മത്തായി 17:14-20

മത്തായി 17:14-20 MCV

യേശുവും ശിഷ്യന്മാരും ജനക്കൂട്ടത്തിനടുത്തു വന്നപ്പോൾ ഒരു മനുഷ്യൻ അദ്ദേഹത്തെ സമീപിച്ച് മുട്ടുകുത്തി, “കർത്താവേ, എന്റെ മകനോട് കരുണയുണ്ടാകണമേ, അവൻ അപസ്മാരരോഗത്താൽ അതിദാരുണമായി നരകിക്കുന്നു; പലപ്പോഴും തീയിലും വെള്ളത്തിലും വീണുപോകുന്നു. അങ്ങയുടെ ശിഷ്യന്മാരുടെ അടുക്കൽ ഞാൻ അവനെ കൊണ്ടുവന്നു, എങ്കിലും അവർക്ക് അവനെ സൗഖ്യമാക്കാൻ കഴിഞ്ഞില്ല” എന്നു പറഞ്ഞു. അതിന് യേശു, “അവിശ്വാസവും വക്രതയുമുള്ള തലമുറയേ, എത്രനാൾ ഞാൻ നിങ്ങളോടുകൂടെ വസിക്കും? എത്രനാൾ ഞാൻ നിങ്ങളെ സഹിക്കും? ബാലനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു. യേശു ഭൂതത്തെ ശാസിച്ചു, അത് ബാലനിൽനിന്ന് പുറത്തുപോയി; ആ നിമിഷത്തിൽത്തന്നെ അവൻ സൗഖ്യമായി. അതിനുശേഷം ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്, “ഞങ്ങൾക്ക് ആ ആത്മാവിനെ പുറത്താക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?” എന്നു രഹസ്യമായി ചോദിച്ചു. “അത് നിങ്ങളിലെ വിശ്വാസത്തിന്റെ അപര്യാപ്തതമൂലമാണ്. നിങ്ങൾക്ക് ഒരു കടുകുമണിയോളമെങ്കിലും വിശ്വാസം ഉണ്ടെങ്കിൽ ഈ മലയോട്, ‘ഇവിടെനിന്ന് മാറിപ്പോകുക’ എന്നു പറഞ്ഞാൽ അതു മാറിപ്പോകും, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾക്ക് അസാധ്യമായത് ഒന്നുംതന്നെ ഉണ്ടാകുകയില്ല.