40
സങ്കീർത്തനം 40
ദാവീദിന്റെ ഒരു സങ്കീർത്തനം.
1ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു;
അവിടന്ന് എങ്കലേക്കു ചാഞ്ഞ് എന്റെ നിലവിളി കേട്ടു.
2വഴുവഴുപ്പുള്ള കുഴിയിൽനിന്നും
ചേറ്റിൽനിന്നും ചെളിയിൽനിന്നും അവിടന്ന് എന്നെ ഉദ്ധരിച്ചു;
അവിടന്ന് എന്റെ പാദങ്ങൾ ഒരു പാറമേൽ ഉറപ്പിച്ചു
എനിക്കു നിൽക്കാൻ ഉറപ്പുള്ള ഒരിടംനൽകി.
3എന്റെ അധരങ്ങൾക്ക് അവിടന്നൊരു പുതുഗീതമേകി,
നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗാനംതന്നെ.
പലരും അതുകണ്ട് യഹോവയെ ഭയപ്പെടുകയും
അങ്ങയിൽ ആശ്രയംവെക്കുകയും ചെയ്യും.
4അഹന്തനിറഞ്ഞവരിൽ ആശ്രയിക്കാതെയും
വ്യാജദൈവങ്ങളിലേക്കു തിരിയാതെയും
യഹോവയിൽ ആശ്രയിക്കുന്ന
മനുഷ്യർ അനുഗൃഹീതർ.
5എന്റെ ദൈവമായ യഹോവേ,
അവിടന്നു ഞങ്ങൾക്കുവേണ്ടി ചെയ്ത അത്ഭുതങ്ങളും
അവിടന്നു ഞങ്ങൾക്കായി ആസൂത്രണംചെയ്ത പദ്ധതികളും അനവധിയാകുന്നു.
അവിടത്തോട് സദൃശനായി ആരുമില്ല;
അവിടത്തെ പ്രവൃത്തികളെക്കുറിച്ച് ഉദ്ഘോഷിക്കുന്നതിനും വിവരിക്കുന്നതിനും തുനിഞ്ഞാൽ
അവ വർണനാതീതമായിരിക്കും.
6യാഗവും തിരുമുൽക്കാഴ്ചയും അങ്ങ് ആഗ്രഹിച്ചില്ല—
എന്നാൽ എന്റെ കാതുകളെ അങ്ങു തുറന്നിരിക്കുന്നു—
സർവാംഗദഹനയാഗങ്ങളും പാപശുദ്ധീകരണയാഗങ്ങളും അവിടന്ന് ആവശ്യപ്പെട്ടതുമില്ല.
7അപ്പോൾ ഞാൻ പറഞ്ഞു, “ഇതാ ഞാൻ വന്നിരിക്കുന്നു—
തിരുവെഴുത്തിൽ എന്നെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു.
8എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു;
അങ്ങയുടെ ന്യായപ്രമാണം എന്റെ ഹൃദയത്തിലുണ്ട്.”
9മഹാസഭയിൽ ഞാൻ അവിടത്തെ നീതി ഘോഷിക്കുന്നു;
യഹോവേ, എന്റെ അധരങ്ങൾ ഞാൻ അടച്ചുവെക്കുകയില്ല,
എന്ന് അങ്ങേക്ക് അറിയാമല്ലോ.
10അവിടത്തെ നീതി ഞാൻ എന്റെ ഹൃദയത്തിൽ മറച്ചുവെക്കുന്നില്ല;
അങ്ങയുടെ വിശ്വസ്തതയും രക്ഷയും ഞാൻ ഘോഷിക്കുന്നു.
അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും
ഞാൻ മഹാസഭയിൽനിന്നു മറച്ചുവെക്കുന്നില്ല.
11യഹോവേ, അവിടത്തെ കരുണ എന്നിൽനിന്നു പിൻവലിക്കരുതേ;
അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും എപ്പോഴും എനിക്കു സംരക്ഷണം നൽകട്ടെ.
12അസംഖ്യമായ അനർഥങ്ങൾ എന്നെ വലയംചെയ്തിരിക്കുന്നു;
പുറത്തേക്കുള്ള വഴി കാണാൻ കഴിയാത്തവിധം എന്റെ പാപങ്ങൾ എന്നെ വലയംചെയ്തു കീഴടക്കിയിരിക്കുന്നു.
അവ എന്റെ തലയിലെ മുടിയിഴകളെക്കാൾ അധികം,
എന്റെ മനോവീര്യം ചോർന്നുപോകുന്നു.
13യഹോവേ, എന്നെ രക്ഷിക്കാൻ പ്രസാദമുണ്ടാകണമേ,
യഹോവേ, എന്നെ സഹായിക്കാൻ വേഗം വരണമേ.
14എന്റെ ജീവൻ അപഹരിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം
ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ;
എന്റെ നാശം ആഗ്രഹിക്കുന്നവരെല്ലാം
അപമാനിതരായി പിന്തിരിഞ്ഞുപോകട്ടെ.
15എന്നോട്, “ആഹാ! ആഹാ!” എന്നു പറയുന്നവർ
ലജ്ജകൊണ്ട് പരിഭ്രാന്തരാകട്ടെ.
16എന്നാൽ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും
അങ്ങയിൽ ആനന്ദിച്ച് ആഹ്ലാദിക്കട്ടെ;
അവിടത്തെ രക്ഷ ആഗ്രഹിക്കുന്നവർ,
“യഹോവ ഉന്നതൻ” എന്ന് എപ്പോഴും പറയട്ടെ.
17ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും എങ്കിലും;
കർത്താവ് എന്നെ ഓർക്കുന്നു.
അവിടന്ന് എന്റെ സഹായകനും എന്റെ വിമോചകനും ആകുന്നു;
അവിടന്ന് ആകുന്നു എന്റെ ദൈവം, താമസിക്കരുതേ.
സംഗീതസംവിധായകന്.#40:17 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.