2 കൊരിന്ത്യർ 5:1-9
2 കൊരിന്ത്യർ 5:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കൂടാരമായ ഞങ്ങളുടെ ഭൗമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗത്തിൽ ഉണ്ടെന്ന് അറിയുന്നു. ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ടു ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ സ്വർഗീയമായ ഞങ്ങളുടെ പാർപ്പിടം അതിനുമീതെ ധരിപ്പാൻ വാഞ്ഛിക്കുന്നു. ഉരിവാനല്ല മർത്യമായത് ജീവനാൽ നീങ്ങിപ്പോകേണ്ടതിനു മീതെ ഉടുപ്പാൻ ഇച്ഛിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു. അതിനായി ഞങ്ങളെ ഒരുക്കിയത് ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവംതന്നെ. ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും, ശരീരത്തിൽ വസിക്കുമ്പോഴൊക്കെയും കർത്താവിനോട് അകന്നു പരദേശികൾ ആയിരിക്കുന്നു എന്ന് അറിയുന്നു. കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്. ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ടു ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു. അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു.
2 കൊരിന്ത്യർ 5:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞങ്ങൾ വസിക്കുന്ന കൂടാരമാകുന്ന ഈ ഭൗമികശരീരം പൊളിഞ്ഞുപോകുമ്പോൾ, ഞങ്ങൾക്കു വസിക്കുന്നതിന് സ്വർഗത്തിൽ ഒരു ഭവനം ദൈവം നല്‌കും. മനുഷ്യകരങ്ങളല്ല, ദൈവംതന്നെ നിർമിച്ച ആ വാസസ്ഥലം അനശ്വരമാകുന്നു. ഇപ്പോഴത്തെ ഈ ശരീരത്തിൽ ഞങ്ങൾ ഞരങ്ങിക്കൊണ്ടിരിക്കുന്നു; സ്വർഗീയമായ പാർപ്പിടം ധരിക്കുവാൻ ഞങ്ങൾ അഭിവാഞ്ഛിക്കുന്നു. അതു ധരിക്കുമ്പോൾ ഞങ്ങൾ ശരീരം ഇല്ലാത്തവരായിരിക്കുകയില്ല. ഭൗമികമായ ഈ കൂടാരത്തിൽ വസിക്കുമ്പോൾ ഞങ്ങൾ ഭാരപ്പെട്ടു ഞരങ്ങുന്നു; ഈ ശരീരം ഇല്ലാതിരിക്കുവാനല്ല, ഇതിനുമീതെ സ്വർഗീയമായത് ധരിക്കുവാനത്രേ ഞങ്ങൾ ആഗ്രഹിക്കുന്നത്; അങ്ങനെ ഈ മർത്യശരീരം ജീവനുള്ള ശരീരമായി രൂപാന്തരപ്പെടും. ഈ പരിവർത്തനത്തിനു ഞങ്ങളെ സജ്ജരാക്കുന്നതു ദൈവമാകുന്നു. നമുക്കുവേണ്ടി അവിടുന്നു സംഭരിച്ചുവച്ചിട്ടുള്ള എല്ലാറ്റിന്റെയും ഉറപ്പിനായി തന്റെ ആത്മാവിനെ അവിടുന്നു ഞങ്ങൾക്കു നല്‌കുകയും ചെയ്തു. അതുകൊണ്ട് ഞങ്ങൾക്ക് എപ്പോഴും ധൈര്യമുണ്ട്. ഞങ്ങൾ ഈ ശരീരത്തിൽ വസിക്കുമ്പോൾ കർത്താവിൽനിന്നു വിദൂരസ്ഥരാണെന്നു ഞങ്ങൾ അറിയുന്നു. ബാഹ്യദൃഷ്‍ടികൊണ്ടുള്ള കാഴ്ചയാലല്ല, വിശ്വാസത്താലത്രേ ഞങ്ങൾ ജീവിക്കുന്നത്. ഈ ശരീരം വിട്ട് കർത്താവിനോടുകൂടി വസിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതുകൊണ്ട് ഞങ്ങൾക്കു തികഞ്ഞ ധൈര്യമുണ്ട്. എല്ലാറ്റിലുമുപരി ഞങ്ങൾ ഇവിടെയോ, അവിടെയോ എവിടെയായിരുന്നാലും കർത്താവിന് ഹിതകരമായി ജീവിക്കുവാൻ അഭിവാഞ്ഛിക്കുന്നു.
2 കൊരിന്ത്യർ 5:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കൂടാരമെന്ന നമ്മുടെ ഭൗമഭവനം നശിച്ചുപോയാൽ കൈകളാൽ പണിതിട്ടില്ലാത്ത ദൈവത്തിന്‍റെ ഒരു ഭവനം നമുക്ക് നിത്യമായി, സ്വർഗ്ഗത്തിൽ ഉണ്ടെന്ന് നാം അറിയുന്നു. ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ട് സ്വർഗ്ഗീയമായ ഭവനം ധരിക്കുവാൻ ഞങ്ങൾ വാഞ്ചിക്കുന്നു. അങ്ങനെ ധരിക്കുന്നതുകൊണ്ട് ഞങ്ങൾ നഗ്നരായി കാണപ്പെടുകയില്ലല്ലോ. ഈ കൂടാരത്തിൽ ഇരിക്കുന്ന ഞങ്ങൾ ഭാരപ്പെട്ട് ഞരങ്ങുന്നു; മർത്യത ജീവനാൽ നീങ്ങിപ്പോകേണ്ടതിന്, നാം നഗ്നരായിത്തീരും എന്നുള്ളതുകൊണ്ടല്ല, പിന്നെയോ വസ്ത്രം ധരിക്കപ്പെടും എന്നുള്ളതുകൊണ്ട് തന്നെ. അതിനായി ഞങ്ങളെ ഒരുക്കിയത്, നമ്മുടെ ഉറപ്പിനായി ആത്മാവിനെ നമുക്ക് നൽകിയ ദൈവം തന്നെ. ആകയാൽ ഞങ്ങൾ എല്ലായ്‌പ്പോഴും ധൈര്യപ്പെട്ടും ശരീരമാകുന്ന ഭവനത്തിൽ വസിക്കുമ്പോൾ കർത്താവിൽനിന്ന് അകന്നിരിക്കുന്നു എന്നു അറിഞ്ഞും ഇരിക്കുന്നു. എന്തെന്നാൽ, കാഴ്ചയാൽ അല്ല, വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്. ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ട് ശരീരത്തിൽനിന്നകന്ന് കർത്താവിനോടുകൂടെ ഭവനത്തിൽ ഇരിക്കുവാൻ അധികം ഇഷ്ടപ്പെടുന്നു. അതുകൊണ്ട് ശരീരത്തിൽ വസിച്ചാലും ശരീരത്തിൽ നിന്നകന്നാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നത് ലക്ഷ്യമാക്കുന്നു.
2 കൊരിന്ത്യർ 5:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കൂടാരമായ ഞങ്ങളുടെ ഭൗമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു. ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ടു ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ സ്വർഗ്ഗീയമായ ഞങ്ങളുടെ പാർപ്പിടം അതിന്നു മീതെ ധരിപ്പാൻ വാഞ്ഛിക്കുന്നു. ഉരിവാനല്ല മർത്യമായതു ജീവനാൽ നീങ്ങിപ്പോകേണ്ടതിന്നു മീതെ ഉടുപ്പാൻ ഇച്ഛിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു. അതിന്നായി ഞങ്ങളെ ഒരുക്കിയതു ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം തന്നേ. ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോടു അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു. കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നതു. ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ടു ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു. അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു.
2 കൊരിന്ത്യർ 5:1-9 സമകാലിക മലയാളവിവർത്തനം (MCV)
നാം ജീവിക്കുന്ന ഈ മൺകൂടാരം നശിച്ചുപോകുന്നു. അപ്പോൾ മാനുഷികകരങ്ങളാൽ നിർമിതമല്ലാത്ത ദൈവികദാനമായ നിത്യവാസസ്ഥലം സ്വർഗത്തിലുണ്ടെന്നു ഞങ്ങൾ അറിയുന്നു. ഈ സ്വർഗീയവാസസ്ഥലം ലഭിക്കുമെന്ന അതിവാഞ്ഛയോടെ, വാസ്തവത്തിൽ ഈ ജീവിതം ഞങ്ങൾ ഞരങ്ങിക്കൊണ്ടു കഴിക്കുന്നു. ഈ വാസസ്ഥാനം ലഭിക്കുന്നതിനാൽ തീർച്ചയായും ഞങ്ങൾ നഗ്നരായി കാണപ്പെടുകയില്ല. അതുകൊണ്ട് ഞങ്ങൾ ഈ താൽക്കാലിക ശരീരത്തിലിരിക്കുന്നിടത്തോളം ഉത്കണ്ഠയോടെ നെടുവീർപ്പിടുന്നു. പുതിയ ശരീരം ലഭിക്കാൻവേണ്ടി പഴയത് ഉരിഞ്ഞുകളയാൻ ആഗ്രഹിക്കുന്നു എന്നല്ല; നശ്വരമായതിനുപകരം അനശ്വരമായതു ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്. ഇതിനായി ഞങ്ങളെ ഒരുക്കി ആത്മാവെന്ന നിക്ഷേപം ആദ്യഗഡുവായി ഞങ്ങൾക്കു നൽകിയത് ദൈവമാണ്. അതിനാൽ ഞങ്ങൾ എപ്പോഴും ധൈര്യപ്പെട്ടിരിക്കുന്നു; ഈ ശരീരത്തിൽ വസിക്കുന്ന കാലംവരെ ഞങ്ങൾ കർത്താവിൽനിന്ന് അകലെയായിരിക്കുന്നെന്ന് അറിയുന്നു. ദൃശ്യമായതിൽ ആശ്രയിച്ചുകൊണ്ടല്ല, അദൃശ്യമായതിൽ വിശ്വാസമർപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. ഈ ഉറപ്പോടെ, ശരീരം വിട്ടകന്നു കർത്താവിനോടുകൂടെ വസിക്കാൻ ഞങ്ങൾ ഏറെ ഇഷ്ടപ്പെടുന്നു. അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും കർത്താവിനെ പ്രസാദിപ്പിക്കുകയാണ് ഞങ്ങളുടെ ജീവിതലക്ഷ്യം.