എബ്രായർ 10:26-29

എബ്രായർ 10:26-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളൂ. മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവനു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴി കേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ. ദൈവപുത്രനെ ചവിട്ടിക്കളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷയ്ക്കു പാത്രമാകും എന്ന് വിചാരിപ്പിൻ.

എബ്രായർ 10:26-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സത്യത്തെക്കുറിച്ചുള്ള അറിവു നമുക്കു ലഭിച്ചശേഷവും നാം മനഃപൂർവം പാപം ചെയ്തുകൊണ്ടിരുന്നാൽ പാപപരിഹാരാർഥമുള്ള ഒരു ബലിയും ഇനി അവശേഷിച്ചിട്ടില്ല. മറിച്ച്, വരുവാനുള്ള ന്യായവിധിയെയും ദൈവത്തെ എതിർക്കുന്നവരെ നിശ്ശേഷം നശിപ്പിക്കുന്ന ഭയാനകമായ അഗ്നിയെയും നേരിടേണ്ടിവരും. മോശയുടെ നിയമം ലംഘിക്കുന്ന ഏതൊരുവനെയും, രണ്ടോ മൂന്നോ സാക്ഷികൾ നല്‌കുന്ന തെളിവിന്മേൽ നിഷ്കരുണം വധശിക്ഷയ്‍ക്കു വിധിക്കുന്നു. അങ്ങനെയെങ്കിൽ, ദൈവപുത്രനെ നിന്ദിച്ചു തള്ളിക്കളയുകയും, പാപത്തിൽനിന്നു മനുഷ്യനെ ശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തം നിസ്സാരമായി എണ്ണുകയും കൃപയുടെ ആത്മാവിനെ അധിക്ഷേപിക്കുകയും ചെയ്യുന്നവന് അർഹിക്കുന്ന ശിക്ഷ എത്ര ഭയങ്കരമായിരിക്കുമെന്ന് ഓർത്തുനോക്കുക.

എബ്രായർ 10:26-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

സത്യത്തിന്‍റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപം ചെയ്താൽ പാപപരിഹാരത്തിന് വേണ്ടി ഇനി ഒരു യാഗവും അവശേഷിക്കുന്നില്ല. മറിച്ച് ഭയങ്കരമായ ന്യായവിധിയേയും ദൈവത്തെ എതിർക്കുന്നവരെ ദഹിപ്പിക്കുവാനുള്ള ക്രോധാഗ്നിയേയും ആകുന്നു നേരിടേണ്ടി വരിക. മോശെയുടെ ന്യായപ്രമാണം ലംഘിക്കുന്നവന് കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ മരണശിക്ഷ കല്പിക്കുന്നുവല്ലോ. ദൈവപുത്രനെ ചവിട്ടിക്കളയുകയും തന്നെ വിശുദ്ധീകരിച്ച നിയമ രക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷയ്ക്ക് പാത്രമാകും എന്നു നിങ്ങൾ ചിന്തിച്ചു നോക്കുവിൻ.

എബ്രായർ 10:26-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു. മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ. ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ.

എബ്രായർ 10:26-29 സമകാലിക മലയാളവിവർത്തനം (MCV)

സത്യം വ്യക്തമായി ഗ്രഹിച്ചതിനുശേഷം, നാം മനഃപൂർവം പാപംചെയ്താൽ ന്യായവിധിയുടെ ഭയാനകമായ സാധ്യതകളും ശത്രുക്കളെ ദഹിപ്പിക്കാനുള്ള ക്രോധാഗ്നിയുമല്ലാതെ, പാപനിവാരണത്തിനുവേണ്ടി ഇനി ഒരു യാഗവും അവശേഷിക്കുന്നില്ല. മോശയുടെ ന്യായപ്രമാണം നിരാകരിക്കുന്നയാൾ യാതൊരു കരുണയും ലഭിക്കാതെ രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയാൽ മരണശിക്ഷ ഏൽക്കുന്നു. അങ്ങനെയെങ്കിൽ ദൈവപുത്രനെ ചവിട്ടിക്കളയുകയും പാപിയായ തന്നെ വിശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തത്തെ അശുദ്ധമെന്നു കരുതുകയും കൃപയുടെ ആത്മാവിനെ നിന്ദിക്കുകയുംചെയ്തയാൾ എത്ര കഠിനതരമായ ശിക്ഷയ്ക്കു പാത്രമാകും എന്നുള്ളത് ഒന്ന് ചിന്തിച്ചുനോക്കുക.