ഉൽപത്തി 6:1-4
ഉൽപത്തി 6:1-4 സമകാലിക മലയാളവിവർത്തനം (MCV)
മനുഷ്യർ ഭൂമിയിൽ പെരുകിത്തുടങ്ങി. അവർക്കു പുത്രിമാരും ജനിച്ചു. ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യവതികൾ എന്നുകണ്ട് തങ്ങൾക്ക് ഇഷ്ടമുള്ളവരെ വിവാഹംചെയ്തു. അപ്പോൾ യഹോവ, “എന്റെ ആത്മാവ് മനുഷ്യനോട് എന്നേക്കും വാദിച്ചുകൊണ്ടിരിക്കുകയില്ല; മനുഷ്യൻ നശ്വരൻ തന്നെയല്ലോ; അവന്റെ ആയുസ്സ് 120 വർഷമാകും” എന്ന് അരുളിച്ചെയ്തു. ഈ കാലഘട്ടത്തിലും ഇതിനുശേഷവും ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു. ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ അറിഞ്ഞു; അവർക്ക് മക്കൾ ജനിച്ചു. ഇവരായിരുന്നു പൗരാണികകാലത്തെ പ്രഖ്യാത പുരുഷന്മാർ എന്നറിയപ്പെട്ട വീരന്മാർ.
ഉൽപത്തി 6:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനുഷ്യൻ ഭൂമിയിൽ പെരുകിത്തുടങ്ങി അവർക്കു പുത്രിമാർ ജനിച്ചപ്പോൾ ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു. അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നെയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്ന് അരുളിച്ചെയ്തു. അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ട് അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർതന്നെ.
ഉൽപത്തി 6:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭൂമിയിൽ മനുഷ്യർ പെരുകുകയും അവർക്കു പുത്രിമാർ ജനിക്കുകയും ചെയ്തു. ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ സൗന്ദര്യവതികളായി കണ്ടു തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ ഭാര്യമാരായി സ്വീകരിച്ചു. അപ്പോൾ സർവേശ്വരൻ പറഞ്ഞു: “എന്റെ ആത്മാവ് സദാകാലവും മനുഷ്യരിൽ വസിക്കുകയില്ല. അവർ മരിച്ചുപോകുന്നവരാണ്. അവരുടെ ആയുഷ്കാലം നൂറ്റിഇരുപതുവർഷമായിരിക്കും.” ദൈവപുത്രന്മാർ മനുഷ്യപുത്രിമാരുമായി സംഗമിച്ച് അവർക്കു പുത്രന്മാർ ജനിച്ചു. അങ്ങനെ അക്കാലത്തും അതിനുശേഷവും ഭൂമിയിൽ മല്ലന്മാർ ഉണ്ടായി. ഇവരായിരുന്നു പുരാതനകാലത്തെ കീർത്തികേട്ട വീരന്മാർ.
ഉൽപത്തി 6:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മനുഷ്യർ ഭൂമിയിൽ പെരുകാൻ തുടങ്ങുകയും അവർക്ക് പുത്രിമാർ ജനിക്കുകയും ചെയ്തപ്പോൾ മനുഷ്യരുടെ പുത്രിമാർ സൗന്ദര്യമുള്ളവരെന്ന് ദൈവത്തിന്‍റെ പുത്രന്മാർ കണ്ടിട്ട് തങ്ങൾക്ക് ഇഷ്ടപ്പെട്ട ഏവരെയും ഭാര്യമാരായി സ്വീകരിച്ചു. അപ്പോൾ യഹോവ: “മനുഷ്യനിൽ എന്‍റെ ആത്മാവ് എന്നേക്കും വാദിച്ചുകൊണ്ടിരിക്കുകയില്ല; അവൻ ജഡം തന്നെയല്ലോ; എങ്കിലും അവന്‍റെ ആയുസ്സ് നൂറ്റിയിരുപത് (120) വർഷമാകും” എന്നു അരുളിച്ചെയ്തു. അക്കാലത്ത് ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ട് അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, അവർ പ്രശസ്തരായ പുരുഷന്മാർ തന്നെ.
ഉൽപത്തി 6:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മനുഷ്യർ ഭൂമിയിൽ പെരുകിത്തുടങ്ങി. അവർക്കു പുത്രിമാർ ജനിച്ചപ്പോൾ ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു. അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു. അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ.