മർക്കോസ് 14:27-42

മർക്കോസ് 14:27-42 MCV

യേശു അവരോടു പറഞ്ഞത്: “നിങ്ങൾ എല്ലാവരും എന്നെ പരിത്യജിക്കും; “ ‘ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും’ എന്നു രേഖപ്പെടുത്തിയിരിക്കുന്നല്ലോ. എന്നാൽ, ഞാൻ ഉയിർത്തെഴുന്നേറ്റതിനുശേഷം നിങ്ങൾക്ക് മുമ്പായി ഗലീലയിലേക്കു പോകും.” ഇതു കേട്ടപ്പോൾ പത്രോസ്, “എല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും ഞാൻ ഉപേക്ഷിക്കുകയില്ല” എന്നു പറഞ്ഞു. അതിന് യേശു, “ഇന്ന്, ഈ രാത്രിയിൽത്തന്നെ, കോഴി രണ്ടുതവണ കൂവുന്നതിനുമുമ്പ്, നിശ്ചയമായും എന്നെ നീ മൂന്നുപ്രാവശ്യം തിരസ്കരിച്ചിരിക്കുമെന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു. എന്നാൽ പത്രോസ്, “അങ്ങയോടൊപ്പം മരിക്കേണ്ടിവന്നാലും, ഞാൻ അങ്ങയെ തിരസ്കരിക്കുകയില്ല” എന്നു തറപ്പിച്ചുപറഞ്ഞു. മറ്റുള്ളവരും ഇതുതന്നെ ആവർത്തിച്ചു. പിന്നെ അവർ ഗെത്ത്ശേമന എന്ന സ്ഥലത്ത് എത്തി. യേശു ശിഷ്യന്മാരോട്, “ഞാൻ പ്രാർഥിച്ചു തീരുന്നതുവരെ ഇവിടെ ഇരിക്കുക” എന്നു പറഞ്ഞു. അതിനുശേഷം അദ്ദേഹം പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെയും കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് അദ്ദേഹം ദുഃഖവിവശനും വ്യാകുലനുമാകാൻ തുടങ്ങി, “എന്റെ പ്രാണനിൽ ദുഃഖം നിറഞ്ഞുകവിഞ്ഞിട്ട് ഞാൻ മരണാസന്നനായിരിക്കുന്നു. നിങ്ങൾ എന്നോടൊപ്പം ഇവിടെ ഉണർന്നിരിക്കുക” എന്ന് അവരോടു പറഞ്ഞു. പിന്നെ യേശു അൽപ്പംകൂടെ മുമ്പോട്ടുചെന്ന് നിലത്തു വീണ്, കഴിയുമെങ്കിൽ ആ മണിക്കൂറുകൾ തന്നിൽനിന്ന് നീങ്ങിപ്പോകാനായി പിതാവിനോട്: “ അബ്ബാ, പിതാവേ, അവിടത്തേക്കു സകലതും സാധ്യമാണല്ലോ. ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ. എങ്കിലും എന്റെ ഇഷ്ടംപോലെയല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു. അതിനുശേഷം, യേശു ശിഷ്യന്മാരുടെ അടുക്കൽ മടങ്ങിവന്നു. ഉറക്കത്തിലാണ്ടുപോയ ശിഷ്യന്മാരെക്കണ്ടിട്ട്, അദ്ദേഹം പത്രോസിനോട്, “ശിമോനേ, നീ ഉറങ്ങുന്നോ? ഒരു മണിക്കൂർപോലും ഉണർന്നിരിക്കാൻ നിനക്കു കഴിയുന്നില്ലേ? പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്ന് പ്രാർഥിക്കുക. ആത്മാവ് സന്നദ്ധം, എന്നാൽ ശരീരമോ ദുർബലം.” ഒരിക്കൽക്കൂടി അദ്ദേഹം പോയി ആദ്യം പ്രാർഥിച്ച അതേ വാക്കുകൾതന്നെ പറഞ്ഞു പ്രാർഥിച്ചു. അദ്ദേഹം തിരിച്ചെത്തിയപ്പോൾ നിദ്രാഭാരംകൊണ്ട് അവർ പിന്നെയും ഉറങ്ങുന്നതു കണ്ടു. അദ്ദേഹത്തോട് എന്തു വിശദീകരണം നൽകണമെന്ന് അവർക്ക് അറിഞ്ഞുകൂടായിരുന്നു. അദ്ദേഹം മൂന്നാംപ്രാവശ്യം തിരിച്ചുവന്ന്, അവരോട്, “ഇപ്പോഴും നിങ്ങൾ ഉറങ്ങി വിശ്രമിക്കുകയാണോ? മതി, മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏൽപ്പിക്കപ്പെടാൻപോകുന്ന സമയം ഇതാ വന്നിരിക്കുന്നു. എഴുന്നേൽക്കുക, നമുക്കു പോകാം; എന്നെ ഒറ്റിക്കൊടുക്കുന്നവൻ ഇതാ ഇവിടെ!” എന്നു പറഞ്ഞു.