ഉൽപത്തി 2:18-25
ഉൽപത്തി 2:18-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവനു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്ന് അരുളിച്ചെയ്തു: യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തുനിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവയ്ക്ക് എന്തു പേരിടുമെന്നു കാൺമാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടത് അവയ്ക്ക് പേരായി; മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യനു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല. ആകയാൽ യഹോവയായ ദൈവം മനുഷ്യന് ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്ത് അതിനു പകരം മാംസം പിടിപ്പിച്ചു. യഹോവയായ ദൈവം മനുഷ്യനിൽനിന്ന് എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ മനുഷ്യൻ: ഇത് ഇപ്പോൾ എന്റെ അസ്ഥിയിൽനിന്ന് അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്ന് എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു. അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും. മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്കു നാണം തോന്നിയില്ലതാനും.
ഉൽപത്തി 2:18-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനായ ദൈവം അരുളിച്ചെയ്തു: “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; അവനു തക്ക തുണയായി ഞാൻ ഒരാളെ സൃഷ്‍ടിച്ചു നല്‌കും.” അവിടുന്നു മണ്ണിൽനിന്നു സകല മൃഗങ്ങളെയും പക്ഷികളെയും സൃഷ്‍ടിച്ചു. മനുഷ്യൻ അവയ്ക്ക് എന്തു പേരു നല്‌കുമെന്നറിയാൻ അവയെ അവന്റെ മുമ്പിൽ കൊണ്ടുവന്നു. മനുഷ്യൻ വിളിച്ചത് അവയ്‍ക്കു പേരായി. എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ വന്യമൃഗങ്ങൾക്കും മനുഷ്യൻ പേരിട്ടു. എന്നാൽ അവയിലൊന്നും അവനു തക്ക തുണ ആയിരുന്നില്ല. അതുകൊണ്ടു സർവേശ്വരനായ ദൈവം മനുഷ്യനെ ഗാഢനിദ്രയിലാക്കി, അവന്റെ വാരിയെല്ലുകളിൽ ഒരെണ്ണം എടുത്തു; ആ വിടവ് മാംസംകൊണ്ടു മൂടി. അവിടുന്ന് മനുഷ്യനിൽ നിന്നെടുത്ത വാരിയെല്ലുകൊണ്ട് ഒരു സ്‍ത്രീയെ സൃഷ്‍ടിച്ച് അവന്റെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ മനുഷ്യൻ പറഞ്ഞു: “ഇപ്പോൾ ഇതാ, എന്റെ അസ്ഥിയിൽനിന്നുള്ള അസ്ഥിയും മാംസത്തിൽനിന്നുള്ള മാംസവും!” നരനിൽനിന്ന് എടുത്തിരിക്കുന്നതിനാൽ ഇവൾ നാരി എന്നു വിളിക്കപ്പെടും. അതുകൊണ്ട് പുരുഷൻ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേർന്നിരിക്കും. അവർ ഇരുവരും ഒരു ശരീരമായിത്തീരും. പുരുഷനും സ്‍ത്രീയും നഗ്നരായിരുന്നു എങ്കിലും അവർക്കു ലജ്ജ തോന്നിയില്ല.
ഉൽപത്തി 2:18-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനന്തരം യഹോവയായ ദൈവം: “മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല; ഞാൻ അവനു തക്കതായൊരു തുണയെ ഉണ്ടാക്കിക്കൊടുക്കും” എന്നു അരുളിച്ചെയ്തു. യഹോവയായ ദൈവം ഭൂമിയിലെ സകലമൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ട് മനുഷ്യൻ അവയ്ക്ക് എന്ത് പേരിടുമെന്ന് കാണുവാൻ അവന്‍റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും ആദാം ഇട്ടത് അവയ്ക്ക് പേരായി. ആദാം എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യന് തക്കതായൊരു തുണ കണ്ടുകിട്ടിയില്ല. ആകയാൽ യഹോവയായ ദൈവം മനുഷ്യന് ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്ത് അതിന് പകരം മാംസം പിടിപ്പിച്ചു. യഹോവയായ ദൈവം മനുഷ്യനിൽ നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ ആദാം; “ഇത് ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്ന് എടുത്തിരിക്കുകയാൽ ഇവൾക്ക് നാരി എന്നു പേരാകും” എന്നു പറഞ്ഞു. അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞ് ഭാര്യയോടു പറ്റിച്ചേരും; അവർ ഒരു ദേഹമായി തീരും. മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്ക് നാണം തോന്നിയതുമില്ല.
ഉൽപത്തി 2:18-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു. യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി. മനുഷ്യൻ എല്ലാകന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാകാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല. ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു. യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു. അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും. മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്കു നാണം തോന്നിയില്ലതാനും.
ഉൽപത്തി 2:18-25 സമകാലിക മലയാളവിവർത്തനം (MCV)
അതിനുശേഷം യഹോവയായ ദൈവം: “മനുഷ്യൻ ഏകനായിരിക്കുന്നതു നല്ലതല്ല, അവന് അനുയോജ്യമായ ഒരു തുണയെ ഞാൻ നിർമിക്കും,” എന്ന് അരുളിച്ചെയ്തു. യഹോവയായ ദൈവം നിലത്തുനിന്നു നിർമിച്ച എല്ലാ വന്യമൃഗങ്ങളെയും ആകാശത്തിലെ സകലപക്ഷികളെയും മനുഷ്യന്റെ മുമ്പിൽ അവൻ അവയ്ക്ക് എന്തു പേരിടുമെന്നു കാണാൻ വരുത്തി. ഓരോ ജീവിയെയും മനുഷ്യൻ വിളിച്ചത് അതിന് പേരായിത്തീർന്നു. അങ്ങനെ മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പക്ഷികൾക്കും സകലവന്യമൃഗങ്ങൾക്കും പേരിട്ടു. എന്നാൽ ആദാമിന് അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്തിയില്ല. അതുകൊണ്ട് യഹോവയായ ദൈവം മനുഷ്യനെ ഒരു ഗാഢനിദ്രയിലാക്കി; അവൻ ഉറങ്ങിയപ്പോൾ അവിടന്ന് അവന്റെ വാരിയെല്ലുകളിൽ ഒന്നെടുത്തശേഷം എടുത്തയിടം മാംസംകൊണ്ടു നികത്തി. പിന്നെ യഹോവയായ ദൈവം, മനുഷ്യനിൽ നിന്നെടുത്ത വാരിയെല്ലുകൊണ്ട് ഒരു സ്ത്രീയെ ഉണ്ടാക്കി, അവളെ മനുഷ്യന്റെ അടുക്കലേക്ക് ആനയിച്ചു. അപ്പോൾ മനുഷ്യൻ ഇപ്രകാരം പറഞ്ഞു: “ഇത് എന്റെ അസ്ഥിയിൽനിന്നുള്ള അസ്ഥിയും എന്റെ മാംസത്തിൽനിന്നുള്ള മാംസവും ആകുന്നു; നരനിൽനിന്ന് എടുത്തിരിക്കുകയാൽ ഇവൾക്കു ‘നാരി’ എന്നു പേരാകും.” ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും; അവർ ഒരു ശരീരമായിത്തീരും. അവരിരുവരും—ആദാമും ഭാര്യയും—നഗ്നരായിരുന്നു; എങ്കിലും അവർക്കു ലജ്ജ തോന്നിയില്ല.