1 കൊരിന്ത്യർ 5:1-5
1 കൊരിന്ത്യർ 5:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളുടെ ഇടയിൽ ദുർന്നടപ്പ് ഉണ്ടെന്നു കേൾക്കുന്നു. ഒരുത്തൻ തന്റെ അപ്പന്റെ ഭാര്യയെ വച്ചുകൊള്ളുന്നുപോൽ; അതു ജാതികളിൽപോലും ഇല്ലാത്ത ദുർന്നടപ്പുതന്നെ. എന്നിട്ടും നിങ്ങൾ ചീർത്തിരിക്കുന്നു; ഈ ദുഷ്കർമം ചെയ്തവനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കുവാൻ തക്കവണ്ണം നിങ്ങൾ ദുഃഖിച്ചിട്ടുമില്ല. ഞാനോ ശരീരംകൊണ്ടു ദൂരസ്ഥൻ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മധ്യേ ഇരിക്കുന്നവനായിതന്നെ, ഈ ദുഷ്കർമം ചെയ്തവനെക്കുറിച്ച്: നിങ്ങളും എന്റെ ആത്മാവും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടിയിട്ടു നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ അവനെ, ആത്മാവ് കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിനു ജഡസംഹാരത്തിനായി സാത്താന് ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.
1 കൊരിന്ത്യർ 5:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങളുടെ ഇടയിൽ ദുർവൃത്തി ഉണ്ടെന്നു ഞാൻ കേൾക്കുന്നു. ഒരാൾ തന്റെ പിതാവിന്റെ ഭാര്യയുമായി അവിഹിതബന്ധം പുലർത്തുന്നുണ്ടത്രേ. ഇത് വിജാതീയരുടെ ഇടയിൽപോലും ഇല്ലാത്ത നികൃഷ്ടനടപടിയാണല്ലോ. എന്നിട്ടും നിങ്ങൾ അഹങ്കരിക്കുന്നു! നിങ്ങളുടെ ഹൃദയം സങ്കടംകൊണ്ടു നിറയേണ്ടതല്ലേ? ഈ ദുഷ്കർമം ചെയ്തവനെ നിങ്ങളുടെ സഭയിൽനിന്നു ബഹിഷ്കരിക്കേണ്ടതാണ്. ശരീരത്തിൽ വിദൂരസ്ഥനാണെങ്കിലും ആത്മാവിൽ ഞാൻ നിങ്ങളോടുകൂടിയുണ്ട്. ഞാൻ നിങ്ങളുടെ കൂടെ ആയിരുന്നെങ്കിലെന്നവണ്ണം, ഈ നീചകൃത്യം ചെയ്തവനെ ഞാൻ വിധിച്ചുകഴിഞ്ഞിരിക്കുന്നു. നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ നിങ്ങൾ ഒരുമിച്ചുകൂടുമ്പോൾ, എന്റെ ആത്മാവും അവിടെ ഉണ്ടായിരിക്കും. നിങ്ങൾ ഒരുമിച്ചുകൂടി കർത്താവായ യേശുവിന്റെ അധികാരത്തിൽ ആ മനുഷ്യനെ സാത്താനെ ഏല്പിച്ചുകൊടുക്കണം. അങ്ങനെ അവന്റെ ഭോഗാസക്തമായ അധമസ്വഭാവം നശിക്കുകയും അവന്റെ ആത്മാവ് കർത്താവിന്റെ ദിവസത്തിൽ രക്ഷപെടുകയും ചെയ്യും.
1 കൊരിന്ത്യർ 5:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിങ്ങളുടെ ഇടയിൽ ദുർന്നടപ്പ് ഉണ്ടെന്ന് കേൾക്കുന്നു. ഒരാൾ തന്റെ പിതാവിന്റെ ഭാര്യയുമായി അവിഹിതബന്ധം പുലർത്തുന്നു; അത് ജാതികളിൽപോലും ഇല്ലാത്ത ദുർന്നടപ്പ് തന്നെ. എന്നിട്ടും നിങ്ങൾ അഹങ്കരിക്കുന്നു; ഈ ദുഷ്കർമ്മം ചെയ്തവനെ നിങ്ങളുടെ ഇടയിൽനിന്ന് പുറത്താക്കുവാൻ തക്കവണ്ണം നിങ്ങൾ ദുഃഖിച്ചിട്ടുമില്ല. ഞാനോ ശരീരംകൊണ്ട് ദൂരസ്ഥൻ ആണെങ്കിലും ആത്മാവുകൊണ്ട് കൂടെയുള്ളവൻ ആയി ഞാൻ നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നു എന്നപോലെ ഈ ദുഷ്കർമ്മം ചെയ്തവനെക്കുറിച്ച്, നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ നിങ്ങളും, എന്റെ ആത്മാവും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചുകൂടിയിരുന്ന്, അവന്‍റെ ആത്മാവ് കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്, അവനെ ജഡത്തിൻ്റെ നാശത്തിനായി സാത്താനെ ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.
1 കൊരിന്ത്യർ 5:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങളുടെ ഇടയിൽ ദുർന്നടപ്പു ഉണ്ടെന്നു കേൾക്കുന്നു. ഒരുത്തൻ തന്റെ അപ്പന്റെ ഭാര്യയെ വെച്ചുകൊള്ളുന്നുപോൽ; അതു ജാതികളിൽപോലും ഇല്ലാത്ത ദുർന്നടപ്പു തന്നേ. എന്നിട്ടും നിങ്ങൾ ചീർത്തിരിക്കുന്നു; ഈ ദുഷ്കർമ്മം ചെയ്തവനെ നിങ്ങളുടെ ഇടയിൽ നിന്നു നീക്കുവാൻ തക്കവണ്ണം നിങ്ങൾ ദുഃഖിച്ചിട്ടുമില്ല. ഞാനോ ശരീരംകൊണ്ടു ദൂരസ്ഥൻ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കർമ്മം ചെയ്തവനെക്കുറിച്ചു: നിങ്ങളും എന്റെ ആത്മാവും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ അവനെ, ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.
1 കൊരിന്ത്യർ 5:1-5 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങൾക്കിടയിൽ, നിഷിദ്ധസംഗമം ഉള്ളതായി വാസ്തവമായും കേൾക്കുന്നു: ഒരാൾ തന്റെ പിതാവിന്റെ ഭാര്യയെ സ്വന്തമാക്കിയിരിക്കുന്നു. ഇത് യെഹൂദേതരരുടെ മധ്യത്തിൽപോലും ഇല്ലാത്ത ദുർനടപ്പാണ്. എന്നിട്ടും നിങ്ങൾ അഹങ്കരിക്കുന്നു! നിങ്ങൾ വിലപിച്ച് അതു പ്രവർത്തിച്ചവനെ നിങ്ങൾക്കിടയിൽനിന്ന് പുറത്താക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്? ഞാൻ ശാരീരികമായി നിങ്ങളോടൊപ്പം ഇല്ലെങ്കിലും ആത്മാവിൽ നിങ്ങളോടൊപ്പമുണ്ട്. ഇതു പ്രവർത്തിച്ചവനെ ആത്മികമായി നിങ്ങളോടൊപ്പമുള്ള ഒരാളെപ്പോലെ ഞാൻ നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ നേരത്തേതന്നെ വിധിച്ചിരിക്കുന്നു. നിങ്ങൾ അവിടത്തെ നാമത്തിൽ ഒരുമിച്ചുകൂടുമ്പോൾ, ആത്മാവിൽ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തി സന്നിഹിതമായിരിക്കുകയും ചെയ്യുമ്പോൾതന്നെ, ഈ മനുഷ്യനെ സാത്താന് ഏൽപ്പിച്ചുകൊടുക്കുക. അങ്ങനെ അയാളുടെ ജഡസ്വഭാവം പൂർണമായി നശിപ്പിക്കപ്പെട്ടിട്ട് ആത്മാവ് കർത്താവിന്റെ ദിവസത്തിൽ രക്ഷപ്പെടാൻ ഇടയാകട്ടെ.