എഫെസ്യർ 6:10-18

എഫെസ്യർ 6:10-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഒടുവിൽ കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ. പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനില്പാൻ കഴിയേണ്ടതിനു ദൈവത്തിന്റെ സർവായുധവർഗം ധരിച്ചുകൊൾവിൻ. നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. അതുകൊണ്ടു നിങ്ങൾ ദുർദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ട് ഉറച്ചു നില്പാനും കഴിയേണ്ടതിനു ദൈവത്തിന്റെ സർവായുധവർഗം എടുത്തുകൊൾവിൻ. നിങ്ങളുടെ അരയ്ക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും സമാധാനസുവിശേഷത്തിനായുള്ള ഒരുക്കം കാലിനു ചെരിപ്പാക്കിയും എല്ലാറ്റിനും മീതെ ദുഷ്ടന്റെ തീയമ്പുകളെയൊക്കെയും കെടുക്കുവാൻ തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ. രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ. സകല പ്രാർഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർഥിച്ചും അതിനായി ജാഗരിച്ചുംകൊണ്ടു, സകല വിശുദ്ധന്മാർക്കും എനിക്കുംവേണ്ടി പ്രാർഥനയിൽ പൂർണസ്ഥിരത കാണിപ്പിൻ.

പങ്ക് വെക്കു
എഫെസ്യർ 6 വായിക്കുക

എഫെസ്യർ 6:10-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവസാനമായി കർത്താവിനോട് ഏകീഭവിച്ച് അവിടുത്തെ അജയ്യശക്തി മുഖേന നിങ്ങൾ കരുത്തുറ്റവരായിത്തീരുക. പിശാചിന്റെ കുതന്ത്രങ്ങളോട് എതിർത്തു നില്‌ക്കുവാൻ നിങ്ങൾ പ്രാപ്തരാകേണ്ടതിന് ദൈവം നിങ്ങൾക്കു നല്‌കുന്ന എല്ലാ ആയുധങ്ങളും ധരിച്ചുകൊള്ളുക. നാം പോരാടുന്നത് മനുഷ്യരോടല്ല, അധികാരങ്ങളോടും ശക്തികളോടും ഈ അന്ധകാരലോകത്തിന്റെ അധിപതികളോടും ആകാശത്തിലെ ദുഷ്ടാത്മസേനയോടുമത്രേ. അതുകൊണ്ട് ദൈവത്തിന്റെ എല്ലാ പടക്കോപ്പുകളും ധരിക്കുക! അങ്ങനെ ചെയ്താൽ ദുർദിനത്തിൽ ശത്രുവിന്റെ ആക്രമണത്തെ പ്രതിരോധിക്കുവാനും അവസാനംവരെ പോരാടിയശേഷവും വീഴാതെ കാലുറപ്പിച്ചു നില്‌ക്കുവാനും നിങ്ങൾക്കു കഴിയും. അതിനാൽ സത്യംകൊണ്ട് അരമുറുക്കിയും നീതി എന്ന കവചം ധരിച്ചും തയ്യാറായി നില്‌ക്കുക. സമാധാനത്തിന്റെ സുവിശേഷം പ്രഖ്യാപനം ചെയ്യുവാനുള്ള സന്നദ്ധത ആയിരിക്കട്ടെ നിങ്ങളുടെ പാദരക്ഷ. വിശ്വാസം എന്ന പരിച എല്ലാസമയത്തും നിങ്ങളുടെ കൈയിലുണ്ടായിരിക്കണം. തന്മൂലം ദുഷ്ടൻ തൊടുത്തുവിടുന്ന ആഗ്നേയാസ്ത്രങ്ങളെ കെടുത്തുവാൻ നിങ്ങൾക്കു കഴിയും. രക്ഷ പടത്തൊപ്പിയായും ദൈവവചനം ആത്മാവു നല്‌കുന്ന വാളായും സ്വീകരിച്ചുകൊള്ളുക. ആത്മാവു പ്രേരിപ്പിക്കുന്നതനുസരിച്ച് എല്ലാ സമയവും പ്രാർഥിക്കുക. എപ്പോഴും ജാഗരൂകരായിരിക്കുക. ഞാൻ സുധീരം സംസാരിക്കുകയും സുവിശേഷത്തിന്റെ മർമ്മം അറിയിക്കുകയും ചെയ്യേണ്ടതിന് ഞാൻ പ്രസംഗിക്കുമ്പോൾ ഒരു സന്ദേശം എനിക്കു ലഭിക്കുവാൻ എനിക്കുവേണ്ടി പ്രാർഥിക്കുക. എല്ലാ ദൈവജനങ്ങൾക്കുവേണ്ടിയും പ്രാർഥിക്കണം. ദൈവത്തിന്റെ സഹായം അപേക്ഷിച്ചുകൊണ്ട് ഇവയെല്ലാം ചെയ്യണം.

പങ്ക് വെക്കു
എഫെസ്യർ 6 വായിക്കുക

എഫെസ്യർ 6:10-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവസാനമായി കർത്താവിലും അവന്‍റെ അമിതബലത്തിലും ശക്തിപ്പെടുവിൻ. പിശാചിന്‍റെ തന്ത്രങ്ങളോട് എതിർത്തുനില്ക്കുവാൻ കഴിയേണ്ടതിന് ദൈവത്തിന്‍റെ സർവ്വായുധങ്ങളും ധരിച്ചുകൊള്ളുവിൻ. നമുക്കു പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും ആത്മീയ അധികാരങ്ങളോടും ഈ അന്ധകാരത്തിൻ്റെ ലോകാധിപതികളോടും സ്വർല്ലോകതലങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. അതുകൊണ്ട് നിങ്ങൾ ഈ ദുഷ്കാലങ്ങളിൽ എതിർത്തുനില്ക്കുവാനും എല്ലാ കർത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് ഉറച്ചു നില്ക്കുവാനും കഴിയേണ്ടതിന് ദൈവത്തിന്‍റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊള്ളുവിൻ. നിങ്ങളുടെ അരയ്ക്ക് സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും സമാധാനസുവിശേഷത്തിനായുള്ള ഒരുക്കം കാലിന് ചെരിപ്പാക്കിയും എല്ലാറ്റിനും മീതെ ദുഷ്ടന്‍റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നിൽക്കുവിൻ. രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്‍റെ വാളും കൈക്കൊള്ളുവിൻ. സകല പ്രാർത്ഥനയാലും യാചനയാലും ഏത് നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും, അവന്‍റെ മറുപടിക്കായി ജാഗരിച്ചുംകൊണ്ട് സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ സ്ഥിരോത്സാഹം കാണിക്കുവിൻ.

പങ്ക് വെക്കു
എഫെസ്യർ 6 വായിക്കുക

എഫെസ്യർ 6:10-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഒടുവിൽ കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ. പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ. നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ. നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ. രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ. സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചുംകൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കുംവേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.

പങ്ക് വെക്കു
എഫെസ്യർ 6 വായിക്കുക

എഫെസ്യർ 6:10-18 സമകാലിക മലയാളവിവർത്തനം (MCV)

അവസാനമായി ഓർമിപ്പിക്കട്ടെ, കർത്താവിലും അവിടത്തെ അപാരശക്തിയാലും ശക്തരാകുക. പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനിൽക്കാൻ കഴിയേണ്ടതിന് എല്ലാ ദിവ്യായുധങ്ങളും അണിയുക. നാം യുദ്ധംചെയ്യുന്നത് മനുഷ്യർക്കെതിരേയല്ല, മറിച്ച് ഈ ഇരുളടഞ്ഞ ലോകത്തിന്റെ അധികാരികളോടും അധികാരങ്ങളോടും ആകാശത്തിലെ ദുഷ്ടാത്മാക്കളോടുമാണ്. അതുകൊണ്ട് പിശാചിന്റെ ആക്രമണമുണ്ടാകുന്ന ദുർദിവസത്തിൽ അവനെ എതിർക്കാനും യുദ്ധം സമാപിച്ചതിനുശേഷം ഉറച്ചുനിൽക്കാനും സാധിക്കേണ്ടതിന് എല്ലാ ദിവ്യായുധങ്ങളും അണിയുക: സത്യമെന്ന അരപ്പട്ട കെട്ടിയും നീതി കവചമായി ധരിച്ചും സമാധാനസുവിശേഷത്തിനുള്ള ഒരുക്കം പാദരക്ഷകളായും സർവോപരി പിശാചിന്റെ എല്ലാ അഗ്ന്യസ്ത്രങ്ങളെയും കെടുത്തിക്കളയാൻ പര്യാപ്തമായ വിശ്വാസം എന്ന പരിച കൈകളിൽ ഏന്തിക്കൊണ്ടും രക്ഷ ശിരോകവചമായി ധരിച്ചും ആത്മാവിന്റെ വാളായ ദൈവവചനം കൈകളിൽ എടുത്തുകൊണ്ടും നിലകൊള്ളുക. ഏതുസമയവും എല്ലാ അവസരങ്ങളിലും ആത്മാവിൽ പ്രാർഥിച്ചുകൊണ്ട് ജാഗ്രതയോടെ നിരന്തരം സകലവിശുദ്ധർക്കുംവേണ്ടി അപേക്ഷ കഴിച്ചുകൊണ്ടിരിക്കുക.

പങ്ക് വെക്കു
എഫെസ്യർ 6 വായിക്കുക