7
ഇസ്രായേലിന്റെ കഷ്ടത
1എന്റെ ദുരിതം എത്ര ഭയങ്കരം!
ഞാൻ വേനൽപ്പഴങ്ങൾ ശേഖരിക്കുന്നവനെപ്പോലെയും
മുന്തിരിത്തോപ്പിൽ കാലാ പെറുക്കുന്നവനെപ്പോലെയും ആയല്ലോ.
എനിക്ക് ഭക്ഷിക്കാൻ ഒരു മുന്തിരിക്കുലയും ഇല്ല.
ഞാൻ കൊതിക്കുന്ന അത്തിയുടെ ആദ്യഫലങ്ങളും ഇല്ല.
2വിശ്വസ്തർ ദേശത്തുനിന്ന് ഇല്ലാതെയായിരിക്കുന്നു;
നേരുള്ള ആരുംതന്നെ ശേഷിച്ചിട്ടില്ല.
എല്ലാവരും രക്തം ചിന്തുന്നതിന് പതിയിരിക്കുന്നു;
അവർ തന്റെ സഹോദരങ്ങളെ വലയുമായി വേട്ടയാടുന്നു.
3ദുഷ്ടത പ്രവർത്തിക്കാൻ ഇരുകൈകൾക്കും സാമർഥ്യമുണ്ട്;
ഭരണാധികാരി സമ്മാനം ആവശ്യപ്പെടുന്നു,
ന്യായാധിപൻ കൈക്കൂലി സ്വീകരിക്കുന്നു,
ശക്തർ തനിക്കിഷ്ടമുള്ളതൊക്കെയും വിളിച്ചുപറയുന്നു.
അവർ ഒരുമിച്ച് ഗൂഢാലോചന നടത്തുന്നു.
4അവരിൽ ഉത്തമർ മുൾച്ചെടിപോലെ;
ഏറ്റവും നീതിനിഷ്ഠർ മുൾവേലിയെക്കാൾ ഭയങ്കരർ.
നിന്റെ കാവൽക്കാർ#7:4 കാവൽക്കാർ, വിവക്ഷിക്കുന്നത് പ്രവാചകന്മാർ. മുന്നറിയിപ്പു നൽകിയ ദിവസം,
ദൈവം നിന്നെ സന്ദർശിക്കുന്ന ദിവസംതന്നെ, വന്നിരിക്കുന്നു.
ഇപ്പോൾ അവർക്ക് പരിഭ്രമത്തിന്റെ സമയമാണ്.
5അയൽവാസിയെ വിശ്വസിക്കരുത്;
ആത്മസുഹൃത്തിൽ അമിതവിശ്വാസം അർപ്പിക്കുകയുമരുത്.
നിന്റെ ആശ്ലേഷത്തിൽ കിടക്കപങ്കിടുന്നവളോടുപോലും
നിന്റെ വാക്കുകൾ സൂക്ഷിച്ചുകൊള്ളുക.
6മകൻ അപ്പനെ അപമാനിക്കുന്നു,
മകൾ അമ്മയോട് എതിർത്തുനിൽക്കുന്നു,
മരുമകൾ അമ്മായിയമ്മയെ എതിർക്കുന്നു—
ഒരു മനുഷ്യന്റെ ശത്രുക്കൾ അയാളുടെ കുടുംബാംഗങ്ങൾതന്നെ ആയിരിക്കും.
7എന്നാൽ, ഞാൻ യഹോവയെ പ്രത്യാശയോടെ നോക്കിക്കൊണ്ടിരിക്കും,
എന്റെ രക്ഷകനായ ദൈവത്തിനായി ഞാൻ കാത്തിരിക്കും,
എന്റെ ദൈവം എന്റെ പ്രാർഥന കേൾക്കും.
ഇസ്രായേലിന്റെ വിജയഗാനം
8എന്റെ ശത്രുവേ, എന്റെമേൽ സന്തോഷിക്കരുത്!
വീണുപോയെങ്കിലും ഞാൻ എഴുന്നേൽക്കും.
ഞാൻ ഇരുട്ടിൽ ഇരുന്നാലും
യഹോവ എന്റെ വെളിച്ചമായിരിക്കും.
9യഹോവ എന്റെ വ്യവഹാരം നടത്തി
എന്റെ അവകാശം സ്ഥാപിക്കുന്നതുവരെ
ഞാൻ അവിടത്തെ കോപം വഹിക്കും.
കാരണം, ഞാൻ യഹോവയ്ക്കെതിരായി പാപംചെയ്തല്ലോ.
അവിടന്ന് എന്നെ വെളിച്ചത്തിലേക്കു കൊണ്ടുവരും;
ഞാൻ അവിടത്തെ നീതിയെ കാണും.
10അപ്പോൾ എന്റെ ശത്രു അതു കാണും,
അവൾ ലജ്ജകൊണ്ടു മൂടപ്പെടും.
“നിന്റെ ദൈവമായ യഹോവ എവിടെ?”
എന്ന് എന്നോടു ചോദിച്ചവളുടെ പതനം
എന്റെ കണ്ണ് കാണും;
ഇപ്പോൾത്തന്നെ തെരുവീഥിയിലെ ചെളി എന്നപോലെ
അവൾ കാൽക്കീഴിൽ ചവിട്ടിമെതിക്കപ്പെടും.
11നിന്റെ മതിലുകൾ പണിയുകയും
നിന്റെ അതിരുകൾ വിശാലമാക്കുകയും ചെയ്യുന്നദിവസം വരും.
12ആ ദിവസത്തിൽ അശ്ശൂരിൽനിന്നും
ഈജിപ്റ്റിലെ നഗരങ്ങളിൽനിന്നും ആളുകൾ നിന്റെ അടുക്കൽവരും,
ഈജിപ്റ്റുമുതൽ യൂഫ്രട്ടീസ് നദിവരെയും
സമുദ്രംമുതൽ സമുദ്രംവരെയും
പർവതംമുതൽ പർവതംവരെയുമുള്ള ജനവും വരും.
13ഭൂമി അതിലെ നിവാസികൾ നിമിത്തവും
അവരുടെ പ്രവൃത്തി നിമിത്തവും ശൂന്യമായിത്തീരും.
14അങ്ങയുടെ കോൽകൊണ്ട് സ്വന്തം ജനത്തെ,
അങ്ങയുടെ അവകാശമായ ആട്ടിൻകൂട്ടത്തെത്തന്നെ മേയിക്കണമേ,
കാട്ടിലും ഫലപുഷ്ടിയുള്ള മേച്ചിൽപ്പുറങ്ങളിലും
വസിക്കുന്ന ഈ ആട്ടിൻകൂട്ടം
പണ്ടത്തെപ്പോലെ
ബാശാനിലും ഗിലെയാദിലും മേയട്ടെ.
15“നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവന്ന നാളുകളിലെപ്പോലെ
ഞാൻ അവരെ എന്റെ അത്ഭുതങ്ങൾ കാണിക്കും.”
16രാഷ്ട്രങ്ങൾ ഇതുകണ്ട് ലജ്ജിക്കും,
തങ്ങളുടെ സകലശക്തിയും നഷ്ടപ്പെട്ടതുനിമിത്തംതന്നെ.
അവർ വായ് പൊത്തും
അവരുടെ ചെവികൾ കേൾക്കാതെയാകും.
17അവൾ സർപ്പംപോലെ,
ഭൂമിയിലെ ഇഴജന്തുക്കളെപ്പോലെ പൊടിനക്കും.
അവർ തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽനിന്നു വിറച്ചുകൊണ്ടുവരും;
അവർ നിങ്ങളെ ഭയപ്പെട്ട്
നമ്മുടെ ദൈവമായ യഹോവയിലേക്കു തിരിയും.
18തന്റെ അവകാശത്തിൽ ശേഷിച്ച ജനത്തിന്റെ
പാപങ്ങൾ ക്ഷമിക്കുകയും അതിക്രമങ്ങൾ പൊറുക്കുകയും ചെയ്യുന്ന
അങ്ങയെപ്പോലെ വേറൊരു ദൈവമുണ്ടോ?
അങ്ങ് എന്നേക്കും കോപം വെച്ചുകൊണ്ടിരിക്കുന്നില്ല
എന്നാൽ, കരുണകാണിക്കാൻ അങ്ങ് പ്രസാദിക്കുകയും ചെയ്യുന്നു.
19അവിടന്ന് വീണ്ടും നമ്മോടുതന്നെ ദയകാണിക്കും;
അങ്ങ് ഞങ്ങളുടെ പാപങ്ങളെ മെതിച്ചുകളയും
ഞങ്ങളുടെ അതിക്രമങ്ങളെല്ലാം സമുദ്രത്തിന്റെ അഗാധങ്ങളിലേക്കു ചുഴറ്റിയെറിയും.
20പൂർവകാലങ്ങളിൽ അങ്ങ് ഞങ്ങളുടെ പിതാക്കന്മാരോട്
ശപഥം ചെയ്തതുപോലെതന്നെ,
അങ്ങ് യാക്കോബിനോട് വിശ്വസ്തനായിരിക്കുകയും
അബ്രാഹാമിനോട് കരുണ കാണിക്കുകയും ചെയ്യും.