മത്തായി 25:1-13

മത്തായി 25:1-13 MCV

“മണവാളനെ എതിരേൽക്കാൻ അവരവരുടെ വിളക്കുകളുമായി ഒരിക്കൽ പുറപ്പെട്ട പത്തു കന്യകമാരോട് സ്വർഗരാജ്യത്തെ ഉപമിക്കാം. അവരിൽ അഞ്ചുപേർ ബുദ്ധിശൂന്യരും അഞ്ചുപേർ വിവേകമുള്ളവരും ആയിരുന്നു. ബുദ്ധിശൂന്യർ തങ്ങളുടെ വിളക്കുകളെടുത്തെങ്കിലും അവയോടുകൂടെ ആവശ്യത്തിന് എണ്ണ എടുത്തിരുന്നില്ല. എന്നാൽ വിവേകമുള്ളവരോ, തങ്ങളുടെ വിളക്കുകളോടുകൂടെ കുപ്പികളിൽ എണ്ണയും എടുത്തു. മണവാളൻ വരാൻ വൈകി; അവരെല്ലാവരും മയക്കംപിടിച്ച് ഉറക്കമായി. “അർധരാത്രിയിൽ, ‘ഇതാ മണവാളൻ! അദ്ദേഹത്തെ വരവേൽക്കാൻ പുറപ്പെടുക’ എന്ന് ആർപ്പുവിളിയുണ്ടായി. “കന്യകമാർ എല്ലാവരും ഉണർന്നു, അവരവരുടെ വിളക്കുകൾ ഒരുക്കി. ബുദ്ധിശൂന്യർ വിവേകമുള്ളവരോട്, ‘നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കുതരിക; ഞങ്ങളുടെ വിളക്കുകൾ അണഞ്ഞുപോകുന്നു’ എന്നു പറഞ്ഞു. “ ‘സാധ്യമല്ല, നാം രണ്ടുകൂട്ടർക്കുംകൂടി എണ്ണ തികയാതെവരും. അതുകൊണ്ട് എണ്ണ വിൽക്കുന്നവരുടെ അടുക്കൽച്ചെന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് വാങ്ങുക’ എന്ന് വിവേകികൾ മറുപടി പറഞ്ഞു. “അവർ എണ്ണ വാങ്ങാൻ പൊയ്ക്കൊണ്ടിരിക്കുമ്പോൾത്തന്നെ മണവാളൻ വന്നു. ഒരുങ്ങിയിരുന്ന കന്യകമാർ അദ്ദേഹത്തോടൊപ്പം വിവാഹവിരുന്നിനായി അകത്തു പ്രവേശിച്ചു; വാതിൽ അടയ്ക്കപ്പെടുകയും ചെയ്തു. “പിന്നീട് എണ്ണ വാങ്ങാൻ പോയ കന്യകമാരും വന്നു. ‘യജമാനനേ, യജമാനനേ, ഞങ്ങൾക്ക് വാതിൽ തുറന്നുതരണമേ,’ അവർ അപേക്ഷിച്ചു. “എന്നാൽ മണവാളൻ അവരോട്, ‘ഞാൻ നിങ്ങളെ അറിയുന്നില്ല, സത്യം!’ എന്നു പറഞ്ഞു. “ആകയാൽ നിങ്ങളും എപ്പോഴും ജാഗരൂകരായിരിക്കുക; ആ ദിവസവും സമയവും നിങ്ങൾ അറിയുന്നില്ലല്ലോ!