1 യോഹന്നാൻ 3:1-3

1 യോഹന്നാൻ 3:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കാൺമിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവ് നമുക്ക് എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെതന്നെ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നത് ആകും എന്ന് ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെതന്നെ കാണുന്നതാകകൊണ്ട് അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു. അവനിൽ ഈ പ്രത്യാശയുള്ളവൻ എല്ലാം അവൻ നിർമ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നെ നിർമ്മലീകരിക്കുന്നു.

1 യോഹന്നാൻ 3:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കാണുക, നാം ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവ് എത്ര വലിയ സ്നേഹമാണു നമുക്ക് നല്‌കിയിരിക്കുന്നത്. നാം അങ്ങനെതന്നെ ആകുന്നു താനും. ലോകം ദൈവത്തെ അറിയായ്കകൊണ്ട് നമ്മെയും അറിയുന്നില്ല. പ്രിയപ്പെട്ടവരേ, നാം ദൈവത്തിന്റെ മക്കളാകുന്നു. നാം എന്തായിത്തീരുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ നാം അവിടുത്തെപ്പോലെ ആയിത്തീരുമെന്നു നാം അറിയുന്നു. എന്തെന്നാൽ അവിടുന്നു യഥാർഥത്തിൽ എപ്രകാരം ആയിരിക്കുന്നുവോ അപ്രകാരം അവിടുത്തെ നാം ദർശിക്കും. ക്രിസ്തുവിൽ ഈ പ്രത്യാശ ഉള്ളവർ ക്രിസ്തു നിർമ്മലനായിരിക്കുന്നതുപോലെ തങ്ങളെത്തന്നെ നിർമ്മലരാക്കും.

1 യോഹന്നാൻ 3:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവ് നമ്മിൽ എത്ര അധികം സ്നേഹം പകർന്നിരിക്കുന്നു; നാം അങ്ങനെ തന്നെ ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ട് നമ്മെയും അറിയുന്നില്ല. പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം എന്ത് ആകും എന്നു ഇതുവരെ വെളിപ്പെട്ടിട്ടില്ല. എന്നാൽ അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെപ്പോലെ ആകും എന്നു നാം അറിയുന്നു. എന്തെന്നാൽ, അവൻ ആയിരിക്കുന്നതുപോലെ നാം അവനെ കാണുമല്ലോ. അവനിൽ ഈ പ്രത്യാശയുള്ളവരെല്ലാം അവൻ നിർമ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നെ നിർമ്മലീകരിക്കുന്നു.

1 യോഹന്നാൻ 3:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല. പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു. അവനിൽ ഈ പ്രത്യാശയുള്ളവൻ എല്ലാം അവൻ നിർമ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നേ നിർമ്മലീകരിക്കുന്നു.

1 യോഹന്നാൻ 3:1-3 സമകാലിക മലയാളവിവർത്തനം (MCV)

നോക്കൂ, പിതാവു നമുക്ക് എത്രയോ അതിരില്ലാത്ത സ്നേഹം പകർന്നാണ് നമ്മെ ദൈവമക്കളെന്നു വിളിച്ചത്! നാം വാസ്തവത്തിൽ അങ്ങനെതന്നെ ആണ്! ലോകം അവിടത്തെ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് അത് നമ്മെയും അറിയുന്നില്ല. പ്രിയരേ, ഇപ്പോൾ നാം ദൈവത്തിന്റെമക്കൾ ആകുന്നു. നാം എന്തായിത്തീരുമെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്നാൽ, ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ നാം അവിടത്തെപ്പോലെയാകും. അവിടന്ന് ആയിരിക്കുന്നതുപോലെ നാം അവിടത്തെ കാണും. തന്നിൽ ഈ പ്രത്യാശയുള്ളവരെല്ലാം അവിടന്നു വിശുദ്ധനായിരിക്കുന്നതുപോലെ, സ്വയം വിശുദ്ധീകരിക്കുന്നു.