യോശുവ 2

2
രാഹാബും ചാരപ്രവർത്തകരും
1ഇതിനുശേഷം നൂന്റെ മകനായ യോശുവ ശിത്തീമിൽനിന്ന് രഹസ്യമായി രണ്ട് ചാരപ്രവർത്തകരെ അയച്ചു. “നിങ്ങൾ പോയി ദേശം പര്യവേക്ഷണംചെയ്യുക വിശിഷ്യ, യെരീഹോപട്ടണവും നോക്കുക” എന്നു പറഞ്ഞു. അവർ പോയി രാഹാബ് എന്നു പേരുള്ള ഒരു ഗണികയുടെ വീട്ടിൽ പ്രവേശിച്ച് അവിടെ താമസിച്ചു.
2“ഇസ്രായേൽമക്കളിൽ ചിലർ ദേശത്തെ പര്യവേക്ഷണംചെയ്യാൻ രാത്രിയിൽ ഇവിടെ വന്നിരിക്കുന്നു,” എന്നു യെരീഹോരാജാവിന് അറിവുകിട്ടി. 3അതുകൊണ്ട് യെരീഹോരാജാവ് രാഹാബിന് ഇപ്രകാരം കൽപ്പനകൊടുത്തു: “നിന്റെ അടുക്കൽവന്ന് വീട്ടിൽ പ്രവേശിച്ചിരിക്കുന്ന പുരുഷന്മാരെ പുറത്തിറക്കിത്തരിക; അവർ ദേശമൊക്കെയും പര്യവേക്ഷണംചെയ്യാൻ വന്നവരാകുന്നു.”
4എന്നാൽ ആ സ്ത്രീ രണ്ടു പുരുഷന്മാരെയും ഒളിപ്പിച്ചിരുന്നു. അവൾ ഇപ്രകാരം പറഞ്ഞു: “ആ പുരുഷന്മാർ ഇവിടെ വന്നിരുന്നു എന്നതു ശരിതന്നെ; എങ്കിലും അവർ എവിടെനിന്നു വന്നു എന്നു ഞാൻ അറിഞ്ഞിരുന്നില്ല. 5ഇരുട്ടായപ്പോൾ പട്ടണവാതിൽ അടയ്ക്കുന്ന സമയത്ത് അവർ സ്ഥലംവിട്ടു. അവർ ഏതുവഴി പോയി എന്നും എനിക്കറിഞ്ഞുകൂടാ. വേഗം അവരെ പിൻതുടരുക. ഒരുപക്ഷേ അവരെ കണ്ടുപിടിക്കാം.” 6(എന്നാൽ അവൾ അവരെ വീട്ടിന്മുകളിൽകൊണ്ടുപോയി അവിടെ നിരത്തിയിട്ടിരുന്ന ചണത്തണ്ടുകളുടെ ഇടയിൽ ഒളിപ്പിച്ചിരുന്നു.) 7ചാരപ്രവർത്തകരെ തേടിവന്നവർ അവരെ തെരഞ്ഞ് യോർദാൻനദീതീരംവരെ പോയി, രാജാവിന്റെ ആളുകൾ പുറപ്പെട്ട ഉടനെതന്നെ പട്ടണവാതിൽ അടച്ചു.
8ചാരപ്രവർത്തകർ ഉറങ്ങാൻ പോകുന്നതിനുമുമ്പ് അവൾ മുകളിൽ ചെന്ന് അവരോടു പറഞ്ഞു: 9“യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു എന്നും നിങ്ങളെക്കുറിച്ച് ഒരു വലിയ ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു എന്നും ഞാൻ അറിയുന്നു. അതുകൊണ്ട് ഈ ദേശവാസികൾ എല്ലാവരും ഭയത്താൽ ഉരുകുകയാണ്. 10നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കുവേണ്ടി ചെങ്കടലിലെ വെള്ളം എങ്ങനെ വറ്റിച്ചു എന്നതും നിങ്ങൾ ഉന്മൂലനംചെയ്ത സീഹോൻ, ഓഗ് എന്നീ, യോർദാനു കിഴക്കുള്ള, രണ്ട് അമോര്യരാജാക്കന്മാരോടു നിങ്ങൾ ചെയ്തതും ഞങ്ങൾ കേട്ടിട്ടുണ്ട്. 11ഇതു കേട്ടപ്പോൾത്തന്നെ നിങ്ങൾനിമിത്തം ഞങ്ങളുടെ ഹൃദയം ഭയംകൊണ്ടു കലങ്ങി; ധൈര്യം ചോർന്നു. നിങ്ങളുടെ ദൈവമായ യഹോവതന്നെ മീതേ സ്വർഗത്തിലും താഴേ ഭൂമിയിലും ദൈവം ആകുന്നു.
12“അതുകൊണ്ട്, ഞാൻ നിങ്ങളോടു ദയ ചെയ്തതിനാൽ നിങ്ങളും എന്റെ കുടുംബത്തോടു ദയകാണിക്കുമെന്നു യഹോവയുടെ നാമത്തിൽ ഇപ്പോൾത്തന്നെ ശപഥംചെയ്യുക. 13എന്റെ പിതാവിനെയും മാതാവിനെയും സഹോദരന്മാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു മരണത്തിൽനിന്ന് കാത്തുകൊള്ളുമെന്നതിന് ഉറപ്പുള്ള ഒരു ചിഹ്നം തരികയും വേണം.”
14ആ പുരുഷന്മാർ ഇപ്രകാരം മറുപടി പറഞ്ഞു: “നിങ്ങളുടെ ജീവനുപകരം ഞങ്ങളുടെ ജീവൻ! ഞങ്ങൾ ഈ ചെയ്യുന്നത് നീ പറയാതിരുന്നാൽ യഹോവ ഈ ദേശം ഞങ്ങൾക്കു തരുമ്പോൾ ഞങ്ങൾ നിങ്ങളോടു ദയയോടും വിശ്വസ്തതയോടുംകൂടി പെരുമാറും.”
15അങ്ങനെ അവൾ ജനാലയിലൂടെ ഒരു കയർകെട്ടി അവരെ ഇറക്കി. അവളുടെ വീട് കോട്ടമതിലിന്മേൽ ആയിരുന്നു. 16അവൾ അവരോട്, “പിൻതുടരുന്നവർ നിങ്ങളെ കണ്ടുപിടിക്കാതിരിക്കുന്നതിനു പർവതങ്ങളിലേക്കു പോകുക. അവർ മടങ്ങിവരുന്നതുവരെ—മൂന്നുദിവസം—അവിടെ ഒളിച്ചിരുന്നശേഷം നിങ്ങളുടെ വഴിക്കു പോകുക” എന്നും പറഞ്ഞു.
17-18ആ പുരുഷന്മാർ അവളോടു പറഞ്ഞത്, “ഞങ്ങൾ ഈ ദേശത്തു വരുമ്പോൾ, നീ ഞങ്ങളെ ഇറക്കിവിട്ട ഈ ജനാലയിൽ ഈ ചെമപ്പുചരടു കെട്ടുകയും നിന്റെ പിതാവിനെയും മാതാവിനെയും സഹോദരന്മാരെയും പിതൃഭവനത്തെയൊക്കെയും നിന്റെ വീട്ടിൽ വരുത്തുകയും വേണം. അല്ലെങ്കിൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച ശപഥത്തിൽനിന്നും ഞങ്ങൾ ഒഴിവുള്ളവരായിരിക്കും. 19ആരെങ്കിലും വീടിനുപുറത്ത്, തെരുവിലേക്കിറങ്ങിയാൽ അവരുടെ രക്തം അവരുടെ തലമേൽ ഇരിക്കും; ഞങ്ങൾ ഉത്തരവാദികളായിരിക്കുകയില്ല. നിന്നോടുകൂടെ വീട്ടിൽ ഇരിക്കുന്ന ആരുടെയെങ്കിലുംമേൽ ആരെങ്കിലും കൈവെച്ചാൽ, അവരുടെ രക്തം ഞങ്ങളുടെ തലമേൽ ഇരിക്കും. 20എന്നാൽ ഞങ്ങൾ ചെയ്യുന്നത് നീ ആരെയെങ്കിലും അറിയിച്ചാൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച ശപഥത്തിൽനിന്ന് ഞങ്ങൾ ഒഴിവുള്ളവരായിരിക്കും.”
21“സമ്മതിച്ചിരിക്കുന്നു, നിങ്ങൾ പറഞ്ഞതുപോലെതന്നെ ആകട്ടെ,” അവൾ പറഞ്ഞു.
അവൾ അവരെ യാത്രയയച്ചതിനുശേഷം, ആ ചെമപ്പുചരട് ജനാലയിൽ കെട്ടുകയും ചെയ്തു.
22അവർ പുറപ്പെട്ട് പർവതത്തിൽച്ചെന്നു മൂന്നുദിവസം അവിടെ താമസിച്ചു. അവരെ തെരഞ്ഞുപോയവർ വഴിനീളെ അന്വേഷിച്ചു, കണ്ടെത്താതെ മടങ്ങിപ്പോകുകയും ചെയ്തു. 23ഇതിനുശേഷം ആ രണ്ടു പുരുഷന്മാർ പർവതത്തിൽനിന്നിറങ്ങി അക്കരെ കടന്നു നൂന്റെ മകനായ യോശുവയുടെ അടുക്കൽ ചെന്ന് തങ്ങൾക്കു സംഭവിച്ചതൊക്കെയും അവനെ അറിയിച്ചു. 24“തീർച്ചയായും, യഹോവ ദേശമൊക്കെയും നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ദേശവാസികൾ എല്ലാവരും നമ്മുടെനിമിത്തം ഭയത്താൽ ഉരുകിയിരിക്കുന്നു,” എന്ന് അവർ യോശുവയോടു പറഞ്ഞു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യോശുവ 2: MCV

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക