ഉൽപത്തി 22:1-14

ഉൽപത്തി 22:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതിന്റെശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചത് എങ്ങനെയെന്നാൽ: അബ്രാഹാമേ, എന്നു വിളിച്ചതിന്: ഞാനിതാ എന്ന് അവൻ പറഞ്ഞു. അപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെതന്നെ, കൂട്ടിക്കൊണ്ടു മോറിയാദേശത്തു ചെന്ന്, അവിടെ ഞാൻ നിന്നോട് കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്ന് അരുളിച്ചെയ്തു. അബ്രാഹാം അതികാലത്ത് എഴുന്നേറ്റു കഴുതയ്ക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരിൽ രണ്ടു പേരെയും തന്റെ മകൻ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിനു വിറകു കീറി എടുത്തുംകൊണ്ട് പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച സ്ഥലത്തേക്കു പോയി. മൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തുനിന്ന് ആ സ്ഥലം കണ്ടു. അബ്രാഹാം ബാല്യക്കാരോട്: നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്ന് ആരാധന കഴിച്ച് മടങ്ങിവരാം എന്നു പറഞ്ഞു. അബ്രാഹാം ഹോമയാഗത്തിനുള്ള വിറക് എടുത്തു തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽ വച്ചു; തീയും കത്തിയും താൻ എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു. അപ്പോൾ യിസ്ഹാക് തന്റെ അപ്പനായ അബ്രാഹാമിനോട്: അപ്പാ, എന്നു പറഞ്ഞതിന് അവൻ: എന്താകുന്നു മകനെ എന്നു പറഞ്ഞു. തീയും വിറകും ഉണ്ട്; എന്നാൽ ഹോമയാഗത്തിന് ആട്ടിൻകുട്ടി എവിടെ എന്ന് അവൻ ചോദിച്ചു. ദൈവം തനിക്കു ഹോമയാഗത്തിന് ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊള്ളും, മകനെ, എന്ന് അബ്രാഹാം പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ചു നടന്നു. ദൈവം കല്പിച്ചിരുന്ന സ്ഥലത്ത് അവർ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറക് അടുക്കി, തന്റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി. പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിനു കത്തി എടുത്തു. ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്ന്: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്ന് അവൻ പറഞ്ഞു. ബാലന്റെമേൽ കൈവയ്ക്കരുത്; അവനോട് ഒന്നും ചെയ്യരുത്; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ട് നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്ന് അവൻ അരുളിച്ചെയ്തു. അബ്രാഹാം തല പൊക്കി നോക്കിയപ്പോൾ പിമ്പുറത്ത് ഒരു ആട്ടുകൊറ്റൻ കൊമ്പ് കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്ന് ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകനു പകരം ഹോമയാഗം കഴിച്ചു. അബ്രാഹാം ആ സ്ഥലത്തിനു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പർവതത്തിൽ അവൻ പ്രത്യക്ഷനാകും എന്ന് ഇന്നുവരെയും പറഞ്ഞുവരുന്നു.

ഉൽപത്തി 22:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പിന്നീടൊരു ദിവസം ദൈവം അബ്രഹാമിനെ പരീക്ഷിച്ചു; ദൈവം അദ്ദേഹത്തെ വിളിച്ചു. “ഞാൻ ഇതാ” എന്ന് അദ്ദേഹം വിളി കേട്ടു. ദൈവം അരുളിച്ചെയ്തു: “നീ സ്നേഹിക്കുന്ന നിന്റെ ഏകപുത്രനായ ഇസ്ഹാക്കിനെ കൂട്ടിക്കൊണ്ട് മോറിയാദേശത്തേക്കു പോകുക. അവിടെ ഞാൻ കല്പിക്കുന്ന മലയിൽ ചെന്ന് അവനെ എനിക്കു ഹോമയാഗമായി അർപ്പിക്കുക.” അബ്രഹാം അതിരാവിലെ എഴുന്നേറ്റ് കഴുതയ്‍ക്കു കോപ്പിട്ട് ഒരുക്കി, ഹോമയാഗത്തിനുള്ള വിറക് തയ്യാറാക്കി, ഇസ്ഹാക്കിനെയും രണ്ടു ഭൃത്യന്മാരെയും കൂട്ടിക്കൊണ്ട് ദൈവം കല്പിച്ച സ്ഥലത്തേക്കു പുറപ്പെട്ടു. മൂന്നാം ദിവസം അബ്രഹാം ദൂരത്തായി ആ മല കണ്ടു. അപ്പോൾ അദ്ദേഹം ഭൃത്യന്മാരോടു പറഞ്ഞു: “നിങ്ങൾ ഇവിടെ കഴുതയുമായി കാത്തുനില്‌ക്കുക; ഞാനും ബാലനും ആ മലയിൽ ചെന്ന് ആരാധിച്ചതിനുശേഷം തിരിച്ചുവരാം.” അബ്രഹാം ഹോമയാഗത്തിനുള്ള വിറക് ഇസ്ഹാക്കിന്റെ ചുമലിൽ വച്ചു; തീയും കത്തിയും താൻതന്നെ എടുത്തു; അവർ ഇരുവരും ഒരുമിച്ചു യാത്രയായി. വഴിയിൽവച്ചു ഇസ്ഹാക്ക് അപ്പനോടു ചോദിച്ചു: “അപ്പാ, വിറകും തീയും നാം കൊണ്ടുവന്നിട്ടുണ്ട്; എന്നാൽ ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടി എവിടെ?” അബ്രഹാം പറഞ്ഞു: “മകനേ, ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടിയെ ദൈവം കരുതിക്കൊള്ളും.” അവർ ഒന്നിച്ചു വീണ്ടും യാത്ര തുടർന്നു. ദൈവം കല്പിച്ച സ്ഥലത്ത് അവർ എത്തി. അബ്രഹാം അവിടെ ഒരു യാഗപീഠം ഒരുക്കി; അതിൽ വിറകും അടുക്കിവച്ചു. പിന്നീട് ഇസ്ഹാക്കിനെ ബന്ധിച്ച് യാഗപീഠത്തിന്മേൽ വിറകിനു മീതെ കിടത്തി. അതിനുശേഷം മകനെ കൊല്ലാൻ അബ്രഹാം കത്തിയെടുത്തു. തൽക്ഷണം ഒരു ദൈവദൂതൻ ആകാശത്തുനിന്ന് “അബ്രഹാമേ, അബ്രഹാമേ” എന്നു വിളിച്ചു. “അടിയൻ ഇതാ” അബ്രഹാം മറുപടി പറഞ്ഞു. ദൂതൻ പറഞ്ഞു: “ബാലന്റെമേൽ കൈവയ്‍ക്കരുത്; അവനെ ഒന്നും ചെയ്യരുത്. നിന്റെ ഭക്തി എനിക്കു ബോധ്യമായിരിക്കുന്നു. ഏകപുത്രനെ തരാൻ നീ മടിച്ചില്ലല്ലോ.” അബ്രഹാം ചുറ്റും നോക്കിയപ്പോൾ, കുറ്റിക്കാട്ടിൽ കൊമ്പ് കുരുങ്ങിക്കിടക്കുന്ന ഒരു മുട്ടാടിനെ കണ്ടു; അദ്ദേഹം അതിനെ കൊണ്ടുവന്നു മകനു പകരം ഹോമയാഗമായി അർപ്പിച്ചു. അബ്രഹാം ആ സ്ഥലത്തിനു യാഹ്‍വേയിരെ എന്നു പേരിട്ടു. “സർവേശ്വരന്റെ പർവതത്തിൽ അവിടുന്നു ദർശനം അരുളും എന്ന് ഒരു ചൊല്ല് ഇങ്ങനെയുണ്ടായി.

ഉൽപത്തി 22:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അതിന്‍റെശേഷം ദൈവം അബ്രാഹാമിനെ പരിശോധിച്ചത് എങ്ങനെയെന്നാൽ: “അബ്രാഹാമേ,” എന്നു വിളിച്ചു. അതിന്: “ഞാൻ ഇതാ” എന്നു അവൻ പറഞ്ഞു. അപ്പോൾ അവിടുന്ന്: “നിന്‍റെ മകനെ, നീ സ്നേഹിക്കുന്ന നിന്‍റെ ഏകജാതനായ യിസ്ഹാക്കിനെ തന്നെ കൂട്ടിക്കൊണ്ട് മോറിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോട് കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം അർപ്പിക്ക” എന്നു അരുളിച്ചെയ്തു. അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് കഴുതയ്ക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരിൽ രണ്ടുപേരെയും തന്‍റെ മകൻ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിനു വിറകു കീറി എടുത്തുംകൊണ്ട് പുറപ്പെട്ടു, ദൈവം തന്നോട് കല്പിച്ച സ്ഥലത്തേക്ക് പോയി. മൂന്നാംദിവസം അബ്രാഹാം നോക്കി ദൂരത്തുനിന്ന് ആ സ്ഥലം കണ്ടു. അബ്രാഹാം ബാല്യക്കാരോട്: “നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടെവരെ ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം” എന്നു പറഞ്ഞു. അബ്രാഹാം ഹോമയാഗത്തിനുള്ള വിറക് എടുത്ത് തന്‍റെ മകനായ യിസ്ഹാക്കിന്‍റെ ചുമലിൽ വച്ചു; തീയും കത്തിയും താൻ എടുത്തു; ഇരുവരും ഒന്നിച്ച് നടന്നു. അപ്പോൾ യിസ്ഹാക്ക് തന്‍റെ അപ്പനായ അബ്രാഹാമിനോട്: “അപ്പാ,” എന്നു പറഞ്ഞതിന് അവൻ: “എന്താകുന്നു മകനേ” എന്നു പറഞ്ഞു. “ഇതാ, തീയും വിറകുമുണ്ട്; എന്നാൽ ഹോമയാഗത്തിന് ആട്ടിൻകുട്ടി എവിടെ?“ എന്നു അവൻ ചോദിച്ചു. “ദൈവം അവിടുത്തേക്കു ഹോമയാഗത്തിന് ഒരു ആട്ടിൻകുട്ടിയെ കരുതിക്കൊള്ളും, മകനേ,” എന്നു അബ്രാഹാം പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ച് നടന്നു. ദൈവം കല്പിച്ചിരുന്ന സ്ഥലത്ത് അവർ എത്തി; അവിടെ അബ്രാഹാം ഒരു യാഗപീഠം പണിതു, വിറക് അടുക്കി, തന്‍റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി. പിന്നെ അബ്രാഹാം കൈ നീട്ടി തന്‍റെ മകനെ അറുക്കേണ്ടതിന് കത്തി എടുത്തു. ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്നു: “അബ്രാഹാമേ, അബ്രാഹാമേ,” എന്നു വിളിച്ചു; “ഞാൻ ഇതാ,” എന്നു അവൻ പറഞ്ഞു. “ബാലന്‍റെമേൽ കൈവയ്ക്കരുത്; അവനോട് ഒന്നും ചെയ്യരുത്; നിന്‍റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ട് നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു” എന്നു അവിടുന്ന് അരുളിച്ചെയ്തു. അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ തന്‍റെ പിന്നിൽ ഒരു ആട്ടുകൊറ്റൻ കൊമ്പ് കാട്ടിൽ പിടിപെട്ടു കിടക്കുന്നത് കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്‍റെ മകനു പകരം ഹോമയാഗം കഴിച്ചു. അബ്രാഹാം ആ സ്ഥലത്തിന് യഹോവ യിരേ എന്നു പേരിട്ടു. “യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും” എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു.

ഉൽപത്തി 22:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതിന്റെ ശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാൽ: അബ്രാഹാമേ, എന്നു വിളിച്ചതിന്നു: ഞാൻ ഇതാ എന്നു അവൻ പറഞ്ഞു. അപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരീയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു. അബ്രാഹാം അതികാലത്തു എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരിൽ രണ്ടുപേരെയും തന്റെ മകൻ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിന്നു വിറകു കീറി എടുത്തുംകൊണ്ടു പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച സ്ഥലത്തേക്കു പോയി. മൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തു നിന്നു ആ സ്ഥലം കണ്ടു. അബ്രാഹാം ബാല്യക്കാരോടു: നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞു. അബ്രാഹാം ഹോമയാഗത്തിന്നുള്ള വിറകു എടുത്തു തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽ വെച്ചു; തീയും കത്തിയും താൻ എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു. അപ്പോൾ യിസ്ഹാക്ക് തന്റെ അപ്പനായ അബ്രാഹാമിനോടു: അപ്പാ, എന്നു പറഞ്ഞതിന്നു അവൻ: എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാൽ ഹോമയാഗത്തിന്നു ആട്ടിൻകുട്ടി എവിടെ എന്നു അവൻ ചോദിച്ചു. ദൈവം തനിക്കു ഹോമയാഗത്തിന്നു ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊള്ളും, മകനേ, എന്നു അബ്രാഹാം പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ചു നടന്നു. ദൈവം കല്പിച്ചിരുന്ന സ്ഥലത്തു അവർ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു അടുക്കി, തന്റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി. പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിന്നു കത്തി എടുത്തു. ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്നു: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു അവൻ പറഞ്ഞു. ബാലന്റെ മേൽ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്നു അവൻ അരുളിച്ചെയ്തു. അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ പിമ്പുറത്തു ഒരു ആട്ടുകൊറ്റൻ കൊമ്പു കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകന്നു പകരം ഹോമയാഗം കഴിച്ചു. അബ്രാഹാം ആ സ്ഥലത്തിന്നു യഹോവ യിരേ എന്നു പേരിട്ടു. യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു.

ഉൽപത്തി 22:1-14 സമകാലിക മലയാളവിവർത്തനം (MCV)

കുറെക്കാലം കഴിഞ്ഞു ദൈവം അബ്രാഹാമിനെ പരീക്ഷിച്ചു. അവിടന്ന് അദ്ദേഹത്തെ, “അബ്രാഹാമേ” എന്നു വിളിച്ചു. “ഞാൻ ഇതാ” അദ്ദേഹം ഉത്തരം പറഞ്ഞു. അപ്പോൾ ദൈവം “നിന്റെ മകനെ, നീ സ്നേഹിക്കുന്ന, നിന്റെ ഏകപുത്രനായ യിസ്ഹാക്കിനെ കൂട്ടിക്കൊണ്ട് മോരിയാദേശത്തേക്കു പോകുക. അവിടെ ഞാൻ നിന്നോടു കൽപ്പിക്കുന്ന മലയിൽ അവനെ ഹോമയാഗമായി അർപ്പിക്കുക” എന്ന് അരുളിച്ചെയ്തു. അബ്രാഹാം പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് കഴുതയ്ക്കു കോപ്പിട്ടു. ദാസന്മാരിൽ രണ്ടുപേരെയും തന്റെ മകനായ യിസ്ഹാക്കിനെയുംകൂട്ടി ഹോമയാഗത്തിനുവേണ്ട വിറകും കീറിയെടുത്ത്, ദൈവം തന്നോടു നിർദേശിച്ച സ്ഥലത്തേക്കു യാത്രയായി. മൂന്നാംദിവസം അബ്രാഹാം തലയുയർത്തിനോക്കിയപ്പോൾ ആ സ്ഥലം ദൂരെയായി കണ്ടു. അദ്ദേഹം വേലക്കാരോട്: “ഞാനും ബാലനും ആ സ്ഥലത്തുചെന്ന് ആരാധന നടത്തി തിരിച്ചെത്തുന്നതുവരെ നിങ്ങൾ കഴുതയുമായി ഇവിടെ താമസിക്കുക” എന്നു പറഞ്ഞു. അബ്രാഹാം ഹോമയാഗത്തിനുള്ള വിറക് എടുത്ത് തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽവെച്ചു; താൻതന്നെ തീയും കത്തിയും എടുത്തു. ഇരുവരും ഒരുമിച്ചു നടന്നു. യിസ്ഹാക്ക് തന്റെ പിതാവായ അബ്രാഹാമിനെ “അപ്പാ” എന്നു വിളിച്ചു. “എന്താകുന്നു, മകനേ,” അബ്രാഹാം ചോദിച്ചു. “തീയും വിറകും ഉണ്ട്; എന്നാൽ ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടി എവിടെ?” യിസ്ഹാക്ക് ചോദിച്ചു. അതിന് അബ്രാഹാം: “ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടിയെ ദൈവംതന്നെ കരുതും, മകനേ” എന്ന് ഉത്തരം പറഞ്ഞു. ഇരുവരും ഒരുമിച്ചു മുന്നോട്ടുപോയി. ദൈവം നിർദേശിച്ച സ്ഥലത്തെത്തിയപ്പോൾ അബ്രാഹാം അവിടെ ഒരു യാഗപീഠം ഉണ്ടാക്കി; അതിന്മേൽ വിറകടുക്കി. തന്റെ മകനായ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിനുമീതേ കിടത്തി. പിന്നെ അബ്രാഹാം കൈനീട്ടി തന്റെ മകനെ അറക്കാൻ കത്തിയെടുത്തു. എന്നാൽ യഹോവയുടെ ദൂതൻ ആകാശത്തുനിന്ന്, “അബ്രാഹാമേ, അബ്രാഹാമേ,” എന്നു വിളിച്ചു. “ഞാൻ ഇതാ.” അദ്ദേഹം വിളികേട്ടു. ദൂതൻ അരുളിച്ചെയ്തു: “ബാലന്റെമേൽ കൈവെക്കരുത്. അവന് ഒരു ദോഷവും ചെയ്യരുത്. നിന്റെ മകനെ, നിനക്കുള്ള ഒരേയൊരു മകനെ എനിക്കു തരാൻ മടിക്കാതിരുന്നതുകൊണ്ടു, നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു.” അബ്രാഹാം തലയുയർത്തിനോക്കി; തന്റെ പിന്നിൽ കൊമ്പ് കുറ്റിക്കാട്ടിൽ ഉടക്കിക്കിടക്കുന്ന ഒരു ആട്ടുകൊറ്റനെ കണ്ടു. അബ്രാഹാം ചെന്ന് ആട്ടുകൊറ്റനെ എടുത്ത്, തന്റെ പുത്രനു പകരം ഹോമയാഗം അർപ്പിച്ചു. അബ്രാഹാം ആ സ്ഥലത്തിന് “യഹോവയിരേ” എന്നു പേരിട്ടു. ജനം “യഹോവയുടെ പർവതത്തിൽ അവിടന്ന് കരുതിക്കൊള്ളും” എന്നത് ഒരു പഴഞ്ചൊല്ലായി ഇന്നുവരെയും പറഞ്ഞുപോരുന്നു.