്ങളെ കാലേബ് ഓടിച്ചുകളഞ്ഞു. 15അവിടെനിന്ന് അദ്ദേഹം ദെബീർനിവാസികൾക്കെതിരേയുള്ള യുദ്ധത്തിന് അണിനിരന്നു. ദെബീറിന്റെ പഴയപേർ കിര്യത്ത്-സേഫെർ എന്നായിരുന്നു. 16അപ്പോൾ കാലേബ്, “കിര്യത്ത്-സേഫെർ ആക്രമിച്ചു കീഴടക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ വിവാഹംചെയ്തുകൊടുക്കും” എന്നു പറഞ്ഞു. 17കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നിയേൽ അതു കീഴടക്കി; അങ്ങനെ കാലേബ് തന്റെ മകൾ അക്സയെ അവനു ഭാര്യയായി കൊടുത്തു.
18അക്സ ഒത്നിയേലിനെ വിവാഹംകഴിച്ച ദിവസം, തന്റെ പിതാവിന്റെ ഒരു വയൽ ചോദിക്കാൻ അവൾ ഒത്നിയേലിനെ പ്രേരിപ്പിച്ചു;#15:18 ചി.കൈ.പ്ര. ചോദിക്കാൻ ഒത്നിയേൽ അക്സയെ പ്രേരിപ്പിച്ചു. അവൾ കഴുതപ്പുറത്തുനിന്നിറങ്ങിയപ്പോൾ കാലേബ് അവളോട്, “നിനക്കു ഞാൻ എന്തു ചെയ്തുതരണം?” എന്നു ചോദിച്ചു.
19അവൾ മറുപടിയായി, “ഒരു അനുഗ്രഹംകൂടി എനിക്കു തരണമേ; അങ്ങ് എനിക്കു തെക്കേദേശമാണല്ലോ തന്നിരിക്കുന്നത്. നീരുറവകളുംകൂടി എനിക്കു തരേണമെ” എന്നപേക്ഷിച്ചു. അതുകൊണ്ട് കാലേബ് അവൾക്കു മലകളിലും താഴ്വരകളിലും നീരുറവകൾ കൊടുത്തു.
20യെഹൂദാഗോത്രത്തിനു കുലംകുലമായി കിട്ടിയ അവകാശഭൂമി ഇതാണ്:
21യെഹൂദാഗോത്രത്തിന് ഏദോമിന്റെ അതിർത്തിക്കു സമീപം തെക്കേ അറ്റത്തുള്ള പട്ടണങ്ങൾ ഇവയാകുന്നു:
കബ്സെയേൽ, ഏദെർ, യാഗൂർ, 22കീനാ, ദിമോനാ, അദാദാ, 23കേദേശ്, ഹാസോർ, ഇത്നാൻ; 24സീഫ്, തേലെം, ബെയാലോത്ത്, 25ഹാസോർ-ഹദത്ഥാ, കെരീയോത്ത്-ഹെസ്രോൻ എന്ന ഹാസോർ; 26അമാം, ശേമ, മോലാദാ 27ഹസർ-ഗദ്ദാ, ഹെശ്മോൻ, ബേത്-പേലെത്, 28ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യാ, 29ബാലാ, ഇയ്യീം, ഏസെം; 30എൽതോലദ്, കെസീൽ, ഹോർമാ, 31സിക്ലാഗ്, മദ്മന്ന, സൻസന്ന; 32ലെബായോത്ത, ശിൽഹിം, ആയിൻ, രിമ്മോൻ; ഇങ്ങനെ ഇരുപത്തൊൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുംതന്നെ.
33പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങളിൽ:
എസ്തായോൽ, സോരാ, അശ്നാ; 34സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം, 35യർമൂത്ത്, അദുല്ലാം, സോഖോ, അസേക്ക, 36ശയരയീം, അദീഥയീം, ഗെദേരാ അഥവാ, ഗെദെരോഥയീം; ഇങ്ങനെ പതിന്നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
37സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്, 38ദിലാൻ, മിസ്പാ, യൊക്തെയേൽ, 39ലാഖീശ്, ബൊസ്കത്ത്, എഗ്ലോൻ, 40കബ്ബോൻ, ലഹ്മാസ്, കിത്ലീശ്; 41ഗെദേരോത്ത്, ബേത്-ദാഗോൻ, നയമാ, മക്കേദാ ഇങ്ങനെ പതിനാറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
42ലിബ്നാ, ഏഥെർ, ആശാൻ; 43യിഫ്താഹ്, അശ്നാ, നെസീബ്; 44കെയീല, അക്സീബ്, മാരേശാ; ഇങ്ങനെ ഒൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
45എക്രോനും അതിനപ്പുറമുള്ള അധീനനഗരങ്ങളും ഗ്രാമങ്ങളും; 46എക്രോനു പടിഞ്ഞാറ് അശ്ദോദിന്റെ സമീപപ്രദേശങ്ങളും അവയുടെ ഗ്രാമങ്ങളും, 47അശ്ദോദും അതിന്റെ അധീനനഗരങ്ങളും അവയുടെ ഗ്രാമങ്ങളും ഗസ്സായും മെഡിറ്ററേനിയൻ സമുദ്രത്തിന്റെ തീരം, ഈജിപ്റ്റുതോട് എന്നിവവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;
48മലനാട്ടിൽ:
ശമീർ, യത്ഥീർ, സോഖോ; 49ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന, 50അനാബ്, എസ്തെമോ, ആനീം, 51ഗോശെൻ, ഹോലോൻ, ഗീലോ; ഇപ്രകാരം പതിനൊന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
52അരാബ്, രൂമാ, എശാൻ, 53യാനീം, ബേത്-തപ്പൂഹാ, അഫേക്കാ, 54ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബാ, സീയോർ; ഇങ്ങനെ ഒൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
55മാവോൻ, കർമേൽ, സീഫ്, യുത്ത; 56യെസ്രീൽ, യോക്ദെയാം, സനോഹ, 57കയീൻ, ഗിബെയാ, തിമ്ന—ഇങ്ങനെ പത്തു പട്ടണവും അവയുടെ ഗ്രാമങ്ങളും;
58ഹൽ-ഹൂൽ, ബേത്ത്-സൂർ, ഗെദോർ, 59മാരാത്ത്, ബേത്-അനോത്ത്, എൽതെക്കോൻ—ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
60കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
61മരുഭൂമിയിൽ:
ബേത്-അരാബ, മിദ്ദീൻ, സെഖാഖാ: 62നിബ്ശാൻ, ഉപ്പുപട്ടണം, എൻ-ഗെദി—ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
63ജെറുശലേമിൽ താമസിച്ചിരുന്ന യെബൂസ്യരെ യെഹൂദയ്ക്കു നീക്കിക്കളയാൻ സാധിച്ചില്ല. ഇന്നുവരെ യെബൂസ്യർ അവിടെ യെഹൂദാമക്കളോടുകൂടെ താമസിച്ചുവരുന്നു.