സെഖര്യാവ് 13

13
പാപത്തിൽനിന്നുള്ള ശുദ്ധീകരണം
1“ആ ദിവസത്തിൽ ദാവീദുഗൃഹത്തിന്റെയും ജെറുശലേംനിവാസികളുടെയും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവ തുറക്കപ്പെട്ടിരിക്കും.
2“ആ ദിവസത്തിൽ, വിഗ്രഹങ്ങളുടെ പേരുകൾ ഞാൻ ദേശത്തുനിന്നു നീക്കിക്കളയും, അവ പിന്നെ ഒരിക്കലും ഓർമിക്കപ്പെടുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ പ്രവാചകന്മാരെയും അശുദ്ധാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും. 3പിന്നെ ആരെങ്കിലും പ്രവചിക്കുന്നെങ്കിൽ അവനു ജന്മംനൽകിയ മാതാപിതാക്കൾ അവനോടു പറയും: ‘യഹോവയുടെ നാമത്തിൽ വ്യാജം പറഞ്ഞിരിക്കുകയാൽ നീ മരിക്കണം.’ അവൻ പ്രവചിക്കുമ്പോൾ അവന്റെ മാതാപിതാക്കൾതന്നെ അവനെ കുത്തും.
4“ആ ദിവസത്തിൽ ഓരോ പ്രവാചകനും തന്റെ പ്രവചനദർശനത്തെക്കുറിച്ച് ലജ്ജിക്കും. ചതിക്കേണ്ടതിന് അവർ പ്രവാചകന്റെ രോമമുള്ള അങ്കി ധരിക്കുകയുമില്ല. 5‘ഞാൻ പ്രവാചകനല്ല, ഒരു കൃഷിക്കാരനത്രേ; എന്റെ യൗവനംമുതൽ ഒരാൾ എന്നെ വിലയ്ക്കു വാങ്ങിയിരിക്കുന്നു,’ എന്ന് ഓരോരുത്തരും പറയും. 6ആരെങ്കിലും അവനോട്: ‘നിന്റെ ശരീരത്തിൽ ഏറ്റിരിക്കുന്ന മുറിവുകൾ എന്ത്,’ എന്നു ചോദിച്ചാൽ, ‘എന്റെ സ്നേഹിതരുടെ വീട്ടിൽവെച്ച് എനിക്കേറ്റ മുറിവുകൾതന്നെ’ എന്ന് അവൻ ഉത്തരം പറയും.
ഇടയനെ വെട്ടുന്നു, ആടുകൾ ചിതറിക്കപ്പെടുന്നു
7“വാളേ, എന്റെ ഇടയന്റെനേരേയും
എന്റെ പ്രിയപുരുഷന്റെനേരേയും ഉണരുക!”
എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
“ഇടയനെ വെട്ടുക;
ആടുകൾ ചിതറിപ്പോകും,
ഞാൻ ചെറിയവരുടെനേർക്ക് എന്റെ കൈ തിരിക്കും.”
8യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സർവദേശത്തിലും
മൂന്നിൽരണ്ടുഭാഗം ഛേദിക്കപ്പെട്ടു നശിച്ചുപോകും;
എങ്കിലും അതിൽ മൂന്നിലൊരംശം ശേഷിച്ചിരിക്കും.
9ഈ മൂന്നിലൊരംശത്തെ ഞാൻ അഗ്നിയിൽക്കൂടി കടത്തും;
ഞാൻ അവരെ വെള്ളിപോലെ സ്‌ഫുടംചെയ്യും
സ്വർണംപോലെ അവരെ ശുദ്ധീകരിക്കും.
അവർ എന്റെ നാമം വിളിച്ചപേക്ഷിക്കും
ഞാൻ അവർക്ക് ഉത്തരമരുളും;
‘അവർ എന്റെ ജനം,’ എന്നു ഞാൻ പറയും
‘യഹോവ ഞങ്ങളുടെ ദൈവം’ എന്ന് അവരും പറയും.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സെഖര്യാവ് 13: MCV

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക