11
1ലെബാനോനേ, നിന്റെ വാതിലുകൾ തുറക്കുക;
അഗ്നി നിന്റെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ!
2സരളവൃക്ഷങ്ങളേ, വിലപിക്കുവിൻ;
ദേവദാരുക്കൾ വീണുപോയി!
ബാശാനിലെ കരുവേലകങ്ങളേ, വിലപിക്കുവിൻ;
ഗാംഭീര്യമുള്ള വൃക്ഷങ്ങൾ നശിച്ചുപോയിരിക്കുന്നു; ഘോരവനവും വെട്ടിനിരത്തിയിരിക്കുന്നു.
3ഇടയന്മാരുടെ വിലാപം ശ്രദ്ധിക്കുക;
അവരുടെ തഴച്ച മേച്ചിൽപ്പുറങ്ങൾ നശിച്ചുപോയിരിക്കുന്നു!
സിംഹങ്ങളുടെ ഗർജനം ശ്രദ്ധിക്കുക;
യോർദാനിലെ തഴച്ച കുറ്റിക്കാടുകൾ നശിച്ചുപോയിരിക്കുന്നു!
രണ്ട് ഇടയന്മാർ
4എന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അറക്കാൻ അടയാളപ്പെടുത്തിയ ആട്ടിൻകൂട്ടത്തെ മേയിക്കുക. 5വാങ്ങുന്നവർ അവയെ കശാപ്പുചെയ്യുന്നു; എന്നാൽ ശിക്ഷിക്കപ്പെടാതെ പോകുകയും ചെയ്യുന്നു. അവയെ വിൽക്കുന്നവർ, ‘യഹോവയ്ക്കു സ്തോത്രം, ഞാൻ ധനികനായിരിക്കുന്നു’ എന്നു പറയുന്നു. അവരുടെ സ്വന്തം ഇടയന്മാർപോലും അവരോടു കരുണ കാണിക്കുന്നില്ല. 6ദേശത്തിലെ ജനങ്ങളോട് ഇനി കരുണയുണ്ടാകുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ ഓരോരുത്തരും അവരവരുടെ അയൽവാസികളുടെ പക്കലും രാജാവിന്റെ പക്കലും ഏൽപ്പിക്കും. അവർ ദേശത്തെ തകർക്കും, ഞാൻ അവരുടെ കരങ്ങളിൽനിന്ന് ആരെയും വിടുവിക്കുകയില്ല.”
7അങ്ങനെ ഞാൻ, അറക്കാൻ അടയാളപ്പെടുത്തിയ ആട്ടിൻകൂട്ടത്തെ, വിശേഷിച്ചു കൂട്ടത്തിൽ പീഡിപ്പിക്കപ്പെട്ടവയെ, മേയിച്ചു. പിന്നീട് ഞാൻ രണ്ടു കോൽ എടുത്തു, ഒന്നിനു “പ്രീതി,” എന്നും മറ്റേതിന് “ഒരുമ,” എന്നും പേരിട്ടു. അങ്ങനെ ഞാൻ കൂട്ടത്തെ മേയിച്ചു. 8ഒരു മാസത്തിനകം മൂന്ന് ഇടയന്മാരെ ഞാൻ ഒഴിവാക്കി.
ആട്ടിൻകൂട്ടത്തിന് എന്നോട് വെറുപ്പുതോന്നി, എനിക്ക് അവരോടും മടുപ്പുതോന്നി. 9“ഞാൻ നിങ്ങളുടെ ഇടയൻ ആയിരിക്കുകയില്ല, ചാകുന്നവ ചാകട്ടെ, നശിക്കുന്നവ നശിക്കട്ടെ. ശേഷിച്ചിരിക്കുന്നവ പരസ്പരം മാംസം തിന്നട്ടെ,” എന്നു പറഞ്ഞു.
10പിന്നീടു ഞാൻ, പ്രീതി എന്നു പേരുള്ള കോലെടുത്തു; സകലരാജ്യങ്ങളോടും ചെയ്തിരുന്ന ഉടമ്പടി ലംഘിച്ചുകൊണ്ട് ഞാൻ അതിനെ ഒടിച്ചുകളഞ്ഞു. 11ആ ദിവസംതന്നെ അതു ലംഘിക്കപ്പെട്ടു. എന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന കൂട്ടത്തിലെ പീഡിതർ, അത് യഹോവയുടെ വചനംതന്നെ ആകുന്നു എന്നു തിരിച്ചറിഞ്ഞു.
12ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ എന്റെ കൂലി തരിക; ഇല്ലെങ്കിൽ, തരേണ്ടതില്ല.” അങ്ങനെ അവർ എനിക്കു മുപ്പതു വെള്ളിക്കാശ് എന്റെ കൂലിയായി തന്നു.
13യഹോവ എന്നോട്, “അതു കുശവന് എറിഞ്ഞുകളയുക” എന്നു കൽപ്പിച്ചു—അതായിരുന്നു അവർ എന്നെ മതിച്ചവില! അങ്ങനെ ഞാൻ ആ മുപ്പതു വെള്ളിക്കാശെടുത്ത് യഹോവയുടെ ആലയത്തിൽ കുശവന് എറിഞ്ഞുകൊടുത്തു.
14പിന്നീട് ഞാൻ, ഒരുമ എന്ന എന്റെ രണ്ടാമത്തെ കോൽ എടുത്തു; ഇസ്രായേലും യെഹൂദയുംതമ്മിലുള്ള സാഹോദര്യത്തിന്റെ കോൽ ഒടിച്ചുകളഞ്ഞു.
15അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “നീ ഇനി ഭോഷനായ ഒരു ഇടയന്റെ ആയുധം എടുത്തുകൊള്ളുക. 16കാണാതെപോയതിനെ അന്വേഷിക്കാതെയും ഇളയതിനെ കരുതാതെയും മുറിവേറ്റതിനെ സുഖമാക്കാതെയും ആരോഗ്യമുള്ളതിനെ തീറ്റാതെയും ഇരിക്കുന്ന ഒരു ഇടയനെ ഞാൻ ദേശത്തിന്റെമേൽ എഴുന്നേൽപ്പിക്കാൻ പോകുന്നു. അവൻ തടിച്ചവയുടെ മാംസം തിന്നുകയും കുളമ്പുകളെ കീറി കളയുകയും ചെയ്യും.
17“ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചുപോകുന്ന
ഭോഷനായ ഇടയനു ഹാ കഷ്ടം!
വാൾ അവന്റെ ഭുജത്തെയും വലത്തുകണ്ണിനെയും വെട്ടട്ടെ!
അവന്റെ ഭുജം അശേഷം വരണ്ടും
വലതുകണ്ണ് അശേഷം ഇരുണ്ടും പോകട്ടെ!”