ലൂക്കോസ് 15:11-24

ലൂക്കോസ് 15:11-24 MCV

യേശു തുടർന്നു പറഞ്ഞത്: “രണ്ട് പുത്രന്മാരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. അവരിൽ ഇളയമകൻ പിതാവിനോട്, ‘അപ്പാ, സ്വത്തിൽ എനിക്ക് അവകാശപ്പെട്ട വീതം തരണം’ എന്നു പറഞ്ഞു. അയാൾ തന്റെ വസ്തുവകകൾ മക്കൾക്കു വീതംവെച്ചു കൊടുത്തു. “ദിവസങ്ങളേറെ കഴിയുംമുമ്പേ, ഇളയമകൻ തനിക്കുള്ളതെല്ലാം പണമാക്കിമാറ്റി ദൂരദേശത്തേക്കു യാത്രയായി; അവിടെ കുത്തഴിഞ്ഞ ജീവിതം നയിച്ചു തനിക്കുള്ളതെല്ലാം ധൂർത്തടിച്ചു. അവന്റെ കൈയിലുള്ളതെല്ലാം ചെലവായിപ്പോയശേഷം, ആ ദേശത്തെല്ലായിടത്തും കഠിനക്ഷാമം ഉണ്ടായി. അവന്റെ കൈവശം ഒന്നുമില്ലാതെയായി. ആ ദേശനിവാസിയായ ഒരു മനുഷ്യന്റെ അടുക്കൽ ചെന്ന് യാചിച്ചപ്പോൾ അയാൾ തന്റെ പന്നികളെ മേയിക്കാൻ അവനെ വയലിലേക്ക് അയച്ചു. പന്നികൾക്കുള്ള തീറ്റകൊണ്ടെങ്കിലും വയറുനിറയ്ക്കാൻ അയാൾ കൊതിച്ചുപോയി. എന്നാൽ അവന് ആരും ഒന്നും ഭക്ഷിക്കാൻ കൊടുത്തില്ല. “അപ്പോൾ അവനു ബോധം തെളിഞ്ഞു: ‘എന്റെ പിതാവിന്റെ എത്രയോ വേലക്കാർ മൃഷ്ടാന്നഭോജനം കഴിഞ്ഞ് ബാക്കിവെക്കുന്നു; ഞാനോ ഇവിടെ പട്ടിണികിടന്ന് മരിക്കാൻ തുടങ്ങുന്നു.’ ഞാൻ പുറപ്പെട്ട് എന്റെ പിതാവിന്റെ അടുക്കൽ മടങ്ങിച്ചെന്ന് പിതാവിനോട്, ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപംചെയ്തിരിക്കുന്നു; ഇനി അപ്പന്റെ മകൻ എന്ന പേരിന് ഞാൻ അർഹനല്ല; ഇവിടത്തെ കൂലിവേലക്കാരിൽ ഒരുത്തനെപ്പോലെ എന്നെ സ്വീകരിക്കണമേ’ എന്നു പറയും. അങ്ങനെ, അയാൾ എഴുന്നേറ്റ് തന്റെ പിതാവിന്റെ അടുത്തേക്കു യാത്രയായി. “വളരെ ദൂരെവെച്ചുതന്നെ പിതാവ് അവനെ കണ്ടു, അവനോടു സഹതാപം തോന്നി; അദ്ദേഹം ഓടിച്ചെന്ന് അവനെ ആലിംഗനംചെയ്തു ചുംബിച്ചു. “ആ മകൻ അദ്ദേഹത്തോട്, ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപംചെയ്തിരിക്കുന്നു; ഇനി അപ്പന്റെ മകൻ എന്ന പേരിന് ഞാൻ അർഹനല്ല’ എന്നു പറഞ്ഞു. “എന്നാൽ ആ പിതാവ് തന്റെ ഭൃത്യന്മാരോട്, ‘വേഗം ഏറ്റവും നല്ല വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുക. ഇവന്റെ വിരലിൽ മോതിരം അണിയിക്കുക കാലിൽ ചെരിപ്പ് ഇടുവിക്കുക. വിശേഷദിവസങ്ങൾക്കായി വളർത്തിക്കൊണ്ടുവന്ന കാളക്കിടാവിനെ കൊണ്ടുവന്ന് അറക്കുക; നമുക്ക് വിരുന്നു കഴിച്ച് ആഘോഷിക്കാം. എന്റെ ഈ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചിരിക്കുന്നു. ഇവൻ നഷ്ടപ്പെട്ടവനായിരുന്നു; എനിക്കിവനെ തിരികെ കിട്ടിയിരിക്കുന്നു’ അങ്ങനെ അവരുടെ ആഘോഷം തുടങ്ങി.